Image

ഈ സര്‍ക്കാര്‍ എങ്ങനെ മാറണം (ഡി. ബാബുപോള്‍)

Published on 27 May, 2017
ഈ സര്‍ക്കാര്‍ എങ്ങനെ മാറണം (ഡി. ബാബുപോള്‍)
പിണറായി സര്‍ക്കാര്‍ എങ്ങനെ മാറണം എന്നതാണ് ചോദ്യം. ഈ സര്‍ക്കാരിന്റെ നന്മകളോ കരുത്തോ ഇവിടെ പ്രസക്തമല്ല. അതുകൊണ്ട് സര്‍ക്കാരിന്റെ പോരായ്മകള്‍ മാത്രമാണ് ഈ കുറിപ്പിന്റെ വിഷയം.

ഒന്നാമത്തെ കാര്യം ഈ സര്‍ക്കാര്‍ നിഷ്പക്ഷമല്ല എന്ന് ഒരു പൊതുധാരണ രൂപപ്പെട്ടിട്ടുണ്ട് എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. കോണ്‍ഗ്രസുകാരിലോ ഭാ.ജ.പാ.ക്കാരിലോ മാത്രം അല്ല ഈ ചിന്ത കാണുന്നത്. മാധ്യമങ്ങള്‍ ഒന്നാകെ പിണറായിവിരുദ്ധമാണ് എന്നത് ഇതിന് ഒരു കാരണമാകാം. അതിനെ മറികടക്കാനുള്ള ശ്രമമൊന്നും കാണുന്നില്ല. അത് സി.പി.എമ്മിന്റെ ധാര്‍ഷ്ട്യമാണ് ഈ പക്ഷപാതത്തിന്റെ കാരണം എന്നു ചിന്തിക്കാന്‍ വഴിവെയ്ക്കുന്നു. ആദ്യത്തേതിന് പിണറായിവിരുദ്ധതയും രണ്ടാമത്തേതിന് പിണറായിയുടെ ശരീരഭാഷയും ബലംപകരുന്നു.

അതുകൊണ്ട് സര്‍ക്കാര്‍ നിഷ്പക്ഷമാണ് എന്നും മുഖ്യമന്ത്രിക്ക് വ്യക്തിപരമായി ധാര്‍ഷ്ട്യമില്ല എന്നും ജനത്തിന് ബോധ്യംവരണം. അത് ഇരുട്ടിവെളുക്കുമ്പോള്‍ നടക്കുന്ന കാര്യമല്ല. അതേസമയം നടക്കാത്ത സംഗതിയുമല്ല. എങ്ങനെയാണ് പ്രതിച്ഛായ ഭേദപ്പെടുത്തേണ്ടത് എന്ന് ഉപദേശിക്കാന്‍ പ്രൊഫഷണലുകളുണ്ട്. അച്യുതാനന്ദനോ ഉമ്മന്‍ചാണ്ടിയോ ഒന്നും അറിയാതെയും സര്‍ക്കാരില്‍ വൗച്ചര്‍ കൊടുക്കാതെയും അവരുടെ സഹായം തേടണം.

രണ്ടാമത്തെ കാര്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ ആശ്രിതവാത്സല്യവും വൈരനിര്യാതനവും വെച്ചുപുലര്‍ത്തുന്നു എന്ന ധാരണയാണ്. ജേക്കബ് തോമസിനെ വഴിവിട്ട് പിന്തുണയ്ക്കുന്നു എന്നും സെന്‍കുമാറിനെ അകാരണമായി ഉപദ്രവിക്കുന്നു എന്നും ശരാശരി മലയാളി ചിന്തിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ നമ്മുടെയാള്‍, നമ്മുടെതല്ലാത്തയാള്‍ എന്ന വേര്‍തിരിവുണ്ട് എന്ന് ജനത്തിനു തോന്നുന്നത് ഭംഗിയല്ല. വിജയാനന്ദിനെപ്പോലെ സാത്വികനും ഗാന്ധിയനും പ്രഗല്ഭനും ആയ ഒരാളോട് ‘തട്ടിക്കയറി’ എന്ന വാര്‍ത്ത മുഖ്യമന്ത്രിയെ സഹായിച്ചില്ല. മുസലിയാര്‍ കോളേജില്‍ പണം തിരിച്ചടച്ചോ എന്നന്വേഷിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് എന്ന കാര്യം ഹജൂര്‍ക്കച്ചേരിയില്‍ അങ്ങാടിപ്പാട്ടാണ്.

ഞാന്‍ ആ കോളേജിന്റെ ഭരണസമിതിയില്‍ ഒരു നിശ്ശബ്ദാംഗമാണ്. ഉത്തരം എനിക്കറിയാം. എന്നോട് ചോദിച്ചാല്‍ മതിയായിരുന്നു വിജയാനന്ദിന്. അദ്ദേഹം നേര്‍വഴിതേടിയത് തെറ്റല്ല. മാമ്മന്‍ മാത്യു മുതല്‍ കോവളം ചന്ദ്രന്റെ ആത്മാവുവരെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സകലപത്രാധിപന്മാരും എതിരായിരിക്കെ അതിശയോക്തി അപ്രതീക്ഷിതമല്ലതാനും.

സെന്‍കുമാറിന്റെ കേസിലും ഇതാണ് സംഭവിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എന്നൊക്കെ പറഞ്ഞാലും സകലമാനപേര്‍ക്കും കരതലാമലകംപോലെ വ്യക്തമായ സംഗതിയില്‍ വ്യക്തതപോരാ എന്ന് പറഞ്ഞത് അബദ്ധമായി. രണ്ടു നിയമവേദികള്‍ സര്‍ക്കാരിന് അനുകൂലമായി വിധിച്ച കേസാണ്. അവസാനവട്ടം മാത്രമാണ് തോറ്റത്. അത് മാനമായി അംഗീകരിച്ചെങ്കില്‍ മുഖ്യമന്ത്രിയുടെ മാനം വര്‍ധിക്കുമായിരുന്നു. രണ്ട് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞു എന്നേയുള്ളൂ. എല്ലാ ഉദ്യോഗസ്ഥരും ഈ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരാണ് എന്നാണ് ഭരണനേതൃത്വം കരുതുന്നത് എന്ന് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും തോന്നണം. തോന്നണം എന്നതാണ് കീവേഡ്. ഈയിടെ അകാരണമായി വേട്ടയാടപ്പെടുന്ന രണ്ട് ഐ.എ.എസ്. ചെറുപ്പക്കാര്‍ മുഖ്യമന്ത്രിയെ കണ്ടു. വാത്സല്യത്തോടെ പെരുമാറി എന്നാണറിയുന്നത്. ഇതൊന്നും ജനം അറിയുന്നില്ലല്ലോ, സഖാവേ.

മൂന്നാമത് മന്ത്രിമാരെ വാനരത്രയത്തെപ്പോലെ ഒതുക്കിയിരിക്കയാണ് എന്നാണ് പൊതുധാരണ. അത് ഭൂഷണമല്ല. അച്യുതമേനോന്റെ മാതൃകയാണ് പിണറായി പിന്തുടരേണ്ടത്. എമ്മെന്‍, ടി.വി. എന്നിങ്ങനെ സ്വന്തം പാര്‍ട്ടിയില്‍ തന്നോടൊപ്പമോ തന്നെക്കാള്‍ ഉയരെയോ സ്ഥാനം ഉണ്ടായിരുന്നവര്‍പോലും മുഖ്യമന്ത്രിയെ ആദരിച്ചിരുന്നു എന്ന് എനിക്കറിയാം. കരുണാകരന്‍പോലും അടിയന്തരാവസ്ഥ വരുവോളം മുഖ്യമന്ത്രിയെ പിണക്കാതിരിക്കാന്‍ സൂക്ഷ്മതകാട്ടിയിരുന്നു. ഇപ്പോള്‍ ബഹുമാനത്തിന്റെ സ്ഥാനത്ത്് ഭയംവന്നിരിക്കുന്നു. സീയെം എന്തു പറയും എന്ന വ്യാകുലതകൊണ്ട് മന്ത്രിമാര്‍ ഫ്രീസറിലായമട്ടിലാണ്. ഇതു മാറണം. മന്ത്രിമാര്‍ക്ക് കുറേക്കൂടി സ്വാതന്ത്ര്യം അനുവദിക്കണം. അത് അവര്‍ക്കും ജനത്തിനും ബോധ്യമാവുകയും വേണം.

ഈ സര്‍ക്കാര്‍ ചെയ്ത എത്രയോ നല്ലകാര്യങ്ങള്‍ എടുത്തുപറയാനുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് വായ്പയെടുത്ത് കടക്കെണിയിലായവര്‍, ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍, എന്‍ഡോസള്‍ഫാന്‍ ഇരകള്‍, കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ഉദ്യോഗം കിട്ടിയ മുന്നൂറോളം ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെയൊക്കെ അനുഗ്രഹം പിണറായിയുടെമേല്‍ ഉണ്ടാകും. എന്നാല്‍, ശേഷം ജനം അതൊന്നും തിരിച്ചറിയാത്തവിധത്തിലാണ് പ്രതിച്ഛായയുടെ അവസ്ഥ.

ഗെയില്‍ പൈപ്‌ലൈന്‍, ആറുവരിപ്പാത, വ്യവസായ നിക്ഷേപനിയമങ്ങളുടെ ഏകീകരണം ഇത്യാദി എത്രയോ സംഗതികള്‍ ഈ സര്‍ക്കാരിനെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോവുകയാണ്. ഇതിന്റെയൊന്നും ഗുണം പിണറായിക്ക് കിട്ടാതെവരുന്നത് ദുഃഖകരമാണ്. ഇനിയുള്ള കാലം ഇതിനൊക്കെ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കാനാണ് എനിക്കിഷ്ടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക