Image

'ഗതകാല സ്മരണകള്‍ (റോബിന്‍ കൈതപ്പറമ്പ്)

റോബിന്‍ കൈതപ്പറമ്പ് Published on 26 May, 2017
 'ഗതകാല സ്മരണകള്‍ (റോബിന്‍ കൈതപ്പറമ്പ്)
ശീതീകരിച്ചൊരി മുറിയില്‍ ഞാനേകയായ്
ഗതകാല സമരണകളില്‍ മുങ്ങിക്കുളിച്ച്
ഇടനെഞ്ചിലൂറിയ മധുരവും നൊട്ടി
ഒറ്റയ്ക്കിരിക്കുന്ന നേരങ്ങളില്‍ മനം
ഒറ്റയ്ക്ക് ചുറ്റാനിറങ്ങുവാറുണ്ട്
കെട്ടിപ്പിണയുന്ന ചിന്തകളോരോന്നായ്
കെട്ടഴിച്ചീടുവാന്‍ തുടിക്കുന്നുവോ മനം

കുഞ്ഞിളം കാല്‍കളാല്‍ പിച്ചവെച്ചോടിയ
പഴയൊരാ കുടിലിന്റെ ഉമ്മറത്തിണ്ണയും
ഒറ്റയ്ക്ക് കൂട്ടിനാചീവീടിന്നൊച്ചയും
കുട്ടുകാരായാ ചെള്ളും, നരിച്ചീറും
ഒത്തിരിക്കാലുമായ് ഇഴഞ്ഞു നീങ്ങുന്നൊരാ
തേരാളി അട്ടയും, കോഴിയും, താറാവും,
തൊഴുത്തിലായ് നില്‍ക്കുന്ന പൂവാലി പയ്യും.
മഴ പെയ്താല്‍ ചോരുന്നൊരെറ്റ മുറി വീട്ടില്‍
ഞാനുമെന്നേട്ടനും മതാപിതാക്കളും
സന്ധ്യയ്ക്ക്  ചാച്ചന്റെ കള്ളിന്റെ മണമുള്ള
വീടുകുലുങ്ങുമാ തെറിപ്പാട്ടിന്നൊച്ചയും
അടുക്കളക്കോണിലായ് പേടിച്ചരണ്ടമ്മ
മിഴി പൂട്ടിക്കരയുന്ന കറുത്തതാം ഓര്‍മ്മയും
കോഴിതന്‍കുഞ്ഞിനെചിറകിലൊളിക്കുംപോല്‍
പാവമെന്നമ്മയും പല നാളില്‍ ഞങ്ങളെ
മാറോട് ചേര്‍ത്തു തന്‍ രാവുകള്‍ പകലാക്കി.
പേടിയായിരുന്നെനിക്കെന്നെന്നും ചാച്ചന്‍
ഏട്ടനൊരിക്കലും കൂട്ടുമായില്ല
അടുക്കള പുകയിലയ് ജീവിതം ഹോമിച്ച
അമ്മയായിരുന്നാകെയൊരാശ്രയം.
ദുരിതക്കയത്തിലീ ജീവിതം എങ്കിലും
മുടങ്ങിയില്ലൊരുനാളുമാ കുടിലിലെ പ്രാര്‍ത്ഥന
പള്ളിയുമായെന്നും ചേര്‍ന്നു നടന്നതും
പള്ളിപ്പരീക്ഷയില്‍ ഒന്നാമതായതും
തുടര്‍ന്നുള്ള ജീവിതയാത്രയിലൊരുനാളും
കാലിടറാതവന്‍ കത്തു സൂക്ഷിച്ചതും
മരണത്തിന്‍ ചിറകുകള്‍ തേടിവന്നെന്റെ
ജീവനിലേയ്ക്ക് പറന്നിറങ്ങീടവെ.......
ഓര്‍ക്കുംബോള്‍ ഇപ്പോഴും ഞെട്ടലുണ്ടാകുന്നു
ഈ ജീവിതം,  ഇതെനിക്കൊരു രണ്ടാം ജന്മം

ഇപ്പോഴീ വീട്ടില്‍ ഈ ദൈവത്തിന്‍ നാട്ടില്‍
ഈ സുഖശീതള ഛായയില്‍ നില്‍ക്കെ
ഓര്‍മ്മകള്‍ പൂക്കുമാ പഴയ മണ്‍കൂരയും
നഷ്ടമായ് പോയൊരാ ബാല്യകൗമാരവും
തേടിയെത്തുന്നു എന്തിനെന്നറിയാതെ
ഈറനാക്കുന്നെന്റെ കണ്ണുകള്‍ ആര്‍ദ്ദമായ്

 'ഗതകാല സ്മരണകള്‍ (റോബിന്‍ കൈതപ്പറമ്പ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക