Image

പാക്‌ യുവാവ്‌ തടവിലാക്കിയെന്നാരോപിച്ച യുവതി ഇന്ത്യയില്‍ തിരികെയെത്തി

Published on 25 May, 2017
പാക്‌ യുവാവ്‌ തടവിലാക്കിയെന്നാരോപിച്ച യുവതി ഇന്ത്യയില്‍ തിരികെയെത്തി

ന്യൂഡല്‍ഹി: പാക്‌ യുവാവ്‌ ഭീഷണിപ്പെടുത്തി വിവാഹം ചെയ്‌ത്‌ തടവിലാക്കിയെന്ന്‌ ആരോപിച്ച യുവതി ഇന്ന്‌ ഇന്ത്യയില്‍ തിരികെയെത്തി. ഡല്‍ഹി സ്വദേശിനിയായ ഉസ്‌മ(20)യാണ്‌ ഇന്ന്‌ നാട്ടില്‍ തിരികെയെത്തിയത്‌. കേസ്‌ പരിഗണിക്കുകയായിരുന്ന ഇസ്ലാമാബാദ്‌ ഹൈക്കോടതി യുവതിയ്‌ക്ക്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ്‌ തിരിച്ചുവരവ്‌ സാധ്യമായത്‌. 


വാഗ അതിര്‍ത്തിവഴിയാണ്‌ ഇവര്‍ നാട്ടിലെത്തിയത്‌. ഇന്നലെയാണ്‌ ഉസ്‌മയ്‌ക്ക്‌ ഇന്ത്യയിലേക്ക്‌ തിരിച്ച്‌ പോകാമെന്ന സുപ്രധാന വിധി ഇസ്ലാമാബാദ്‌ ഹൈക്കോടതി പുറപ്പെടുവിച്ചത്‌.യുവതിയെ മോചിപ്പിക്കാന്‍ സഹായം ആവശ്യപ്പെട്ട്‌ നേരത്തെ സഹോദരന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സമീപിച്ചിരുന്നു.

അതിനിടെ, ഉസ്‌മയുടെ തിരിച്ചു വരവിലുള്ള സന്തോഷം അറിയിച്ച്‌  മന്ത്രി സുഷമ സ്വരാജ്‌ ട്വീറ്റ്‌ ചെയ്‌തു. ഇന്ത്യയുടെ മകള്‍ക്ക്‌ വീട്ടിലേക്ക്‌ സ്വാഗതം. നീ കടന്നു പോയ കഷ്ടതകള്‍ക്കെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നു സുഷമ ടീറ്റ്വറില്‍ കുറിച്ചു.

ഈ മാസം 20നാണ്‌ പാക്‌ സ്വദേശിയായ താഹിര്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി വിവാഹം ചെയ്‌ത്‌ തടവിലാക്കിയിരിക്കുകയാണെന്ന്‌ കാണിച്ച്‌ യുവതി കോടതിയെ സമീപിച്ചത്‌. വിവാഹത്തിന്‌ ശേഷം താഹിര്‍ തന്നെ ഉപദ്രവിക്കുന്നതായും യുവതി ഇസ്ലാമാബാദ്‌ ഹൈക്കോടതിയെ അറിയിച്ചു. 

 പാകിസ്‌താനില്‍ തന്നെ തുടരാന്‍ തന്റെ കൈവശം ഉണ്ടായിരുന്ന യാത്ര രേഖകളെല്ലാം ഭര്‍ത്താവ്‌ എടുത്തുമാറ്റിയെന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ്‌ കോടതി സ്വദേശമായ ഡല്‍ഹിയിലേക്ക്‌ തിരികെ മടങ്ങാന്‍ യുവതിയ്‌ക്ക്‌ അനുമതി നല്‍കിയത്‌. ഭര്‍ത്താവ്‌ താഹിര്‍ യുവതിയെ കാണണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും യുവതിയ്‌ക്ക്‌ സമ്മതമല്ലാത്തതിനാല്‍ കോടതി ആവശ്യം നിരസിച്ചിരുന്നു.

മലേഷ്യയില്‍വെച്ചാണ്‌ ഡല്‍ഹി സ്വദേശി ഉസ്‌മയും പാക്‌ സ്വദേശി താഹിറും പരിചയപ്പെടുന്നത്‌. മെയ്‌ 1 ന്‌ യുവതി പാകിസ്‌താനിലെത്തിയതിനു ശേഷമാണ്‌ ഇരുവരും വിവാഹിതരാകുന്നത്‌. തുടര്‍ന്ന്‌ നാല്‌ ദിവസങ്ങള്‍ക്ക്‌ ശേഷം പാകിസ്‌താനില്‍ നിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ ഉസ്‌മ ഇന്ത്യന്‍ ഹൈകമ്മീഷനെ സമീപിച്ചിരുന്നു. 

ഉസ്‌മയുടെ വീസാ കാലാവധി മേയ്‌ 30ന്‌ അവസാനിരിക്കെയാണ്‌ ഇസ്ലാമാബാദ്‌ ഹൈക്കോടതിയുടെ സുപ്രധാനവിധി . തഹിര്‍ അലി എന്ന പാകിസ്ഥാനിയാണ്‌ ഉസ്‌മയെ വിവാഹം കഴിച്ചത്‌. തന്നെ തോക്ക്‌ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്‌ വിവാഹം കഴിച്ചതെന്നും ഇന്ത്യയിലേക്ക്‌ മടങ്ങാന്‍ അനുവദിക്കണമെന്നും കാണിച്ചാണ്‌ ഉസ്‌മ കോടതിയെ സമീപിച്ചത്‌. തന്നെ നിര്‍ബന്ധിച്ച്‌ നിക്കാമ്മയില്‍ ഒപ്പുവയ്‌പ്പിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.

തന്നെ സ്വദേശത്തേക്ക്‌ മടക്കികൊണ്ടുപോകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉസ്‌മ നേരത്തെ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മീഷനെയും സമീപിച്ചിരുന്നു.
പാക്‌ യുവാവ്‌ തടവിലാക്കിയെന്നാരോപിച്ച യുവതി ഇന്ത്യയില്‍ തിരികെയെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക