Image

നന്മയുടെ നേരറിവുകളിലൂടെ മാര്‍ ക്രിസോസ്റ്റം

സജി പുല്ലാട് Published on 21 May, 2017
നന്മയുടെ നേരറിവുകളിലൂടെ മാര്‍ ക്രിസോസ്റ്റം
തിരുവല്ല: പമ്പയുടെ കൈവഴിയായ വരട്ടാറിന്റെ പുനരുജ്ജീവനത്തിലൂടെ മണ്‍മറഞ്ഞുപോകുന്ന നന്മകള്‍ നാട്ടില്‍ വീണ്ടും ഉണരുകയാണെന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഓതറയില്‍ വച്ചു നടന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് മെത്രാപ്പോലീത്ത മനസ്സു തുറന്നത്.

ഓതറ ഇക്കോ സ്പിരിച്വാലിറ്റി സെന്ററില്‍ കാഴ്ച ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

മെത്രാപ്പോലീത്തയുടെ ബാല്യകാല അനുഭവങ്ങള്‍ ചേര്‍ത്ത് ഓതറ സ്വദേശിയും നോവലിസ്റ്റുമായ ഇ.വി. റെജിയാണ് "എന്റെ ബാല്യകാല സ്മരണകള്‍' എന്ന കൃതി രചിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ ബ്ലെസിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചു.

റവ. തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാമി സത് സ്വരൂപാനന്ദ മുഖ്യ പ്രഭാഷണം നടത്തി. സിനിമ സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദ്, പ്രൊഫ. മാമ്മന്‍ ജോര്‍ജ്, സുകു, ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍ രാജീവ്, പ്രൊഫ. എം.വി.എസ് നമ്പൂതിരി, ടി.ടി. വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, നോവലിസ്റ്റ് ഇ.വി. റെജി, ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

കാഴ്ച ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ സ്‌നേഹോപഹാരം സി.വി. ബാലകൃഷ്ണന്‍ വലിയ മെത്രാപ്പോലീത്തയ്ക്ക് നല്‍കി.

നാം സമൂഹത്തില്‍ നന്മയുള്ളവരാകുകയും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും വേണം. മറ്റുള്ളവരുടെ ആവശ്യം എന്റേയും ആവശ്യമായും, മറ്റുള്ളവന്റെ വളര്‍ച്ച എന്റേയും വളര്‍ച്ചയായും കാണാന്‍ നമുക്ക് കഴിയണമെന്നും മാര്‍ ക്രിസോസ്റ്റം ഉദ്‌ബോധിപ്പിച്ചു.
ഡി.സി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
നന്മയുടെ നേരറിവുകളിലൂടെ മാര്‍ ക്രിസോസ്റ്റംനന്മയുടെ നേരറിവുകളിലൂടെ മാര്‍ ക്രിസോസ്റ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക