Image

എന്തു തിന്നണമെന്ന് ഇനി മോദി തീരുമാനിക്കും(ഷോളി കുമ്പിളുവേലി )

ഷോളി കുമ്പിളുവേലി Published on 26 May, 2017
എന്തു തിന്നണമെന്ന് ഇനി മോദി തീരുമാനിക്കും(ഷോളി കുമ്പിളുവേലി )
ബീഫ് ഫ്രൈ, ബീഫ് കറി, പോത്ത് വരട്ടിയത്, ചില്ലി ബീഫ്.... എല്ലാം ഇനി ഓര്‍മ്മയില്‍ മാത്രം! കന്നുകാലികളെ കൊല്ലുന്നതും, വില്‍ക്കുന്നതും നിരോധിച്ചുകൊണ്ട് കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം, ഭാരതീയരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനുമേല്‍ മോദി സര്‍ക്കാര്‍ നടത്തിയ കടന്നുകയറ്റമായി വിലയിരുത്തപ്പെടുന്നു.

ഇന്ത്യപോലെ ഒരു ജനാധിപത്യ-മതേതര രാജ്യത്ത്, ഓരോ പൗരനും, എന്തെങ്കിലും ഭക്ഷിക്കുവാന്‍ കിട്ടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനു പകരം, എന്നു ഭക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത് ഒരു തരത്തില്‍ ഫാസിസ്റ്റ് നടപടിയാണ്. ആര്‍ക്കെങ്കിലും പശുവിനെ 'അമ്മയായോ,' കാളയെ 'അച്ഛനായോ,' കരുതണമെന്നുണ്ടെങ്കില്‍, അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. പക്ഷേ അവരുടെ വിശ്വാസത്തെ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഭരണകൂടം ശ്രമിക്കരുത്.

കന്നുകാലികളുടെ വില്‍പ്പന നിരോധനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയാണ്. കേരളത്തില്‍ കാലി വളര്‍ത്തല്‍ വളരെ കുറഞ്ഞിരിക്കുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ പഴയതുപോലെ കന്നുകാലികളെ ഉപയോഗിക്കുന്നില്ല. മാംസത്തിനും വേണ്ടി തമിഴ്‌നാട്ടില്‍ നിന്നുമാണ് പോത്തിനേയും കാളയേയും ഒക്കെ കൊണ്ടു വരുന്നത്. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലികളെ ക്രയവിക്രയം നടത്താന്‍ പുതിയ നിയമത്തില്‍ വലിയ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നമ്മുടെ ഹോട്ടല്‍ വ്യവസായങ്ങളേയും, ടൂറിസത്തേയും സാരമായി ബാധിക്കും.

ഇനി, പാലിനും ചാണകത്തിനും വേണ്ടി ആരെങ്കിലുമൊക്കെ പശുക്കളെ വളര്‍ത്തുന്നുണ്ടെങ്കില്‍, എത്ര പ്രായമായാലും അതിനെ വില്‍ക്കുവാന്‍ സാധിക്കില്ല! വൃദ്ധരായ കന്നുകാലികളെ കൂടി പോറ്റേണ്ട ഉത്തരവാദിത്വം സാധാരണക്കാരന് ഉണ്ടാകും! 'കറവ' ഇല്ലാത്തതിനെ കൊടുത്തിട്ട് പാലുതരുന്നതിനെ വാങ്ങാനും സാധിക്കില്ല!!കൂടാതെ, അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയമങ്ങളെ എതിര്‍ക്കുവാനുള്ള താല്‍പര്യം ജനങ്ങളില്‍ കൂടുതലാണ്. സ്വാഭാവികമായും ഇതൊരു ക്രമസമാധാനപ്രശ്‌നമായി മാറും. അതിലുപരി, ഈ നിയമങ്ങള്‍, ആര്‍.എസ്.എസിന്റെ താല്‍പര്യപ്രകാരം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതാണെന്ന് പൊതുജനം വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, സാമുദായിക ധ്രൂവീകരണം ഉള്‍പ്പെടെ നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുവാന്‍ ഈ നിരോധനം ഇടവരുത്തിയേക്കാം.

മോദിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ, ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ വന്‍ കുതിച്ചുകയറ്റം നടത്തുന്നു എന്ന് അവകാശപ്പെടുമ്പോള്‍, ഇത്തരം നിയമങ്ങള്‍ നമ്മളെ പഴ കാലിയുഗത്തിലേക്ക് തിരികെ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഉത്തരേന്ത്യയില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം, അലഞ്ഞു നടക്കുന്ന കാലികളെ തട്ടിയിട്ട് മനുഷ്യന് വഴി നടക്കുവാന്‍ പറ്റാത്ത അവസ്ഥ!! ഇതുവരെ പശുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഇനി കാളയും, പോത്തും ഒക്കെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ മനുഷ്യജീവിതം കൂടുതല്‍ ദുഃസഹമാകും.

വോട്ടുചെയ്ത ജനത്തിന് ഭക്ഷണം, വിദ്യാഭ്യാസം, പാര്‍പ്പിടം, വസ്ത്രം, കക്കൂസുകള്‍, നാലു റോഡുകള്‍ ഇതൊക്കെ നല്‍കുന്നതിനു പകരം, അവരോട് കാളയേയും, പോത്തിനേയും, പശുവിനേയും, ഒട്ടകത്തേയും സംരക്ഷിച്ചോളാന്‍ പറയുന്നതിലെ വൈരുദ്ധ്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മാത്രമല്ല ആടിനേയും, ആട്ടിന്‍കുട്ടികളേയും കൊല്ലുന്നതിനു നിരോധനവും ഇല്ല!! വൃദ്ധരായ സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാത്ത ഈ കാലഘട്ടത്തില്‍ വൃദ്ധരായ കന്നുകാലികള്‍ കൂടി സംരക്ഷിക്കപ്പെടുമോ? സ്വന്തം അമ്മയെ പരിചരിക്കാത്തവരൊക്കെ ഇനി ഗോമാതാവിനെ കൂടി പരിരക്ഷിക്കട്ടെ!!

അടിക്കുറിപ്പ്
ബാബ രാംദേവിന്റെ വക ശുദ്ധമായ 'ജൈവ ബീഫ'് ഉടന്‍ ഇന്‍ഡ്യന്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്നതാണ്.


എന്തു തിന്നണമെന്ന് ഇനി മോദി തീരുമാനിക്കും(ഷോളി കുമ്പിളുവേലി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക