Image

മുത്തലാഖ്‌ നിരോധിക്കണമെന്ന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി; വിധി പറയുന്നത്‌ പിന്നീട്‌

Published on 18 May, 2017
മുത്തലാഖ്‌ നിരോധിക്കണമെന്ന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി; വിധി പറയുന്നത്‌ പിന്നീട്‌


ന്യൂ ഡല്‍ഹി: മുത്തലാഖ്‌ നിരോധിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‌ മുമ്പാകെയുള്ള വാദം പൂര്‍ത്തിയായി. കേസില്‍ വിധിപറയുന്നത്‌ ചീഫ്‌ ജസ്റ്റിസ്‌ ജെഎസ്‌ ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച്‌ മാറ്റിവെച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‌ മുമ്പാകെ ഹര്‍ജിക്കാരും കേന്ദ്രസര്‍ക്കാരും മുസ്ലീം വ്യക്തി നിയമ ബോര്‍ഡും നിലപാട്‌ വ്യക്തമാക്കി. 

വാദത്തിനിടയില്‍ കോടതി പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന്‌ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്‌ പറയുകയും ചെയ്‌തു.

15 വര്‍ഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തപ്പെട്ട സൈറാ ബാനു, 2016ല്‍ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീന്‍ റഹ്മാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍നിന്ന്‌ ഫോണിലൂടെ ഭര്‍ത്താവ്‌ മൊഴി ചെല്ലിയ ഇഷ്‌റത്‌ ജഹാന്‍, സ്‌പീഡ്‌ പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നിവരാണു മുത്തലാഖും ബഹുഭാര്യാത്വവും നിക്കാഹ്‌ ഹലാലയും നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. 

ഇതില്‍ മുത്തലാഖ്‌ വിഷയത്തിലാണ്‌ കോടതി കേസ്‌ പരിഗണിക്കുന്നതെന്നും ബഹുഭാര്യാത്വവും നിക്കാഹ്‌ ഹലാലയും പരിഗണനയില്‍ ഇല്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
മുത്തലാഖ്‌ അംഗീകരിക്കാതിരിക്കാന്‍ സ്‌ത്രീകള്‍ക്ക്‌ പ്രത്യേക അവകാശം നല്‍കിക്കൂടേയെന്ന്‌ മുസ്ലീം വ്യക്തി നിയമബോര്‍ഡിനോട്‌ സുപ്രീം കോടതി ചോദിച്ചിരുന്നു. വിവാഹകരാറില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും വാദത്തിനിടയില്‍ സുപ്രീം കോടതി മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനോട്‌ നിര്‍ദേശിച്ചു.


 മുത്തലാഖ്‌ സംബന്ധിച്ച്‌ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും നിര്‍ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌ നടപടിയെടുക്കാമെന്നും ബോര്‍ഡ്‌ കോടതിയില്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക