Image

ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനത്തില്‍ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. എ.ജയശങ്കര്‍

Published on 22 May, 2017
ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനത്തില്‍ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. എ.ജയശങ്കര്‍

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസിന്റെ സര്‍വീസ് സ്‌റ്റോറി പ്രകാശിപ്പിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി വീരോചിതമായി പിന്മാറി. സര്‍വീസിലുളള ഉദ്യോഗസ്ഥന്‍ സര്‍വീസ് സ്‌റ്റോറി എഴുതുന്നത് സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്ന് സത്യത്തില്‍ വിജയേട്ടന് അറിയില്ലായിരുന്നു. ഉപദേഷ്ടാക്കള്‍ക്കു പതിവിന്‍പടി വീഴ്ച പറ്റി. അങ്ങനെ പുസ്തകം പ്രകാശിപ്പിക്കാമെന്ന് സമ്മതിച്ചു.

അപ്പോഴേക്കും മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ ഉണര്‍ന്നു, പ്രതിപക്ഷം ഉഷാറായി. വാര്‍ത്തയായി, ചര്‍ച്ചയായി, പുകിലായി, പുക്കാറായി. കെസി ജോസഫിന്റെ പരാതി കൂടി കിട്ടിയപ്പോള്‍ വിജയനു വിവേകമുദിച്ചു, പ്രകാശന ചടങ്ങ് വേണ്ടെന്നുവച്ചു.
മുഖ്യന്റെ കയ്യില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങാന്‍ ഇടമലക്കുടിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ പഞ്ചായത്തു പ്രസിഡന്റ് മാനത്തെറിഞ്ഞ വടി പോലെ മടങ്ങിപ്പോയി.

പ്രകാശിപ്പിക്കുന്നവന്‍ എന്ന വാക്കിന് പ്രകാശം പരത്തുന്നവന്‍ അഥവാ ശുംഭന്‍ എന്നൊരു അര്‍ഥം ശബ്ദതാരാവലിയില്‍ കാണുന്നുണ്ട്. സംശയമുളളവര്‍ സ.എംവി ജയരാജനോടു ചോദിച്ചാല്‍ മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക