Image

നിങ്ങളുടെ തലമുറ കഴിയുമ്പോള്‍ നിങ്ങളുടെ മക്കള്‍ മലയാളം പറയുമോ? സുഗതകുമാരി

അനില്‍ പെണ്ണുക്കര Published on 23 May, 2017
നിങ്ങളുടെ തലമുറ കഴിയുമ്പോള്‍  നിങ്ങളുടെ മക്കള്‍ മലയാളം പറയുമോ? സുഗതകുമാരി
'നിങ്ങളുടെ തലമുറ കഴിയുമ്പോള്‍ നിങ്ങളുടെ മക്കള്‍ മലയാളം പറയുമോ. ചോദ്യം മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിയുടേത് . ചോദിച്ചത് അമേരിക്കന്‍ മലയാളികളോടും.

ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാര വേദി മുന്‍വര്‍ഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായി ഒരു കുടുംബ സംഗമം പോലെ ആയി . സുഗതകുമാരി തറവാട്ടമ്മ ആയപ്പോള്‍ ഫൊക്കാന പ്രവര്‍ത്തകരും , മാധ്യമപ്രവര്‍ത്തകരും , സര്‍വകലാശാല അധികൃതരും എല്ലാവരും ആ തറവാട്ടിലെ അംഗംങ്ങള്‍ ആയി .പ്രൗഢ ഗംഭീരമായ ചടങ്ങ് . നാളിതുവരെ ഇത്ര ഹൃദയബന്ധത്തോടെയുള്ള ഒരു ചടങ്ങ് പ്രസ്സ് ക്ലബ് ഹാള്‍ സാക്ഷ്യം വഹിച്ചിട്ടില്ല .

അന്യ നാട്ടില്‍ കഴിയുമ്പോള്‍ ഒരു കാളവണ്ടിയുടെ മണിക്കിലുക്കമോ , കൈതപ്പൂക്കളുടെ മണമോ , നടന്‍പാട്ടുകളുടെ ശീലുകളോ ,' അമ്മ വിളമ്പിയ ചോറിന്റെയും കറികളുടെയും രുചിയോ ഓര്‍ക്കാത്ത ,ആഗ്രഹിക്കാത്ത എത്ര മലയാളികള്‍ ഉണ്ട് . ഈ രുചിയും മണവും നിലനിര്‍ത്താന്‍ മലയാള ഭാഷയുടെ പരിപോഷണത്തിനു ഫൊക്കാന കാട്ടുന്ന ഭാഷസ്‌നേഹത്തോടു ഉള്ളറിഞ്ഞ ബഹുമാനം തോന്നുന്നു.

പക്ഷെ നിങ്ങളുടെ അടുത്ത തലമുറ ഇതൊക്കെ മുന്‍പോട്ടു കൊണ്ടുപോകുമോ എന്ന് ചിന്തിക്കുമ്പോള്‍ ആശങ്ക ഉണ്ട്.

എന്നാല്‍ അതിനേക്കാള്‍ വലിയ ശങ്ക ഇവിടയാണ് . നമ്മുടെ 'അമ്മ മലയാളത്തില്‍ .മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി കിട്ടി. അതായത് സിംഹാസനം കിട്ടി . പക്ഷെ അതിലിരിക്കേണ്ട അമ്മയെ ഇപ്പോളും മുറ്റത്തു നിര്‍ത്തിയിരിക്കുന്നു . നമുക്ക് ഭാഷയെ സംരക്ഷിക്കാന്‍ ,കുടിവെള്ളം സംരക്ഷിക്കാന്‍, പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. നമ്മുടെ ഭാഷയെ സംരക്ഷിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊന്നും സംരക്ഷിക്കാന്‍ സാധിക്കില്ല.

പുതിയ വിദ്യാഭ്യാസമന്ത്രി എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കി .ഇപ്പോള്‍ 'നിര്‍ബന്ധം 'എടുത്തുകളഞ്ഞു. നിര്‍ബന്ധ ഭാഷയായി മലയാളത്തെ മാറ്റിയിട്ടു ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നു .കുട്ടികള്‍ മലയാളം പഠിക്കണ്ട എന്ന് മാതാപിതാക്കള്‍ തീരുമാനിക്കുന്നു. രണ്ടര വയസുള്ള മക്കളോട് 'ടാക്കിങ് ഇഗ്‌ളീഷ് 'എന്നാണ് പറയുക. കേരളത്തില്‍ അല്ലാതെ ലോകത്തൊരിടത്തും മാതൃഭാഷ മറക്കുന്ന ഒരു സ്ഥലം ഇല്ല. തമിഴന് മാതൃഭാഷ തായ് മൊഴി ആണ്. മലയാളിക്ക് പുച്ഛം.
ഞാന്‍ നാടന്‍ സ്‌കൂളില്‍ പഠിച്ചയാളാണ്. ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാം. പുതിയതായി പി ജി ഇംഗ്ലീഷ് കഴിഞ്ഞു വരുന്നു കുട്ടികള്‍ക്ക് ഷെല്ലിയെ അറിയില്ല, കീറ്റ്‌സിനെ അറിയില്ല. അവര്‍ കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷിലേക്കു തിരിഞ്ഞു.
അതിനിടയില്‍ ഭാഷയ്‌ക്കൊരു ഡോളര്‍ പോലെ ഉള്ള നന്മയുടെ തുരുത്തുകള്‍ ഉണ്ടാകുന്നതില്‍ ഏറെ സന്തോഷിക്കുന്നു.

ഭാഷയെ സംരക്ഷിക്കാന്‍ നിങ്ങള്‍ ചെയുന്ന ഈ പുണ്യ പ്രവര്‍ത്തിയോടൊപ്പം ഒന്ന് കൂടി ചെയ്യണം.

നിങ്ങള്‍ നാട്ടില്‍ ഇനിയും ഫഌറ്റുകള്‍ കെട്ടരുത് . വികസനത്തിന്റെ പേരില്‍ , പശിമഘട്ടം മുഴുവന്‍ നശിപ്പിക്കുന്നു. മണ്ണ് ഇല്ലാതാകുന്നു. വെള്ളമില്ലാതായി. നമുക്ക് ഒന്നും സംരക്ഷിക്കാന്‍ പറ്റുന്നില്ല.

നിങ്ങളുടെ മക്കളെ മലയാളം പഠിപ്പിക്കണം. അവര്‍ അമ്മയെ അറിയട്ടെ .ഒരിക്കല്‍ കൂടി പ്രാര്‍ത്ഥന . വര്ഷങ്ങളായി ഹൃദയബന്ധം പുലര്‍ത്തുന്ന പെറ്റമ്മയുടെ പേരില്‍ ഫൊക്കാനയുടെ എല്ലാ മക്കള്‍ക്കും നന്ദി.
മറന്നു പോകരുതേ ..മലയാളത്തെ... 
നിങ്ങളുടെ തലമുറ കഴിയുമ്പോള്‍  നിങ്ങളുടെ മക്കള്‍ മലയാളം പറയുമോ? സുഗതകുമാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക