Image

ഇന്ത്യന്‍ മാംസഭോജികളുടെയും മൃഗരാജന്റെയും വയറ്റത്തടിച്ച നിരോധനം (എ.എസ് ശ്രീകുമാര്‍)

Published on 30 May, 2017
ഇന്ത്യന്‍ മാംസഭോജികളുടെയും മൃഗരാജന്റെയും വയറ്റത്തടിച്ച നിരോധനം (എ.എസ് ശ്രീകുമാര്‍)
നാട്ടുകാരുടെ ബീഫ് മോഹം കുട്ടിച്ചോറാക്കി പച്ചക്കറി പ്രധാനമന്ത്രി മോഡി ബീഫ് സുലഭമായ വിദേശ രാജ്യങ്ങളിലേയ്ക്ക് പറപറന്നിരിക്കുകയാണ്. കറക്കമൊക്കെ കഴിഞ്ഞ് ഇന്ത്യയിലിറങ്ങുമ്പോള്‍ പോത്തും കാളയും ആടും എരുമയുമാകും നൂറ്റാണ്ടു കണ്ട ഈ മൃഗമാന്യനെ മുക്രയിട്ട് വരവേല്‍ക്കുക. ഇന്ത്യയിലെ ബീഫ് നിരോധനം ഇരുകാലി മൃഗങ്ങളായ മനുഷ്യരുടെ മാത്രമല്ല വയറ്റത്തടിച്ചത്, ചില മൃഗങ്ങളുടെ കൂടിയാണെന്നോര്‍ക്കുക...കഷ്ടം.

മൃഗശാലകളിലെ മൃഗങ്ങള്‍ക്കുള്ള ഇറച്ചി എത്തിക്കുന്ന കരാറുകാര്‍ ആശങ്കയിലാണ്. മൃഗശാലകളെ ഇതില്‍ നിന്നും ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മാടുകളെ കൊല്ലുന്ന നിയമം കര്‍ക്കശമാക്കിയാല്‍ മൃഗശാലയിലെ മൃഗങ്ങള്‍ക്കു നല്‍കുന്ന മാട്ടിറച്ചിക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു. കോഴി, ആട് തുടങ്ങിയവ ഭക്ഷണമായി നല്‍കേണ്ടി വരും. തിരുവനന്തപുരം മൃശാലയില്‍ ഒരു ദിവസം 130 കിലോ മാട്ടിറച്ചിയാണ് മൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്‍കുക. പ്രദര്‍ശനകൂട്ടിലും തുറന്ന കൂട്ടിലും കഴിയുന്ന സിംഹം, കടുവ, പുലി, കടുവ, മൂങ്ങ, പരുന്ത്, കഴുകന്‍, മുതല, ചീങ്കണ്ണി തുടങ്ങിയവയ്ക്കാണ് മാംസം വിതരണം ചെയ്യുന്നത്. അവ പട്ടിണിയാകുമെന്നുറപ്പ്.

കരാറുകാര്‍ കാലിച്ചന്തകളില്‍ നിന്നു തിരഞ്ഞെടുക്കുന്ന അറവു മൃഗങ്ങളെ മൃഗശാലയിലെ ഡോക്ടര്‍ രോഗമില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയാണ് അറവിനു നല്‍കേണ്ടത്. മാംസക്കഷണങ്ങള്‍ ലാബില്‍ പരിശോധിച്ച് ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പു വരുത്തിയാണ് നല്‍കുന്നതെന്ന് മൃഗശാലാധികൃതര്‍ പറഞ്ഞു.തിങ്കളാഴ്ചയൊഴികെയുള്ള ദിവസങ്ങളിലാണ് മൃഗങ്ങള്‍ക്കു മാംസം നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സിംഹത്തിന് ഒരു ദിവസം ഏഴ്, വെള്ളക്കടുവയ്ക്ക് 10, കടുവയ്ക്ക് ഏഴ്, പുള്ളിപ്പുലിക്ക് മൂന്ന് കിലോ എന്നിങ്ങനെയാണ് ഇറച്ചി നല്‍കുന്നത്. അതുപോലെ മൃഗശാലയിലെ പ്രദര്‍ശനക്കൂട്ടിലുള്ള മൂങ്ങ, കഴുകന്‍, പരുന്ത് എന്നിവയ്ക്ക് അരക്കിലോ ഇറച്ചിയാണ് ദിവസവും നല്‍കുന്നത്. 
***
ചില കണ്ണുപൊത്തിക്കളികളിലേയ്ക്ക്...

ഉത്തരവ് നിലനില്‍ക്കുമ്പോഴും മുയല്‍ക്കശാപ്പ് തുടരുന്നു. കശാപ്പിനുള്ള കന്നുകാലികളെ നിരോധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ നേരത്തെ നിയന്ത്രണമുണ്ടായിരുന്ന മുയല്‍ക്കശാപ്പും ചര്‍ച്ചയാകുന്നു. 2014 ഓഗസ്റ്റില്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി മുയലുകളെ കൊല്ലുന്നത് നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുകയും ചെയ്തു. മുയലിറച്ചി വ്യാപകമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ വന്‍ തോതില്‍ മുയല്‍ ഫാമുകളും പ്രവര്‍ത്തിക്കുന്നുമുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡിയോടെ വായ്പയെടുത്ത് കര്‍ഷകര്‍ ഫാമുകള്‍ നടത്തുന്നുണ്ട്. നബാര്‍ഡ് വായ്പയും നല്‍കുന്നുണ്ട്. ചെറുകിട കര്‍ഷകര്‍ക്കു പുറമേ വീടുകളിലും ഭക്ഷണാവശ്യത്തിനായി മുയലുകളെ വളര്‍ത്തുന്നുണ്ട്.

കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ നിര്‍ദേശം വന്നതോടെ മുയല്‍ ഫാമുകള്‍ പൂട്ടേണ്ടി വരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതു സംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതി. നബാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സബ്‌സിഡിയോടെയാണ് കേരളത്തില്‍ കര്‍ഷകര്‍ ഫാം നടത്തുന്നതെന്ന് അറിയിച്ചു. ഇതുവരെ കേന്ദ്രത്തില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. മുയല്‍ ഫാമുകളുടെ പ്രവര്‍ത്തനം തുടര്‍ന്നു. പുതുതായി ഫാമുകള്‍ ഒന്നും വന്നിട്ടില്ല. 2014-ലെ ഉത്തരവു പ്രകാരം കൊല്ലാന്‍ പാടില്ലാത്ത മൃഗങ്ങളുടെ പട്ടികയിലാണ് മുയലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു. അതിനാല്‍ നിരോധന ഉത്തരവ് നിലനില്‍ക്കുന്നു.
***
ഇനി കണക്കിന്റെ കളി... നിരോധനം ഏറ്റവും ദോഷകരമായി ബാധിക്കുന്ന സംസ്ഥാനം കേരളമാകും. പരമ്പരാഗത ഇറച്ചിക്കച്ചവടം കുത്തകകള്‍ക്ക് വഴിമാറും. ഇത് മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരെയും ബാധിക്കും. ആറുലക്ഷം കര്‍ഷകരാണ് മൃഗസംരക്ഷണ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യാത്ത മൂന്നു ലക്ഷം പേര്‍ കൂടി കന്നുകാലി വളര്‍ത്തല്‍ മുഖ്യ ഉപജീവനമാക്കിയിട്ടുണ്ടെന്നാണ് വകുപ്പിന്റെ കണക്ക്. ശരാശരി 1,17,725 മൃഗങ്ങളെയാണ് ഒരു മാസം കേരളത്തില്‍ ഇറച്ചിക്കായി ഉപയോഗിക്കുന്നത്. മാടുകള്‍ (പശു, കാള, പോത്ത്, എരുമ), ആട്, പന്നി എന്നിവയെല്ലാമായാണിത്. ഇതില്‍ 55,651 മൃഗങ്ങളെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ കാലിച്ചന്തകളില്‍ നിന്നാണ് ഇവയെ വാങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടപ്രകാരം ഇത്തരം കാലിച്ചന്തകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമിറക്കിയ ചട്ടത്തിലെ 22(3)-ലെ വ്യവസ്ഥയാണ് കേരളത്തെ ഏറെ ദോഷകരമായി ബാധിക്കുന്നത്. അറവുമാടുകളെ ചന്തയില്‍ വില്‍ക്കുന്നത് നിരോധിക്കുന്നതാണ് ഈ വ്യവസ്ഥ. വലിയ ഫാമുകളില്‍ മാടുകളെ വളര്‍ത്തി അവിടെത്തന്നെയുള്ള അറവുശാലയിലൂടെ ഇറച്ചി വിപണിയിലെത്തിക്കുന്നതിന് പുതിയ ചട്ടപ്രകാരം തടസ്സമില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആറുലക്ഷം കര്‍ഷകരും ഈ ഗണത്തിലുള്ളവരല്ല. ഉപജീവനത്തിനായി കാലികളെ വളര്‍ത്തുന്നവരാണ്. വലിയ ഫാമുകള്‍ സ്ഥാപിച്ച് ഇറച്ചിയുത്പാദനത്തിനും കേരളത്തില്‍ പരിമിതിയുണ്ട്. ഇത്തരം ഫാമും അറവുശാലയും വിപണന ശൃംഖലയുമുണ്ടാക്കുന്ന കുത്തകകള്‍ക്ക് കേരളത്തിലെ ഇറച്ചി വിപണി വഴിമാറുമെന്നതാണ് പുതിയ വ്യവസ്ഥകളുണ്ടാക്കുന്ന അനന്തര ഫലം. ഇതുമൂലം കര്‍ഷകരും ഇറച്ചിമേഖലയില്‍ പണിയെടുക്കുന്നവരുമായുള്ള ഏകദേശം 16 ലക്ഷം പേരുടെ ജീവിതത്തെ ബാധിക്കും.

ജില്ല, അറവുശാലകള്‍, അറവു ചെയ്യുന്ന മൃഗങ്ങളുടെ എണ്ണം എന്നിങ്ങനെ വെറുതെ വായിച്ച് സമാധാനപ്പെടാം...തിരുവനന്തപുരം, 34, 3925. കൊല്ലം, 74, 17421. പത്തനംതിട്ട, 40, 3027. കോട്ടയം, 46, 4885. ആലപ്പുഴ, 80, 15,355. ഇടുക്കി, 53, 8112. എറണാകുളം, 102, 4201. തൃശൂര്‍, 32, 6744. പാലക്കാട്, 23, 6970. മലപ്പുറം, 90, 23,639. കോഴിക്കോട്, 82, 5455. വയനാട്, 14, 6318. കണ്ണൂര്‍, 87, 9846. കാസര്‍കോട്, 40, 1827... ഒരു മാസം മറ്റ് സംസ്ഥാനത്തില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന അറവുമാടുകള്‍: പശു, 38685, കാള, 14,008, ആട്, 1741, പന്നി, 1217. മൃഗസംരക്ഷണവകുപ്പ് രേഖപ്പെടുത്തിയിട്ടുള്ള കണക്കാണിത്. ഓരോ മാസവും ഓരോ ജില്ലയിലെയും കണക്കുകള്‍ വ്യത്യാസപ്പെടാമെന്ന് അധികൃതര്‍ പറയുന്നു.
***
ഒരു മുത്തശ്ശിക്കഥ...കണക്കും കാര്യങ്ങളും ഇങ്ങനെയൊക്കെയാണെങ്കിലും മാംസ സ്‌നേഹികള്‍ ബീഫ് ഫെസ്റ്റും പട്ടാപ്പകല്‍ കാളെയും മറ്റും പബ്‌ളിക്കായി കണ്ടിച്ച് ആഞ്ഞ് പ്രതിഷേധിച്ചു. കേരളമായിരുന്നു ഇക്കാര്യത്തില്‍ മാതൃക കാട്ടിയത്. ഇപ്പോള്‍ നാട്ടിലെ പോത്തിന്റെയും കാളയുടെയുമൊക്കെ സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണ്. അപകടം മണത്ത് ചിലര്‍ മുന്‍കൂട്ടി
ഇറച്ചി തരപ്പെടുത്തി അച്ചാറിട്ട് സൂക്ഷിച്ചിക്കുന്നു...ആഘോഷദിനങ്ങളില്‍ മാത്രം വേദനയോടെ തൊട്ടു കൂട്ടാന്‍. അതും കാലിയാകുമ്പോള്‍ നാല്‍ക്കാലി മാംസം ഗതകാല സ്മരണയാകും. വരുംകാല തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ മുത്തശ്ശിക്കഥയിലെ ലേറ്റസ്റ്റ് വിഷയമാകും ബീഫ്...മോദിയുടെ ചെവിയില്‍ വേദമോദിയിട്ട് വല്ല കാര്യവുമുണ്ടോ...

ഇന്ത്യന്‍ മാംസഭോജികളുടെയും മൃഗരാജന്റെയും വയറ്റത്തടിച്ച നിരോധനം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക