Image

വിഴിഞ്ഞം: സിഎജിയുടെ റിപ്പോര്‍ട്ട് നോട്ടപ്പിശകെന്ന് ഉമ്മന്‍ ചാണ്ടി

Published on 24 May, 2017
വിഴിഞ്ഞം: സിഎജിയുടെ റിപ്പോര്‍ട്ട് നോട്ടപ്പിശകെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണച്ചെലവു കണക്കാക്കിയതില്‍ പാളിച്ച വന്നതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് നോട്ടപ്പിശകെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഴിഞ്ഞം പദ്ധതിയുടെ അന്തിമ കരാര്‍ അദാനിഗ്രൂപ്പുമായി ഉറപ്പിച്ച ശേഷം യാതൊരു മാറ്റവും വരുത്തിയിട്ടില്ല. സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കു അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎജിയുടെ റിപ്പോര്‍ട്ടില്‍ പരിശോധന വൈകാതെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് പദ്ധതി യാഥാര്‍ഥ്യമായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഴിഞ്ഞം കരാര്‍മൂലം കന്പനികള്‍ക്കു വന്‍നേട്ടം കൈവരിക്കാന്‍ സാധിക്കുമെങ്കില്‍ പദ്ധതി ഏറ്റെടുക്കുന്നതിനായി നിരവധി കന്പനികള്‍ ക്യൂ നില്‍ക്കുമായിരുന്നു. എന്നാല്‍ ഒരേ ഒരു കന്പനി മാത്രമാണ് രംഗത്തെത്തിയത്. അതിനാല്‍ അദാനി ഗ്രൂപ്പിന് ഇതില്‍ കൊള്ള ലാഭം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചലുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക