Image

കെ.പി ശശികലയ്‌ക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്

Published on 23 May, 2017
കെ.പി ശശികലയ്‌ക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്
കോഴിക്കോട്: മഹാഭാരതത്തിന്റെ അവസാന വാക്ക് തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാഭാരതം സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. 

മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കിയാല്‍ അത് തീയേറ്റര്‍ കാണില്ലെന്നായിരുന്നു കെ.പി ശശികലയുടെ ഭീഷണി.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മഹാഭാരതം സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇത്തരം ഉത്തരവുകള്‍ ഇറക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത് ? സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപെട്ടവര്‍ തയാറാകാത്തത് എന്തുകൊണ്ടാണ് ? 

കേരളത്തിലെ സംഘപരിവാര്‍ നേതാക്കള്‍ കേട്ടാലറക്കുന്ന ഭാഷയുമായിട്ടാണ് തെരുവില്‍ പോര്‍വിളി നടത്തുന്നത്. നിലവാരമില്ലാത്ത ഭാഷയില്‍ വര്‍ഗീയ വിഷം തുപ്പുന്നതില്‍ ഇവര്‍ മത്സരിക്കുന്നത് സാക്ഷി മഹാരാജനോടും സാധ്വി പ്രാചിയോടുമൊക്കെയാണ്. 

മഹാഭാരതം സംരക്ഷിക്കാന്‍ സ്വയം പ്രഖ്യാപിത കുത്തകപട്ടാളക്കാര്‍ ആകുന്നതിന് മുന്‍പ് ഈ പുസ്തകം ഒന്ന് നിവര്‍ത്തി വായിക്കണം എന്നാണ് ഞാന്‍ ഇക്കൂട്ടരോട് ആവശ്യപെടുന്നത്. വരുംകാലത്തെ സാഹിത്യകാരന്മാര്‍ക്ക്, അവരുടെ വീക്ഷണകോണില്‍ നിന്നും എഴുതാനായി നിരവധി തന്തുക്കള്‍ വേദവ്യാസന്‍ മഹാഭാരതത്തില്‍ നിരത്തിയിട്ടുണ്ട്. മഹാഭാരതത്തില്‍ നിന്നുള്ള ശ്രീകൃഷ്ണ കഥ വികസിപ്പിച്ചാണ് ശ്രീമദ് ഭാഗവതം വ്യാസന്‍ തന്നെ എഴുതിയത്. 

ഭീമനെ അടര്‍ത്തിയെടുത്ത് നായക പദവിയിലേക്ക് ഉയര്‍ത്തി വളരെ മനോഹരമായിട്ടാണ് എം ടി വാസുദേവന്‍ നായര്‍ 'രണ്ടാംമൂഴം'എഴുതിയത്.
ശിവജി സാവന്ത് കര്‍ണനെയാണ് ഏറ്റെടുത്തത്. എന്റെ സുഹൃത്തും പ്രിയ എഴുത്തുകാരനുമായ ആനന്ദ് നീലകണ്ഠന്‍ ദുര്യോധനനിലൂടെ മഹാഭാരതം വായിച്ചെടുക്കുന്നു. 

വ്യാസന്‍ വരച്ചിട്ട ദുര്യോധനന്‍, ആനന്ദിന്റെ പുസ്തകത്തില്‍ സുയോധനനായി പുനര്‍ജ്ജനിക്കുന്നു. പാഞ്ചാലി, ഗാന്ധാരി,ശകുനി തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകി എത്രയെത്ര നോവലുകള്‍ എത്രയെത്ര ഭാഷകളില്‍ രചിച്ചിരിക്കുന്നു. രാമായണവും മഹാഭാരതവുമൊക്കെ പലതവണ പുനര്‍വായനകള്‍ക്ക് വിധേയമായിട്ടുണ്ട്.
രണ്ടാമൂഴം നോവലിനെ അധികരിച്ചെത്തുന്ന മഹാഭാരതം സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ശുദ്ധതെമ്മാടിത്തരമാണ്.  
ഇങ്ങനെയുള്ള ഭീഷണികളെ കേരളം വകവയ്ക്കില്ല. ഏതോ മഹത്തായകാര്യങ്ങള്‍ ചെയ്യുന്നു എന്ന തോന്നലില്‍ വിളിച്ചു പറയുന്ന ഇത്തരം വിടുവായത്തങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. മഹാഭാരതത്തിന്റെ അവസാനവാക്ക് തങ്ങളുടേതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കേണ്ട. മലയാളിയുടെ മതേതര സാമൂഹ്യജീവിതം വിഷമയമാക്കാനുള്ള സംഘപരിവാര്‍ അജണ്ടയെ നാം കൃത്യമായി തിരിച്ചറിഞ്ഞു അകറ്റി നിര്‍ത്തണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക