Image

യൂറോപ്പുമായി കൈകോര്‍ക്കാന്‍ മോദി ജര്‍മനിയിലെത്തുന്നു

Published on 29 May, 2017
യൂറോപ്പുമായി കൈകോര്‍ക്കാന്‍ മോദി ജര്‍മനിയിലെത്തുന്നു


ബര്‍ലിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയൂടെ യൂറോപ്യന്‍ സന്ദര്‍ശനം മേയ് 30ന് ജര്‍മനയില്‍ തുടങ്ങും. ജര്‍മന്‍ പ്രസിഡന്റ് വാള്‍ട്ടര്‍ സ്‌റ്റെയിന്‍മയര്‍, ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, മന്ത്രിസഭാംഗങ്ങള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ മുന്‍കാലങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സാങ്കേതികവിദ്യ, ഊര്‍ജം, വിനോദസഞ്ചാരം, പശ്ചാത്തലവികസനം, കാലാവസ്ഥാമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി ജര്‍മനിയുമായി കരാറുണ്ടാക്കിയേക്കും. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സാന്പത്തിക സഹകരണ ഉറപ്പും മോദി യൂറോപ്യന്‍ യൂണിയനില്‍ നിന്നും പ്രതീക്ഷി്ക്കുന്നുണ്ട്. പ്രധാനമന്ത്രിയായതിനു ശേഷം ഇത് മൂന്നാംതവണയാണ് മോദി ജര്‍മനിയില്‍ എത്തുന്നത്.

ആറു ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ ജര്‍മനിക്കു പുറമെ സ്‌പെയിന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി മോദി സന്ദര്‍ശിക്കുന്നത്. 

സ്‌പെയിനില്‍ എത്തുന്ന മോദി, രാജാവ് ഫെലിപ്പ് ആറാമന്‍, പ്രധാനമന്ത്രി മരിയാനോ രജോയ് എന്നിവരുമായി കൂടിക്കാണും. പാരന്പര്യേതര ഊര്‍ജം, ഹൈസ്പീഡ് റെയില്‍, തുരങ്ക നിര്‍മാണം, ഭീകരവിരുദ്ധ പ്രവര്‍ത്തന സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.

31 ന് റഷ്യയിലെത്തുന്ന മോദി ജൂണ്‍ രണ്ടു വരെ റഷ്യയിലുണ്ടാവും. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി കൂടിക്കാണുന്ന നടത്തുന്ന മോദി, വ്യാപാര നിക്ഷേപ മേഖലകളില്‍ റഷ്യയുടെ സഹകരണം തേടും. 18 ാം റഷ്യഇന്ത്യ ഉച്ചകോടിയിലും, സെന്റ് പീറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ സമ്മേളനത്തിലും പങ്കെടുക്കും.

ജൂണ്‍ 2 ന് ഫ്രാന്‍സിലെത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തും. സാന്പത്തിക വ്യാപാരബന്ധം, പ്രതിരോധ രംഗത്തെ സഹകരണം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

യൂറോപ്യന്‍ യൂണിയന്‍ മുന്പ് നടപ്പിലാക്കിയ ബ്‌ളൂകാര്‍ഡ് സംവിധാനത്തിന്റെ പുതിയ വശങ്ങള്‍ ആരാഞ്ഞുള്ള ചര്‍ച്ചകളും മോദി സന്ദര്‍ശനത്തില്‍ വിഷയമാക്കുന്നുണ്ട്. ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളും ബ്‌ളൂകാര്‍ഡ് സംവിധാനം നടപ്പിലാക്കിയ സ്ഥിതിക്ക് ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ഐടി പോലുള്ള മേഖലയിലെ വിദഗ്ധര്‍ക്ക് ഇയുവില്‍ ജോലി സാധ്യതകള്‍ ഉണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ചേക്കും. ബ്രെക്‌സിറ്റ് വന്നതോടെ ബ്രിട്ടനും അയര്‍ലന്‍ഡും ഡെന്‍മാര്‍ക്കും ബ്‌ളൂകാര്‍ഡ് സംവിധാനത്തില്‍ നിന്ന് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക