Image

യുവതി കോടതിയില്‍ മാതാവിനെതിരായി മൊഴി നല്‍കി

Published on 21 May, 2017
യുവതി കോടതിയില്‍ മാതാവിനെതിരായി മൊഴി നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പൊലീസിന് നല്‍കിയ മൊഴി യുവതി കോടതിയില്‍ തിരുത്തി. മുറിയില്‍ ഉണ്ടായിരുന്ന കത്തി കാട്ടിയാണ് സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഇതിനിടയില്‍ താന്‍ കത്തി പിടിച്ചു വാങ്ങി ലിഗം മുറിച്ചു മാറ്റുകയായിരുന്നുവെന്നും യുവതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കി.

നേരത്തെ, താന്‍ കൈയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് സ്വാമിയുടെ ലിംഗം ഛേദിച്ചുവെന്നാണ് യുവതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്.

മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പൊലീസിനോട് പറയാന്‍ വൈമന്യസം കാട്ടിയ യുവതി കോടതിയില്‍ മാതാവിനെതിരായി മൊഴി നല്‍കുകയും ചെയ്തു. സംഭവത്തില്‍ മാതാവിന് പങ്കുളളതായി സംശയിക്കുന്നുവെന്നാണ് യുവതി നല്‍കിയ മൊഴി. ഇതിനെ തുടര്‍ന്ന് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

സ്വാമി വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് ഒന്നും പറയാത്തത്. സംഭവദിവസം തന്റെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തളളിയത്. നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതോടെ ജീവന്‍ രക്ഷാര്‍ത്ഥവും പീഡനം സഹിക്കവയ്യാതെയും സ്വാമിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുത്ത് ലിംഗം ഛേദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

പെണ്‍കുട്ടിക്കെതിരെ കേസെടുത്തുവെന്നത് അടിസ്ഥാനരഹിതമെന്ന് ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കി. അതിക്രമം നടന്നപ്പോള്‍ പ്രതികരിക്കുക മാത്രമാണ് പെണ്‍കുട്ടി ചെയ്തത്. പ്രതിരോധിച്ചതിന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാമിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചുവെന്നാണ് മൊഴി. സ്വാമിയ്‌ക്കെതിരായ ബലാത്സംഗ കേസിനൊപ്പം ഇക്കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 324ആം വകുപ്പ് പ്രകാരം പെണ്‍കുട്ടിക്കെതിരെ കേസെടുത്തുവെന്നാണ് നേരത്തേ പുറത്ത് വന്ന വാര്‍ത്തകള്‍. സ്വാമിയുടെ പരുക്കിനെ കുറിച്ച് മെഡിക്കല്‍ കോളേജ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസെടുത്തതെന്നും കേസെടുത്തത് സ്വാഭാവികമായ നടപടിയാണെന്നും പെറ്റി കേസാണ് രജിസ്റ്റര്‍ ചെയ്തതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

പെണ്‍കുട്ടി ചെയ്തത് ഉദാത്തമായ പ്രവൃത്തിയാണെന്നും പെണ്‍കുട്ടിയെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ലിംഗം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍ എംപി. പെണ്‍കുട്ടിയുടെ നടപടിയെ എല്ലാവരും പ്രശംസിക്കുന്നതിനിടെയാണ് പെണ്‍കുട്ടി ചെയ്തത് ശരിയായില്ലെന്ന് വ്യക്തമാക്കി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. 

സിഎന്‍എന്‍ ഐബിഎന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടി ചെയ്തത് നിയമം കൈയ്യിലെടുക്കലാണെന്നാണ് തരൂര്‍ പറയുന്നത്

ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗം ഛേദിക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നെന്ന് തരൂര്‍ പറഞ്ഞു.
`എല്ലാവരെയും പോലെ എനിക്കും ആ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമ്മുക്ക് വേണ്ടത്. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് ഒരു നല്ല പ്രവണതയാണോ?' തരൂര്‍ ചോദിക്കുന്നു.

യുവതിക്ക് പിന്തുണയര്‍പ്പിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. യുവതി നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കിയത് ഒരു സന്ദേശമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. നിന്നെ സംരക്ഷിക്കാന്‍ നീ ആയുധമെടുക്കൂ എന്നാണത്.

ലിംഗം ഛേദിച്ച പെണ്‍കുട്ടിയെ ചിലര്‍ വിചാരണ ചെയ്യുകയാണ്. ഇത്രയും കാലം മിണ്ടാതിരുന്നത് എന്താണെന്നും പൊലീസിലും വനിതാകമ്മീഷനിലും പറയാമായിരുന്നില്ലേ എന്നുമുള്ള ചോദ്യശരങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നുകയാണ്. മേല്‍ പറഞ്ഞ രീതിയിലെല്ലാം ചെയ്ത പെണ്‍കുട്ടികളുടെ കേസുകളുടെ അവസ്ഥയെന്താണെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്വാമി എന്ന പദം ഞാന്‍ ഉപയോഗിക്കുന്നില്ല.

ആ വൃത്തികെട്ടവന്റെ ലിംഗം ഛേദിച്ച ആ പെണ്‍കുട്ടിയെ ഫേസ് ബുക്കിലൂടെ ചിലര്‍ വിചാരണ ചെയ്യുന്നു ..

ഇത്രയും കാലം മിണ്ടാതിരുന്നതെന്താ,?
വീട്ടില്‍ താമസിപ്പിച്ചതെന്തിനാ,?
ഇന്ന് ചെയ്തത് അന്നേ ചെയ്തു കൂടായിരുന്നോ,?
വീട്ടില്‍ പറയാത്തതെന്താ,?
സുഹൃത്തുക്കളോട് പറയാമായിരുന്നില്ലേ,?
പോലീസില്‍ പറയാമായിരുന്നില്ലേ,?
വനിതാ കമ്മിഷനില്‍ പറയാമായിരുന്നില്ലേ?
ഹൊ എന്തൊക്കെ ചോദ്യ ശരങ്ങളാണ്.

വല്ലാതെ സങ്കടം തോന്നുന്നു...എന്താണീ മനുഷ്യരിങ്ങനെ?.നിങ്ങള്‍ പറഞ്ഞ രീതിയിലെല്ലാം ചെയ്ത പെണ്‍കുട്ടികളുടെ കേസുകളുടെ ഇന്നത്തെ അവസ്ഥയെന്താണ്? ഇപ്പോഴും തലയില്‍ തുണിയുമിട്ട് തെളിവുകള്‍ക്കായി തെക്കോട്ടും വടക്കോട്ടും നെട്ടോട്ടമോടുന്നു..ചിലര്‍ മരണപ്പെടുന്നു അല്ലെങ്കില്‍ കൊല്ലുന്നു.
കുറ്റവാളികളോ?

അട്ടഹാസച്ചിരിയോടെ അത് കണ്ട് രസിക്കുന്നു.
സമൂഹമോ? സഹതപിക്കുന്നു..
സൂര്യനെല്ലി പെണ്‍കുട്ടിയോട് കോടതിയും നമ്മളും ചോദിച്ചു നിനക്ക് ഓടി രക്ഷപ്പെടാമായിരുന്നില്ലേ എന്ന്.
ഡെല്‍ഹി പെണ്‍കുട്ടിയോട് ചോദിച്ചു എന്തിന് രാത്രി കറങ്ങി നടന്നു എന്ന്

സൗമ്യയോട് ഒറ്റക്ക് ട്രെയിനില്‍ ഇരുന്നതെന്തിനെന്ന് ചോദിച്ചു
ജിഷ അഹങ്കാരിയായിരുന്നു.
ഇതെല്ലാം ബലാത്സംഗം ചെയ്യാനുളള കാരണവും ലൈസന്‍സുമാണോ?

കഷ്ടം...ഇതിങ്ങനെ കാലാകാലം ആവര്‍ത്തിച്ച് കാണാനാണ് നിയമത്തിനും സമൂഹത്തിനും താല്പര്യം..ഞങ്ങള്‍ നിന്നെ സംരക്ഷിക്കില്ല നീയും നിന്നെ സംരക്ഷിക്കണ്ട എന്നാണോ?

ഒരു പെണ്‍കുട്ടി വെല്ലു വിളിച്ചിരിക്കുകയാണ്
സ്വന്തം മാതാപിതാക്കളോട്,
നിയമ സംവിധാനങ്ങളോട്
സമൂഹത്തോട്..ഈ പറഞ്ഞ രീതിയിലെല്ലാം ഞാന്‍ ചെയ്തിരുന്നെങ്കില്‍?

എനിക്ക് നീതി കിട്ടുമെന്ന് ഉറപ്പു കൊടുക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമായിരുന്നോ എന്ന്.
അവളോട് കാണിച്ചുകൊണ്ടിരുന്ന ഈ അതിക്രമത്തിന് മാനസികമായും ശാരീരികമായും
തയാറെടുക്കാന്‍ അവള്‍ക്കിത്രയും കാലം വേണ്ടിവന്നു. അവള്‍ക്ക് തോന്നിയിരിക്കാം
പോയി പറയാനൊരിടമില്ല,പറഞ്ഞിട്ട് കാര്യവുമില്ല.
എന്റെ കോടതിയില്‍ ഞാന്‍ വിധി നടപ്പാക്കുന്നു.

എന്റെ പ്രായത്തിന്റെ, ശരീരത്തിന്റെ, സമൂഹത്തിന്റെ നിസ്സഹായാവസ്ഥ മുതലെടുത്തുകൊണ്ട്, നിയമത്തിന്റെ പഴുതുകള്‍
ഉപയോഗിച്ചുകൊണ്ട് എന്റെ ശരീരത്തെ ചൂഷണം ചെയ്യുന്നവന് ഞാന്‍ ശിക്ഷ നല്‍കുന്നു.
അവിടെ ജനാധിപത്യമില്ല,വിചാരണയില്ല.
എന്റെ സുരക്ഷിതത്വം എന്റെ കൈയിലാണ് എന്ന വിധിയേയുളളു..

നമ്മുടെ നിയമത്തിന്റെ മുമ്പില്‍ ആളൂരിനെപ്പോലെ ഒരു വക്കീലിന്റെ വാദത്തില്‍ നാളെ അവള്‍ക്ക് ശിക്ഷ കിട്ടിയാലും അവള്‍ തളരില്ല. കാരണം അവനെ ലിംഗഛേദം ചെയ്യാതെ
വെറുമൊരു ബലാത്സംഗ കേസായിരുന്നെങ്കില്‍ വിചാരണയുടെ പേരില്‍ അവളെ അപമാനിച്ച് ശിക്ഷിക്കുന്നതിലും എത്രയോ അഭിമാനമുണ്ട് ഈ ശിക്ഷയില്‍..ഇനിയൊരു പെണ്ണിനെ തൊടാന്‍ അവന് ധൈര്യമുണ്ടോ.?
അതവള്‍ക്കറിയാം..

അതിനായിരിക്കാം ആ പെണ്‍കുട്ടി നിയമത്തില്‍
ബിരുദമെടുക്കുന്നത്.. പ്രായ വിത്യാസമില്ലാതെ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗം എന്തുകൊണ്ടാണ് സംഭവിക്കുന്നത്?.

ഇന്നവള്‍ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കിയ ഒരു സന്ദേശമുണ്ട്,
നിന്നെ സംരക്ഷിക്കാന്‍ നീ ആയുധമെടുക്കൂ എന്ന്.
ഈയസ്ഥയിലേക്ക് നാളെ സ്ത്രീ സമൂഹമെത്തിയാല്‍ ഇതാവര്‍ത്തിച്ചാല്‍ അതിന് കുറ്റക്കാര്‍ ആരാണെന്ന് നമ്മള്‍ സ്വയം ചിന്തിക്കണം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക