Image

തന്നെ കെട്ടിയിട്ട്‌ പ്രദര്‍ശിപ്പിച്ച സൈനിക മേധാവിക്ക്‌ബഹുമതി നല്‍കി ആദരിച്ച നടപടിക്കെതിരെ ഫറൂഖ്‌ ദാര്‍

Published on 23 May, 2017
 തന്നെ  കെട്ടിയിട്ട്‌ പ്രദര്‍ശിപ്പിച്ച സൈനിക മേധാവിക്ക്‌ബഹുമതി നല്‍കി ആദരിച്ച നടപടിക്കെതിരെ ഫറൂഖ്‌ ദാര്‍


ശ്രീനഗര്‍: ജീപ്പിന്‌ മുന്നില്‍ കെട്ടിയിട്ട സൈനിക മേധാവിക്ക്‌ ബഹുമതി നല്‍കിയ നടപടിക്കെതിരെ സംഭവത്തിനിരയായ ഫറൂഖ്‌ അഹമ്മദ്‌ ദാര്‍. പ്രതിഷേധക്കാരില്‍ നിന്നും രക്ഷനേടാന്‍ തന്നെ ജീപ്പിന്‌ മുന്നില്‍ കെട്ടിയിടാന്‍ ഉത്തരവിട്ട സൈനിക മേധാവിയെ ആദരിക്കുന്നതാണ്‌ ഇന്ത്യന്‍ നിയമമെങ്കില്‍ തനിക്ക്‌ ഒന്നും പറയാനില്ല. കെട്ടിയിട്ട്‌ പ്രദര്‍ശിപ്പിക്കാന്‍ താന്‍ പോത്തോ കാളയോ ആണോയെന്നും ഫാറൂഖ്‌ ചോദിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ്‌ ഫാറൂഖിന്റെ പ്രതികരണം

'എന്നെ കെട്ടിയിട്ടത്‌ ഇന്ത്യന്‍ നിയമത്തിന്‌ മുമ്പാകെ ശരിയാണെങ്കില്‍ എനിക്ക്‌ എന്ത്‌ പറയാനാവും. മേജര്‍ നിതിന്‍ ഗൊഗെയിയെ ആദരിക്കാന്‍ തീരുമാനിച്ചവരെ കമ്പും വടിയും എടുത്ത്‌ നേരിടാന്‍ എനിക്ക്‌ പറ്റില്ല. ആകെ എനിക്ക്‌ ചോദിക്കാനുള്ളത്‌ ജീപ്പിന്‌ മുന്നില്‍ കെട്ടിയിട്ട്‌ പ്രദര്‍ശിപ്പിക്കാന്‍ ഞാനൊരു പോത്തോ കാളയോ മറ്റോ ആണോ. 

അന്നത്തെ സംഭവത്തിന്‌ ശേഷം എന്റെ ദേഹം ഇപ്പോഴും വേദനിക്കുകയാണ്‌. ഒരാളെയും കൂടെ കൂട്ടിയാണ്‌ ഞാന്‍ വീട്ടിന്‌ പുറത്തേക്കിറങ്ങുന്നത്‌. ഒരിക്കലും ഞാന്‍ ഇനി വോട്ട്‌ ചെയ്യില്ല. തെരഞ്ഞെടുപ്പ്‌ ദിവസം വീടിന്‌ പുറത്തേക്ക്‌ പോലും ഇറങ്ങില്ല.'

മനുഷ്യകവചം തീര്‍ത്ത സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയാണ്‌ ഗൊഗോയിക്ക്‌ കരസേന മേധാവി ബിപിന്‍ റാവത്ത്‌ പ്രശംസപത്രം നല്‍കിയത്‌. എന്നാല്‍ യുവാവിനെ കെട്ടിയിട്ടതിനല്ല മേജറിനെ ആദരിക്കുന്നതെന്ന്‌ സൈനിക വക്താവ്‌ അറിയിച്ചു.

മനുഷ്യ കവചം തീര്‍ത്ത സംഭവത്തില്‍ ഇദ്ദേഹത്തിന്‌ എതിരെ അന്വേഷണം നടക്കുന്നുണ്ട്‌. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ സംഭവം പരിശോധിക്കാന്‍ തയാറായത്‌. മുഖ്യമന്ത്രി മെഹബൂബ മഫ്‌തി പൊലീസിനോട്‌ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സൈന്യവും ആഭ്യന്തര അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു.

ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. ഫാറൂഖ്‌ ദര്‍നെ 53 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികര്‍ ജീപ്പിന്‌ മുന്നില്‍ കെട്ടിയിട്ടത്‌. ഫാറൂഖുമായി 12 ഓളം ഗ്രാമങ്ങളില്‍ സൈന്യം റോന്ത്‌ ചുറ്റിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ വെറും നൂറു മീറ്റര്‍മാത്രമാണ്‌ ഫാറൂഖുമായി സഞ്ചരിച്ചതെന്നും തങ്ങള്‍ക്കെതിരെ കല്ലെറിഞ്ഞതിനായിരുന്നു നടപടിയെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക