Image

വിശുദ്ധ മൂറോന്‍തൈലം ആശീര്‍വാദ ശുശ്രൂഷ മേയ് 25ന് പ്രസ്റ്റണ്‍ കത്തീഡ്രലില്‍

Published on 26 May, 2017
വിശുദ്ധ മൂറോന്‍തൈലം ആശീര്‍വാദ ശുശ്രൂഷ മേയ് 25ന് പ്രസ്റ്റണ്‍ കത്തീഡ്രലില്‍

 
പ്രസ്റ്റണ്‍: കൂദാശകളുടെ പരികര്‍മത്തിനിടയില്‍ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലങ്ങളുടെ ഔദ്യോഗിക ആശീര്‍വാദം മേയ് 25ന് 11.30ന് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനുശേഷം ആദ്യമായി നടക്കുന്ന ഈ തൈലവെഞ്ചരിപ്പു ശുശ്രൂഷയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ നേതൃത്വം നല്‍കും. ലെങ്കാസ്റ്റല്‍ രൂപതാധ്യക്ഷന്‍ അഭി. ബിഷപ്പ് മൈക്കിള്‍ കാംബെല്‍ ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കും.

കത്തോലിക്കാ തിരുസഭയുടെ പാരന്പര്യമനുസരിച്ച് അതാത് രൂപതകളുടെ മെത്രാന്മാരാണ് ആ രൂപതയിലെ കൂദാശകളുടെ പരികര്‍മത്തിനാവശ്യമായ വിശുദ്ധ തൈലം വെഞ്ചരിക്കേണ്ടത്. രൂപതയിലെ വൈദികര്‍ സഹകാര്‍മികരാകുന്ന ശുശ്രൂഷയില്‍ മെത്രാന്‍ പൊതുവായി ആശീര്‍വദിക്കുന്ന തൈലത്തില്‍ നിന്ന് ഒരുഭാഗം തങ്ങളുടെ ഇടവകകളിലേക്ക് പകര്‍ന്നു കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. ആദിമ സഭയുടെ കാലംമുതല്‍ തുടരുന്ന ഈ പാരന്പര്യത്തില്‍ മെത്രാന്‍ ശ്ലീഹാന്മാരുടെ പിന്‍ഗാമി എന്നനിലയില്‍ ആശീര്‍വദിക്കുന്ന തൈലം ഉപയോഗിക്കുന്നതുവഴി സഭയിലൂടെ തുടരുന്ന സത്യവിശ്വാസത്തിന്റെ തുടര്‍ച്ചയും ഈശോ ശ്ലീഹന്മാര്‍ക്കു നല്‍കിയ പൗരോഹിത്യത്തില്‍ പങ്കുചേരുന്ന മെത്രാന്േ!റയും വൈദികരുടെയും പൗരോഹിത്യ കൂട്ടായ്മയുമാണ് വെളിവാകുന്നത്.

മാമോദിസായിലും സ്വൈര്യലേപനത്തിലും രോഗിലേപനത്തിലുമാണ് പ്രധാനമായും ആശീര്‍വദിച്ച ഈ തൈലങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. മെത്രാന്‍ ആശീര്‍വദിച്ച വി. തൈലം ലഭ്യമല്ലെങ്കില്‍ ഓരോ അവസരത്തിനും വേണ്ട തൈലം ആശീര്‍വദിക്കാന്‍ പ്രത്യേക അവസരങ്ങളില്‍ സഭ വൈദികര്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്. മാമോദിസായിലൂടെ സഭയിലേക്ക് കടന്നുവരുന്നവരെ സ്വീകരിക്കാനുള്ള തൈലവും പരിശുദ്ധാത്മാവിന്റെ പ്രത്യേക സാന്നിധ്യമുള്ള തൈലവും രോഗികളുടെ സുഖപ്രാപ്തിക്കായി പൂശാനുള്ള തൈലവുമാണ് ഇന്ന് ആശീര്‍വദിക്കപ്പെടുന്നത്. പുതിയ ദൈവാലയങ്ങള്‍ കൂദാശ ചെയ്ത് ദൈവാരാധനയ്ക്ക് സമര്‍പ്പിക്കുന്‌പോഴും മെത്രാന്‍ അള്‍ത്താര അഭിഷേകം ചെയ്യുന്നത് ആശീര്‍വാദിച്ച ഈ തൈലം ഉപയോഗിച്ചാണ്.

ഒലിവ് എണ്ണയാണ് ഈ വിശുദ്ധ ഉപയോഗത്തിനായി സാധാരണ തെരഞ്ഞെടുക്കാറുള്ളത്. സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ ഏതെങ്കിലും തിരുനാള്‍ ദിനത്തിലാണ് ഈ തൈലാശീര്‍വാദ ശുശ്രൂഷ നടത്തപ്പെടാറുള്ളത്. ഈശോ മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തതിന്റെ നാല്‍പതാംനാള്‍ സ്വാര്‍ഗാരോഹണം ചെയ്തതിന്റെ തിരുനാള്‍ ആചരിക്കുന്ന ഇന്ന് ഈ തിരുനാള്‍കര്‍മം അനുഷ്ഠിക്കപ്പെടുന്നത് ഏറ്റവും ഉചിതമാണ്.

വിശുദ്ധ ബൈബിളിലെ പഴയനിയമത്തില്‍ രാജാക്കന്മാരെയും പുരോഹിതന്മാരെയും അഭിഷേകം ചെയ്യുന്നതിനു പ്രത്യേകം തൈലം ഉപയോഗിച്ചിരുന്നു (പുറപ്പാട് 30:23, 39:27). ” നിങ്ങളിലാരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ പുരോഹിതനെ വിളിക്കട്ടെയെന്നും തൈലം പൂശിയുള്ള പുരോഹിതന്റെ പ്രാര്‍ത്ഥന രോഗിക്ക് സൗഖ്യം നല്‍കാന്‍ ഇടയാകട്ടെ”(യാക്കോബ് 5:14) എന്ന് വി. പൗലോസും പറയുന്നു. ഇന്നു നടക്കുന്ന വിശുദ്ധതൈല ആശീര്‍വാദപ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ അഭി. മെത്രാന്മാരോടൊപ്പം ഫാ. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ കുര്‍ബാന സെന്ററുകളില്‍ നേതൃത്വം നല്‍കുന്ന വൈദികരും നൂറുകണക്കിനു വിശ്വാസികളും പങ്കുചേരും.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക