Image

ഹൈടെക് മോഷണ കേസ്: ബണ്ടി ചോറിന് 10 വര്‍ഷം തടവ്

Published on 22 May, 2017
ഹൈടെക് മോഷണ കേസ്: ബണ്ടി ചോറിന് 10 വര്‍ഷം തടവ്

തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോറിന് പത്ത് വര്‍ഷം കഠിന തടവും, 20,000 രൂപ പിഴയും. വിദേശമലയാളി വേണുഗോപാലന്‍ നായരുടെ മുട്ടട മരപ്പാലത്തെ അതീവ സുരക്ഷയുള്ള വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.കൃഷ്ണ കുമാര്‍ ശിക്ഷ വിധിച്ചത്. മോഷണം, മോഷണമുതല്‍ കൈയ്യവശം സൂക്ഷിക്കല്‍, ഭവനഭേദനം  എന്നീ വകുപ്പുകളിലാണ് ശിക്ഷ. 2013 ജനുവരി 21ന് വീട്ടില്‍ മോഷണം നടത്തി കാറുമായി മുങ്ങിയ ബണ്ടിചോറിനെ അതിസാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

നേരത്തെ ശിക്ഷിക്കപ്പെട്ട ആളായതിനാല്‍ ശിക്ഷ ഉയര്‍ത്താനുള്ള പുതിയ വകുപ്പ് ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം ഇന്നലെ കോടതിയില്‍ വായിച്ചു. ഇതില്‍  മുന്‍കാല ശിക്ഷാ വിവരങ്ങളും ഉള്‍പ്പെടുത്തി. സമാനമായ കേസുകളില്‍ ശിക്ഷ ലഭിച്ചിരുന്നുവെന്ന് ബണ്ടിചോര്‍ കുറ്റസമതവും നടത്തി. ഹിന്ദി ഭാഷ സംസാരിക്കുന്ന ബണ്ടിയെ കോടതി നിര്‍ദേശ പ്രകാരം ഹാജരായ ദ്വിഭാഷിയാണ് പുതിയ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്.

ബണ്ടിയെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ച് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിച്ചില്ല. കൊടും കുറ്റവാളികള്‍ക്ക് പോലും ഇന്ത്യയിലെ ഏതു കോടതിയും ഒരവസരം നല്‍കുമെന്നും ഇത് തന്റെ പ്രതിക്കും നല്‍കണമെന്നും, ഒന്നും മോഷ്ടിച്ചിട്ടില്ലന്നും ബണ്ടി ചോറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹൈടെക് സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ ക്യാമറകളും തകര്‍ത്താണ് ബണ്ടി തലസ്ഥാനത്ത് മോഷണം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക