Image

പ്രവാസി മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം : ഉമ്മന്‍ചാണ്ടി

Published on 22 May, 2017
പ്രവാസി മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം : ഉമ്മന്‍ചാണ്ടി


      ദമാം : പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ അധിക്യതരുടേയും സംഘടനകളുടേയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ പ്രവാസി മാധ്യമ പ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദമാം മീഡിയ ഫോറത്തിന്റെ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു പൊതുസമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രവാസി വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തി കാണിക്കുന്‌പോള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണ്ണ മനസ്സോടെ സ്വീകരിച്ച് നടപടികള്‍ കൈകൊള്ളാന്‍ തയ്യാറകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യക്കാരോട് സൗദി ഭരണകൂടം കാണിക്കുന്ന താല്‍പര്യം വളരെ വലുതാണെന്ന് റിയാദിലെ ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടു. ഇന്ത്യക്കാര്‍ക്ക് മാത്രമായി പ്രത്യേകം സെല്‍ തന്നെ അവിടെ ക്രമീകരിക്കുകയും നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവിടെയുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാരോട് കാണിക്കുന്ന പ്രത്യേക താല്‍പര്യം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. 

ദമാം മീഡിയ ഫോറത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാധ്യമ സംഘടനകള്‍ക്ക് മാത്യകാപരമാണ്. മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം മേഖലകളില്‍ കൂടുതല്‍ തിളക്കത്തോടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ ദമാം മീഡിയ ഫോറത്തിന് സാധിക്കട്ടെയെന്ന് ഉമ്മന്‍ചാണ്ടി ആശംസിച്ചു. ദമാം മീഡിയ ഫോറത്തിന്റെ ഓഫീസ് സജീകരിക്കുന്നതിന് സഹകരണം നല്‍കിയ ബദര്‍ അല്‍ റാബി മെഡിക്കല്‍ സെന്റര്‍ എം.ഡി അഹ്മദ് പുളിക്കലിന് മീഡിയ ഫോറത്തിന്റെ ഉപഹാരം ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. മീഡിയ ഫോറം പ്രസിഡന്റ് ഹബീബ് ഏലംകുളം അധ്യക്ഷനായിരുന്നു.

മുന്‍ പ്രവാസി കാര്യ വകുപ്പ് മന്ത്രി കെ.സി. ജോസഫ് ആശംസകള്‍ നേര്‍ന്നു. വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അറിവുകളും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന വിഷയങ്ങളും സര്‍ക്കാരുകള്‍ നിരസിക്കുന്നത് ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ചേര്‍ന്നതല്ലെന്ന് കെ.സി ജോസഫ് പറഞ്ഞു. താന്‍ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയത വേളയില്‍ ഇവിടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ വിവരങ്ങളും നിര്‍ദ്ദേശങ്ങളും പ്രയോജനം ചെയ്തിരുന്നതായി കെ.സി.ജോസഫ് പറഞ്ഞു. ദമാമിലെ മാധ്യമ പ്രവര്‍ത്തകരായ ഹബീബ് ഏലംകുളം, അനില്‍ കുറിച്ചിമുട്ടം, അഷ്‌റഫ് ആളത്ത്, സാജിദ് ആറാട്ടുപുഴ, പി.ടി. അലവി, മുജീബ് കളത്തില്‍, അര്‍ഷദ് വാണിയന്പലം, ചെറിയാന്‍ കിടങ്ങന്നൂര്‍ എന്നിവരെ സദസ്സിന് പരിചയപ്പെടുത്തി. സാന്ദ്ര ഡിക്‌സണ്‍ ദേശഭക്തിഗാനം ആലപിച്ചു. സാജിദ് ആറാട്ടുപുഴ അവതാരകനായിരുന്നു. മീഡിയ ഫോറം ജനറല്‍ സെക്രട്ടറി അനില്‍ കുറിച്ചിമുട്ടം സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ രാഷ്ട്രീയ സാമൂഹിക സംസ്‌ക്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക