Image

സ്‌മൃതിയുടെ വിദ്യാഭ്യാസയോഗ്യത : എല്ലാ രേഖയും ഹാജരാക്കണമെന്ന്‌ കോടതി

Published on 24 May, 2017
സ്‌മൃതിയുടെ വിദ്യാഭ്യാസയോഗ്യത : എല്ലാ രേഖയും ഹാജരാക്കണമെന്ന്‌ കോടതി



ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുമായി ബന്ധപ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ്‌ കേസില്‍ എല്ലാ രേഖകളും ഉടന്‍ ഹാജരാക്കണമെന്ന്‌ ഡല്‍ഹി ഹൈക്കോടതി. വിചാരണക്കോടതി മുമ്പാകെയുള്ള എല്ലാ രേഖകളും പരിശോധിച്ചശേഷം മാത്രമേ കേസില്‍ തുടര്‍നടപടി കൈക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. 

തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന്‌ ചൂണ്ടിക്കാണിച്ച്‌ വിചാരണക്കോടതി നേരത്തെ കേസ്‌ തള്ളിയിരുന്നു. കേസ്‌ സെപ്‌തംബര്‍ 13ന്‌ വീണ്ടും പരിഗണിക്കും.

തെരഞ്ഞെടുപ്പു രേഖകളില്‍ അവകാശപ്പെടുന്നതു പോലെ സ്‌മൃതി ഇറാനി കൊമേഴ്‌സ്‌ ബിരുദപഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടി അഹമദ്‌ ഖാന്‍ എന്ന വ്യക്തിയാണ്‌ കേസ്‌ ഫയല്‍ ചെയ്‌തത്‌. ജനപ്രാതിനിധ്യനിയമപ്രകാരം വ്യാജസത്യവാങ്‌മൂലം നല്‍കുന്നത്‌ ആറുമാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്‌.

2004 ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സത്യവാങ്‌മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ ലേണിങ്ങില്‍നിന്ന്‌ 1996ല്‍ നേടിയ ബിഎ ബിരുദമാണ്‌ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയായി കാണിച്ചത്‌.

 2011ല്‍ ഗുജറാത്തില്‍നിന്ന്‌ രാജ്യസഭയിലേക്ക്‌ മത്സരിക്കവെ ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന്‌ 1994ല്‍ പാസായ ബികോം പാര്‍ട്ട്‌-വണ്‍ ആണ്‌ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയെന്ന്‌ പറയുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സത്യവാങ്‌മൂലത്തിലും 1994ലാണ്‌ ബികോം പരീക്ഷ പാസായതെന്ന്‌ പറയുന്നുണ്ട്‌.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക