Image

എന്റെ മലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്തു

Published on 24 May, 2017
എന്റെ മലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്തു

 
റിയാദ്: സംസ്ഥാന സര്‍ക്കാരിന്റെ മലയാളം മിഷന്‍ സാക്ഷരത മിഷന്‍ എന്നിവയുടെ സഹകരണത്തോടെ കേളി കലാ സാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ ’എന്റെ മലയാളം’ സാക്ഷരത പദ്ധതി പ്രശസ്ത കവിയും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി കുട്ടികള്‍ക്ക് മലയാള ഭാഷ പരിചയപ്പെടുത്തുന്നതിനായി നടന്നുവരുന്ന കേളി മധുരം മലയാളം പദ്ധതിക്കു പുറമെയാണ് പ്രവാസി മലയാളികള്‍ക്കായി ’എന്റെ മലയാളം’ പദ്ധതിക്ക് കേളി തുടക്കം കുറിച്ചിരിക്കുന്നത്.

കേവലം അക്ഷര സാക്ഷരതക്കുപരിയായി ആരോഗ്യം നിയമം, സാന്പത്തികം, പരിസ്ഥിതി, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ദുരന്ത നിവാരണം, സമ്മതിദാനം എന്നീ മേഖലകളിലെല്ലാം പ്രവാസികള്‍ക്ക് സന്പൂര്‍ണ്ണ സാക്ഷരത കൈവരിക്കാനുതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം എന്റെ മലയാളം സാക്ഷരത പദ്ധതി പ്രാധാന്യം നല്‍കേണ്ടതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സച്ചിദാനന്ദന്‍ പറഞ്ഞു.

വെള്ളിയാഴ്ച്ച അല്‍ഹയര്‍ അല്‍ഒവൈദ ഓഡിറേറാറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കുടുംബവേദി കേന്ദ്ര കമ്മിററി അംഗം പ്രിയ വിനോദ് അധ്യക്ഷയായി. കുടുംബവേദി സുലൈ യുണിറ്റ് പ്രസിഡന്റും കേന്ദ്ര കമ്മിററി അംഗവുമായ സീബ അനിരുദ്ധന്‍ എന്റെ മലയാളം പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവര്‍ത്തന രീതികളെക്കുറിച്ചും വിശദീകരിച്ചു. നബീല കാഹിം, ചിത്ര സതീഷ് എന്നിവര്‍ സംസാരിച്ചു. കുടുംബവേദി ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാന്‍ സ്വാഗതവും കേന്ദ്ര കമ്മിററി അംഗം ഷൈനി അനില്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമന്‍ മയ്യില്‍, കുടുംബവേദി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക