Image

കേന്ദ്രസര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം- വി.എസ്

Published on 26 May, 2017
കേന്ദ്രസര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം- വി.എസ്

തിരുവനന്തപുരം: കന്നുകാലികളുടെ വില്‍പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറല്‍ തത്ത്വങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് വി.എസ്. അച്യുതാനന്ദന്‍. അധികാരപ്രമത്തരായ ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടിയറവെക്കുന്നത് എന്തു വിലകൊടുത്തും ചെറുക്കണം. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നു എന്നതു മാത്രമല്ല, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെപ്പോലും ധ്വംസിക്കും വിധം ഏകാധിപത്യപരമായ വിജ്ഞാപനങ്ങളിറക്കിക്കൊണ്ട് ഇന്ത്യയുടെ നാനാത്വത്തെയും വൈവിധ്യപൂര്‍ണതയെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി.എസ് വ്യക്തമാക്കി.

കാലികളുടെ തുകലുകൊണ്ടുണ്ടാക്കിയ ചെരിപ്പുമിട്ട് ഗോസംരക്ഷണം പ്രസംഗിക്കുന്ന ഗോസ്വാമിമാരുടെ മാത്രം പ്രതിനിധിയല്ല ഇന്ത്യന്‍ പ്രധാനമന്ത്രി. അദ്ദേഹം ഒരു ഹിന്ദു രാഷ്ട്രത്തിലെ രാജാവുമല്ല. ഇക്കാര്യം മനസ്സിലാക്കി വിജ്ഞാപനം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക