Image

തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 6: ആന്‍ഡ്രൂ പാപ്പച്ചന്‍ )

Published on 01 June, 2017
തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 6: ആന്‍ഡ്രൂ പാപ്പച്ചന്‍ )
മദിരാശിപ്പട്ടണം മാലിനിയ്ക്ക് കൗതുകങ്ങളുടേതായി. എവിടെ നിന്നൊക്കെയോ വന്ന് നഗരത്തിന്റെ ഭാഗമാകുന്നവര്‍. ജയകുമാറും മാലിനിയും അവര്‍ക്കൊപ്പം നഗരത്തിരക്കുകളില്‍ ഒന്നുചേര്‍ന്നു. അന്നാട്ടിലെ ജീവിതരീതികള്‍, സംസ്കാരം, ഭാഷ, എല്ലാറ്റിനോടും അവര്‍ പൊരുത്തപ്പെട്ടു.

അടുക്കളയില്‍ മാലിനിക്ക് പരീക്ഷണങ്ങളുടേതായിരുന്നു ഓരോ ദിനവും. മുമ്പ് ചെയ്ത് ശീലമില്ലെങ്കിലും തോരനും മെഴുക്കുപുരട്ടിയും അവിയലും സാമ്പാറുമൊക്കെ മാലിനിയുടെ കൈകള്‍ക്ക് വഴങ്ങിത്തുടങ്ങി. ഭക്ഷണമൊരുക്കണം, വസ്ത്രങ്ങള്‍ അലക്കിത്തേക്കണം, സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകണം. എല്ലാറ്റിനും ജയകുമാര്‍ മാലിനിക്കൊപ്പം നിന്നു. വൈകുന്നേരങ്ങളില്‍ അസൈന്‍മെന്റുകള്‍ക്കുവേണ്ടി അവര്‍ ഒരുമിച്ചിരുന്നു.

അവധിയുടെ ആലസ്യം നിറഞ്ഞ വൈകുന്നേരങ്ങളില്‍ മറീനാ ബീച്ചിന്റെ സ്വസ്ഥതയിലേക്കവര്‍ ചേക്കേറും. 12 കിലോമീറ്ററോളം നീളത്തിലുള്ള ബീച്ചിലെങ്ങും സൈ്വരവിഹാരത്തിനെത്തുന്നവരുടെ വന്‍നിരകള്‍ തന്നെയുണ്ടാകും. ബീച്ചിന്റെ ഏതെങ്കിലും സ്വസ്ഥമായൊരിടത്ത് കടലകൊറിച്ചും ഐസ്ക്രീം നുണഞ്ഞും കടലലകളുടെ സംഗീതത്തിന് കാതോര്‍ത്തും നില്‍ക്കുമ്പോള്‍ മണിക്കൂറുകള്‍ കൊഴിയുന്നതറിയില്ല. തമിഴ്‌നാട്ടിലെ ഡി.എം.കെ (ദ്രാവിഡ മുന്നേറ്റകഴകം) സ്ഥാപകന്‍ അണ്ണാ ദുരൈയുടെ പേരിലുള്ള അണ്ണാപാര്‍ക്കും സിനിമാനടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം.ജിരാമചന്ദ്രന്റെ ശവകുടീരവും ബീച്ചിനടുത്തു തന്നെയാണ്.

കാമരാജ് റോഡിലെ സെന്റ് ജോര്‍ജ് കോട്ട, ഗിണ്ടി നാഷണല്‍ പാര്‍ക്ക്, അന്ന സുവോളജിക്കല്‍ പാര്‍ക്ക്, സ്‌നേക്ക് പാര്‍ക്ക്, ദക്ഷിണ ചിത്ര അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഹൈക്കോടതി കെട്ടിടം, കവി തിരുവള്ളുവരുടെ സ്മരണയ്ക്ക് നിര്‍മിച്ച വള്ളുവര്‍കോട്ടം ഇങ്ങനെ കാണാനേറെയുണ്ട് മദിരാശി നഗരത്തിലെങ്ങും. ബീച്ചിന്റെ ആരവങ്ങളില്‍ കടലപ്പൊതി വിറ്റു നടക്കുന്ന തമിഴ് പയ്യന്റെ ദൈന്യത നിറഞ്ഞ മുഖം... അത് മാലിനിയെ വേട്ടയാടിക്കൊണ്ടേയിരുന്നു. അവള്‍ ആ കുട്ടിയുടെ വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. സുഖമില്ലാതെ കിടക്കുന്ന അമ്മയ്ക്കും തനിക്ക് താഴെയുള്ള അനുജത്തിക്കും ഭക്ഷണത്തിനുവേണ്ടിയാണ് ആ പത്തു വയസുകാരന്‍ മദിരാശി നഗരത്തിന്റെ തിരക്കുകളിലേക്ക് കടന്നുവന്നതെന്നറിഞ്ഞ് മാലിനിയുടെ മിഴികള്‍ ഈറനണിഞ്ഞു. അവനെ കാണുമ്പോഴൊക്കെ മാലിനി ഒരു 50 രൂപാ നോട്ടെടുത്ത് നീട്ടും. സന്തോഷത്തോടെയും ആശ്ചര്യത്തോടെയും നന്ദിയോടെയും അവന്റെ മിഴികള്‍ വിടരുന്നതു കണ്ട് മാലിനിയുടെ ഹൃദയം സന്തോഷത്താല്‍ നിറയും. മദിരാശി നഗരത്തിലെ കൗതുകങ്ങളൊന്നുപോലും അവര്‍ കാണാതെ ബാക്കിവച്ചില്ല. ജീവിതം ശരിക്കും ആഘോഷമായി കടന്നു പോയി. ഒരു തിങ്കളാഴ്ച രാവിലെ തിടുക്കത്തില്‍ കോളജിലേക്ക് പോകാന്‍ തയാറെടുക്കുകയാണ് മാലിനി. പ്രഭാതഭക്ഷണം വിളമ്പുന്നതിനിടെ തലചുറ്റലോടെ മാലിനി അസ്വസ്ഥയായി കസേരയിലിരുന്നു. കുറച്ചുനേരം വിശ്രമിച്ചിട്ടും ക്ഷീണം വിട്ടുമാറിയില്ല. കോളജില്‍ പോകാതെ ടാക്‌സിയിലവര്‍ വേഗം ആശുപത്രിയിലെത്തി. പരിശോധനകള്‍ക്കൊടുവില്‍ പുഞ്ചിരിയോടെ ഡോക്ടര്‍ പറഞ്ഞു. "സന്തോഷിക്കാന്‍ വകയുണ്ട.്' ഒന്നും മനസിലാകാതെ അവര്‍ പരസ്പരം നോക്കി. "നിങ്ങള്‍ അമ്മയും അഛനുമാകാന്‍ പോകുന്നൂന്ന്. അവരുടെ മിഴികള്‍ സന്തോഷത്താല്‍ വിടര്‍ന്നു. മാലിനിയുടെ ഉള്ളില്‍ രൂപപ്പെട്ട ജീവന്റെ തുടിപ്പ് അവരില്‍ ആവേശമായി നിറഞ്ഞു.

തിരികെ ബസില്‍ വീട്ടിലേക്കുള്ള യാത്രയില്‍ ഭാവനയുടെ ലോകത്തൊരു കൊച്ചുകൊട്ടാരം തന്നെ തീര്‍ത്തു അവരിരുവരും. ഒരു കുഞ്ഞിന്റെ കളിചിരികളതില്‍ നിറഞ്ഞു. വീട്ടിലെത്തിയയുടന്‍ മൂവാറ്റുപുഴയ്ക്കും എറണാകുളത്തിനും വിളിച്ചു. വിവരമറിഞ്ഞതേ സുശീലയ്ക്ക് മകളെ കാണാന്‍ തിടുക്കമായി. അവര്‍ പറഞ്ഞു.

""അവിടെ വരെ വന്നാലേ ഇനി മനസ് സമാധാനമാകൂ. ഈ സന്തോഷത്തില്‍ നിങ്ങള്‍ക്കൊപ്പമായിരിക്കാന്‍ മനസ് കൊതിക്കുന്നു. നാളെത്തന്നെ ഞങ്ങളിവിടുന്ന് പുറപ്പെടാം. മാലിനിക്ക് കുറച്ചുകാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനുണ്ട്.''

""ഇവിടെ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലമ്മാ. ഇനി മാലിനിയെ കാണാതെ വയ്യാന്നുണ്ടെങ്കില്‍ വന്നോളൂ.'' ജയകുമാര്‍ പറഞ്ഞു. ജീവിതത്തിന് പുതിയൊരര്‍ഥം വന്നു തുടങ്ങിയ നിമിഷങ്ങളായിരുന്നു മാലിനിക്കും ജയകുമാറിനും. രണ്ടുദിവസം കഴിഞ്ഞു. മാധവനും സുശീലയുമെത്തി. മധുര പലഹാരങ്ങളും പുത്തന്‍ ഡ്രസുകളും പെട്ടി നിറയെ അവര്‍ കരുതിയിരുന്നു. ജോലിക്കാരി ജാനകിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. വന്നപ്പോള്‍ മുതല്‍ സുശീല മാലിനിക്കൊപ്പമായിരുന്നു.

""എന്തൊക്കെ കഴിക്കണം. എന്തൊക്കെ പണികള്‍ ചെയ്തുകൂടാ എന്ന് നിര്‍ദേശങ്ങളുടെ ഒരു ലിസ്റ്റു തന്നെ അവര്‍ മകള്‍ക്ക് പറഞ്ഞു കൊടുത്തു.

""നീയും കൂടി വീട്ടിലേക്ക് പോര് മാലിനി. വിശ്രമം വേണ്ട സമയമാണിത്.'' സുശീല പറഞ്ഞു.
"" ഇപ്പോ വന്നാപ്പിന്നെ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പറ്റില്ലല്ലോ അമ്മേ. ഞാനീ പരീക്ഷ കൂടിക്കഴിഞ്ഞുവന്നോളാം.''മാലിനി പറഞ്ഞു.

ഒരാഴ്ച നിന്നിട്ട് മാധവനും സുശീലയും തിരിച്ചുപോയി. ക്ഷീണത്തിന്റെയും അസ്വസ്ഥതയുടെയും ദിവസങ്ങളായിരുന്നു പിന്നീട് മാലിനിക്ക്. സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാതെ പിന്നോട്ടില്ലെന്ന ദൃഢനിശ്ചയത്തിനു മുന്നില്‍ അവള്‍ അസ്വസ്ഥകള്‍ മറന്നു.

ജയകുമാര്‍ എം.ബി.എ പൂര്‍ത്തിയാക്കും വരെ മദ്രാസില്‍ ഒപ്പം നില്‍ക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. ക്ഷീണം കൂടി വന്നെങ്കിലും അവള്‍ മനസിനെ തളരാതെ പിടിച്ചു നിര്‍ത്തി.
""എന്തിനാ മാലിനീ, നീയീ ബുദ്ധിമുട്ടെല്ലാം സഹിച്ചിവിടെ നില്‍ക്കുന്നേ? വീട്ടില്‍ പോയി അഛനും അമ്മയ്ക്കുമൊപ്പം നിന്നുകൂടേ നിനക്ക്? അവിടെയാണെങ്കി നിനക്കീ ജോലിയൊന്നും ചെയ്യേണ്ടല്ലോ?''
""ഞാനിപ്പോ ഒരിടത്തേയ്ക്കും പോകുന്നില്ല. ജയകുമാറിനൊപ്പം നിന്നാമതിയെനിക്ക്. ഇതൊന്നും ഒരു സഹനമായിട്ടെനിക്ക് തോന്നുന്നുമില്ല. ജയകുമാറില്ലാതെയൊരു ജീവിതം എനിക്ക് ചിന്തിക്കാനൂടി പറ്റില്ല. എല്ലായ്‌പ്പോഴും നമ്മളൊരുമിച്ചാവണമെന്ന് മനസ് കൊതിക്കുന്നു.''

""എനിക്കും അങ്ങനെ തന്നെ. പക്ഷേ... നിന്റെ ഈ ക്ഷീണവും ബുദ്ധിമുട്ടും കണ്ടിട്ടാ വീട്ടിപ്പൊയ്‌ക്കൊള്ളാന്‍ ഞാന്‍ പറഞ്ഞത്.''

""ഇതൊന്നും അത്ര വലിയ പ്രശ്‌നമായി കരുതണ്ടെന്നേ. എല്ലാ പെണ്ണും അനുഭവിക്കുന്ന വിഷമങ്ങളല്ലേയുള്ളൂ, ഇതും. ഇവിടുത്തെ ചേരികളിലും തെരുവുകളിലും കഴിയുന്ന പാവങ്ങളെങ്ങനെയാ? ഗര്‍ഭിണികള്‍ പോലും എത്രയധ്വാനിച്ചാ അന്നന്നത്തെ ഭക്ഷണം കണ്ടെത്തുന്നേ? നമുക്കങ്ങനത്തെ പ്രശ്‌നമൊന്നുമില്ലല്ലോ. ഇതൊക്കെ കാണുമ്പോ എനിക്കും തോന്നാറുണ്ട്, ആ പാവങ്ങള്‍ക്കൊപ്പം പോയി പണി ചെയ്താലോന്ന്. അതിന്റെ ബുദ്ധിമുട്ടും അറിയാമല്ലോ. പണം സമ്പാദച്ചു കൂട്ടിയതുകൊണ്ടുമാത്രം എന്തുകാര്യം. പണമൊരിക്കലും സന്തോഷം കൊണ്ടുവരില്ല. അതിനൊപ്പം പ്രശ്‌നങ്ങളുടെ കൂമ്പാരം തന്നെയുണ്ടാകും.''

""അതൊക്കെ ശരി തന്നെ മാലിനി. ഇപ്പോ ഇതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട സമയമല്ല. ''
മാലിനി പക്ഷേ നിര്‍ത്താനൊരുക്കമായിരുന്നില്ല. അവള്‍ തുടര്‍ന്നു. ""സന്തോഷം തേടുന്ന തിരക്കിലാണെന്നും ഓരോ മനുഷ്യമനസിന്റെയും സഞ്ചാരം. നമ്മളും അതുപോലൊക്കെത്തന്നെ. പക്ഷെങ്കി പണമോ സുഖമോ ഒന്നും ശാശ്വതമായ സന്തോഷം നല്‍കില്ലെന്നതാണ് യാഥാര്‍ഥ്യം. അത് ഞാന്‍ അനുഭവിച്ചറിഞ്ഞതാ. ജയകുമാറിനെ കണ്ടുമുട്ടുംവരെ അധികമാരോടും മിണ്ടാത്ത, ഏകയായി നടക്കാനിഷ്ടപ്പെടുന്നൊരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. സ്റ്റെല്ല മാത്രമായിരുന്നൂ അന്നെനിക്കാശ്വാസം. പണത്തിനും സൗകര്യങ്ങള്‍ക്കും ഒരു കുറവുമില്ലായിരുന്നല്ലോ അന്നും. ഇന്നിപ്പോ ഞാനെത്ര സന്തോഷവതിയാ.''

""ശരിയാ...'' പണം കുമിഞ്ഞു കൂടിയതുകൊണ്ടുമാത്രം സന്തോഷം കിട്ടില്ല. മാലിനിയെ കണ്ടതു മുതല്‍ എന്റെയും ജീവിതം എത്ര മാറിയിരിക്കുന്നു. ധനികനായൊരു ബിസിനസുകാരന്റെ മകളാണെന്നൊന്നും അറിഞ്ഞല്ലല്ലോ ഞാന്‍ തന്നെ ഇഷ്ടപ്പെട്ടത്. നിന്റെ ബുദ്ധിശക്തിയും ലാളിത്യവും കൊണ്ടാ ഞാനും നിന്നിലേക്കടുത്തത്.''

""പണവും സമ്പത്തും സംബന്ധിച്ച് നമ്മുടെ കാഴ്ചപ്പാടുകളൊന്നായതു നന്നായി. ഇവിടുന്ന് തിരിച്ചുപോയി അഛന്റെ കമ്പനിയില്‍ ജോലിക്ക് കയറുമ്പോള്‍ പാവങ്ങളെ സഹായിക്കാനൊരു ചാരിറ്റി സംഘടന തുടങ്ങണം നമുക്ക്.''

""ആകാമല്ലോ, എനിക്കതിലൊന്നും വിരോധമില്ല. നമ്മുടെ സമ്പത്തും അറിവും അങ്ങനെ അതര്‍ഹിക്കുന്ന മറ്റുള്ളവര്‍ക്കും കൂടി പങ്കിടാം. അതു നല്‍കുന്ന സന്തോഷം മറ്റൊന്നിലും നിന്ന് സ്വന്തമാകില്ല.
നമുക്കിനി സംസാരം നിര്‍ത്താം മാലിനീ. നീ പോയിവിശ്രമിക്ക്.'' ജയകുമാര്‍ നിര്‍ബന്ധിച്ചപ്പോള്‍ മാലിനി മുറിയിലേക്ക് പോയി. ദിവസങ്ങള്‍ കടന്നുപോയി. പരീക്ഷയ്ക്കായി തിരക്കിട്ടു പഠിക്കുകയാണ് മാലിനി. പരീക്ഷാ സമയത്ത് അമ്മ മാലിനിയുടെ സഹായത്തിനുണ്ടായിരുന്നു. അവസാന പരീക്ഷയും ഗ്രാജുവേഷനും കഴിഞ്ഞതോടെ അഛനെത്തി എല്ലാവരെയും കൂട്ടിക്കൊണ്ടുപോയി. കമ്പനിയില്‍ ജോലിക്ക് കയറുന്നതിനുള്ള തിരക്കിലായിരുന്നു ജയകുമാറും മാലിനിയും. ""ജയകുമാര്‍ അസി. ഫിനാന്‍സ് മാനേജരും മാലിനി അസിസ്റ്റന്റ് ഹ്യൂമന്‍ റിസോഴ്‌സസ് മാനേജരുമായി ചേര്‍ന്നോളൂ.'' മാധവന്‍ പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞ് ഇരുവരും കമ്പനികാര്യങ്ങളില്‍ സജീവമായി.
മാസങ്ങള്‍ കടന്നുപോയി. ശരീരക്ഷീണം മൂലം ഹയറിംഗ്, പ്രൊമോഷന്‍ കാര്യങ്ങളിലേ മാലിനി ഇടപെട്ടുള്ളൂ. യൂണിയന്റെ ആലോചനാ യോഗങ്ങളിലും തീരുമാനങ്ങളെടുക്കുന്നതിലും അവള്‍ മുന്നില്‍തന്നെയുണ്ടായിരുന്നു.

ഫാക്ടറിയിലും ഓഫീസിലും തൊഴിലാളികളോട് സംസാരിക്കാനും അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും മാലിനി സമയം കണ്ടെത്തി. തൊഴിലാളികളുമായി സൗഹാര്‍ദപരമായി ഇടപെടുന്നതില്‍ മാലിനി വിജയമായി. സ്റ്റാഫ് മീറ്റിംഗുകള്‍ വിളിച്ചുചേര്‍ത്ത് തൊഴിലാളികളുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാനും ജൂണിയര്‍ മാനേജര്‍മാരെ ദിവസവുമുള്ള തീരുമാനമെടുക്കലില്‍ പങ്കാളിയാക്കാനും മാനേജര്‍മാരെ മാലിനി ഉപദേശിച്ചു. ഉല്‍പാദന മേഖലയിലായിരുന്നു ജയകുമാറിന്റെ ഇടപെടലുകള്‍. ചെലവ് ചുരുക്കലുകള്‍ക്കായി ജയകുമാര്‍ തൊഴിലാളികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. മാസങ്ങള്‍ കടന്നുപോയതോടെ മരുന്നുകളുടെയും ആശുപത്രി പരിശോധനകളുടെയും തിരക്കിലായി മാലിനി. പ്രസവത്തിന് രണ്ടു ദിവസം മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റായി. ലേബര്‍ റൂമിനു പുറത്ത് ജയകുമാറും അഛനുമമ്മയും കാത്തിരുന്നു. പ്രതീക്ഷകള്‍ക്കുമേല്‍ തിളക്കമേകി കുഞ്ഞിന്റെ കരച്ചിലുയര്‍ന്നു കേട്ടു.

""ഇവന്‍ മാലിനിയെ പോലിരിക്കുന്നല്ലേ അമ്മേ.'' കുഞ്ഞിനെ കൈയിലെടുത്ത് ജയകുമാര്‍ പറഞ്ഞു.
""അതെ.''
സുശീലയും അത് ശരിവച്ചു.

""അതിപ്പോഴേ എങ്ങനെ പറയാന്‍ പറ്റും? കുഞ്ഞുണ്ടായതല്ലേയുള്ളൂ? മാധവന്‍ പറഞ്ഞു. ജയകുമാര്‍ പുറത്തിറങ്ങി അഛനെയും അമ്മയെയും ഫോണില്‍ വിവരമറിയിച്ചു.

""ഞങ്ങളുടനെ കുഞ്ഞിനെ കാണാന്‍ വരുന്നുണ്ട്.''
രാഘവനും ജാനകിയും പറഞ്ഞു. ഞാന്‍ ഡ്രൈവറെ കാറുമായങ്ങോട്ടയയ്ക്കാം. എല്ലാര്‍ക്കും കൂടി പോരാമല്ലോ.'' ജയകുമാര്‍ പറഞ്ഞു. "എന്നാലിപ്പോള്‍ തന്നെ ഞങ്ങള്‍ റെഡി. വേഗം കാറയച്ചോളൂ' രാഘവന്‍ പറഞ്ഞു. ജയകുമാര്‍ കാറുമായി ഡ്രൈവറെ മുവാറ്റുപുഴയ്ക്ക് പറഞ്ഞുവിട്ടു. മാലിനിയും കുഞ്ഞും മുറിയിലെത്തി.

""നമുക്ക് കുഞ്ഞിനെ രഘൂന്ന് വിളിക്കാം. ജയകുമാറിന്റെ അഛന്റെ പേരില്‍.''
പറഞ്ഞിട്ട് മാധവന്‍ മാലിനിയെനോക്കി. ""എനിക്കും ആ പേരിഷ്ടമാ.'' മാലിനി പറഞ്ഞു.
എല്ലാവരും അത് ശരിവച്ചു. ജയകുമാറിന്റെ അഛനുമ്മയും സഹോദരിമാരും കുഞ്ഞിനെ കാണാനെത്തി. പിറ്റേന്ന് എല്ലാവരും കൂടി കുഞ്ഞിനെയും കൊണ്ട് എറണാകുളത്ത് മാലിനിയുടെ വീട്ടിലെത്തി. വീട്ടിലാകെ ഉത്സവാന്തരീക്ഷം. ഗംഗയും യമുനയുമെല്ലാം മാലിനിയുടെയും കുഞ്ഞിന്റെയും അരികിലുണ്ട്.

""ഗംഗയുടെ കോളജ് പഠനം തീരാറായില്ലേ.'' കുഞ്ഞിനരുകില്‍ നില്‍ക്കുകയായിരുന്ന ഗംഗയെ നോക്കി മാധവന്‍ ചോദിച്ചു.
""അവള്‍ ഇക്കൊല്ലം ഡിഗ്രി കഴിയും.'' മറുപടി പറഞ്ഞത് രാഘവനാണ്.
""ജയകുമാര്‍, നമ്മുടെ ഓഫിസിലെ പ്രവീണില്ലേ...., അവന്‍ ഗംഗയ്ക്ക് നല്ല ചേര്‍ച്ചയാവുമെന്നെനിക്ക് തോന്നുന്നു.'' മാധവന്‍ പറഞ്ഞു.
""പ്രവീണോ?'' ജയകുമാര്‍ വിശ്വാസം വരാതെ മാധവനെ നോക്കി.
""അതെ ഓഫിസിലുള്ള പ്രവീണിനെ തന്നെയാ ഞാനുദ്ദേശിച്ചത്.''
""പ്രവീണ്‍ നല്ല പയ്യനാ, എനിക്കും ഇഷ്ടമാ ഈ ആലോചന.''
""നമുക്ക് പ്രവീണിനോടൊന്ന് സംസാരിച്ചു നോക്കാം അല്ലേ രാഘവാ?''
""എനിക്ക് സമ്മതക്കുറവൊന്നുമില്ല. ഡിഗ്രി കഴിഞ്ഞാലുടന്‍ അവളുടെ കല്യാണം നടത്തണമെന്ന് ഞാനും പ്ലാന്‍ ചെയ്തിരിക്കുകയാ.'' രാഘവന്‍ പറഞ്ഞു.
"" അവളുടെ താല്‍പര്യമെന്താന്ന് ചോദിക്കണമല്ലോ.'' ജയകുമാര്‍ പറഞ്ഞു.
""നമുക്കിപ്പോള്‍ തന്നെ അവളോട് ചോദിക്കാം''. പറഞ്ഞുതീരും മുമ്പേ മാധവന്‍ ശബ്ദമുയര്‍ത്തി വിളിച്ചു.
""ഗംഗേ...''
ഗംഗ ഓടിയെത്തി.
""അമ്മാവന്‍ വിളിച്ചുവോ?''
ശ്വാസം വിടാതെയായിരുന്നു ഗംഗയുടെ ചോദ്യം.
""പഠിത്തം കഴിഞ്ഞാലുടന്‍ ഞങ്ങള്‍് നിന്റെ കല്യാണം നടത്താന്‍ പോകുന്നു. നിനക്ക് ഇഷ്ടക്കുറവൊന്നുമില്ലല്ലോ?''മാധവന്റെ ചോദ്യം കേട്ട് അവള്‍ ചിരിച്ചു കൊണ്ടു നിന്നതേയുള്ളൂ.
""ജയകുമാറിന്റെ ഓഫിസിലുള്ള പയ്യനാ, പ്രവീണ്‍. അവന്റെ അഛനും ഞാനും ബന്ധുക്കളാ.''
""അവള്‍ ഒന്നും പറയാതെ നിലത്തുനോക്കി നിന്നു.

""മാധവനിഷ്ടമാണെങ്കി ഞങ്ങള്‍ക്കും താല്‍പര്യമാ.'' രാഘവന്‍ പറഞ്ഞു.
ഗംഗയുടെ മുഖത്ത് നാണം കലര്‍ന്നൊരു ചിരി പടര്‍ന്നു. അവളവിടെ നിന്നോടി മാലിനിക്കരികിലേക്ക് പോയി. അന്ന് വൈകുവോളവും മാധവനും സുശീലയും കുഞ്ഞിനൊപ്പമായിരുന്നു. 28 കെട്ടിനു മുമ്പ് ജയകുമാര്‍ അമ്മയെയും കുഞ്ഞിനെയും മൂവാറ്റുപുഴയ്ക്ക് കൊണ്ടുപോയി. അയലത്തുകാരെ കൂടാതെ ഗ്രാമത്തിലെ നല്ലൊരു പങ്കാളുകളെയും ഇരുപത്തെട്ടുകെട്ടിന് ക്ഷണിച്ചിരുന്നു. താന്‍ നടത്താനുദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേദിയെന്ന നിലയിലാണ് മാലിനി ചടങ്ങിനെ കണ്ടത്. ജയകുമാറും മാധവനും പരിപാടി വിജയിപ്പിക്കുന്നതിനുള്ള തിരക്കില്‍ ഓടി നടന്നു.
സദ്യയ്ക്കിടെ അവിടെ കൂടിയിരുന്നവരെ സംബോധന ചെയ്ത് ജയകുമാര്‍ പറഞ്ഞു. "നല്ല ജീവിതം' എന്ന പേരിലൊരു ജീവകാരുണ്യ സംഘടനയ്ക്കും ഞങ്ങളിന്നിവിടെ തുടക്കമിടുന്നു. ഞങ്ങളുടെയീ പൊന്നോമനയുടെ ജീവിതത്തിലെ സുന്ദരമുഹൂര്‍ത്തം തന്നെ ഞങ്ങള്‍ അതിനായി തിരഞ്ഞെടുത്തത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് ഞങ്ങള്‍ക്കുള്ള അതിരറ്റ സ്‌നേഹം കൊണ്ടാണ്, ബാക്കികാര്യങ്ങള്‍ മാലിനി വിശദമായി പറയും.

ഒരു പുഞ്ചിരിയോടെ ജയകുമാര്‍ പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും മാലിനി പറഞ്ഞു തുടങ്ങി.
""ഒത്തിരി സ്‌നേഹത്തോടെയും പ്രതീക്ഷകളോടെയുമാണ് "നല്ല ജീവിതം' എന്ന ജീവകാരുണ്യ സംഘടനയ്ക്ക് ഞങ്ങള്‍ തുടക്കമിടുന്നത്. "നല്ല ജീവിത'ത്തിനൊരു കെട്ടിടം നിര്‍മിക്കാനും അവിടെയെത്തുന്നവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനും പണത്തിന് ഞാനേറെ ബുദ്ധിമുട്ടിയിരുന്നു. എന്റെയീ മോഹമറിഞ്ഞ് അഛനെനിക്ക് അഞ്ചുലക്ഷം രൂപ വച്ചുനീട്ടിയപ്പോഴെനിക്ക് വിശ്വസിക്കാനായില്ല. ഞങ്ങളുടെയീ പറമ്പില്‍ തന്നെ കെട്ടിടം പണിയണം.'' കോളജ് വിദ്യാഭ്യാസത്തിനും ഉന്നത പഠനങ്ങള്‍ക്കും പണമില്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഈ ചാരിറ്റി സംഘടന വഹിക്കും. എറണാകുളത്തെ ഞങ്ങളുടെ ഫാക്ടറിയില്‍ തൊഴിലൊഴിവുകളുണ്ടാവുമ്പോള്‍ ഇവിടെ നിന്ന് യുവാക്കളെ ജോലിക്കെടുക്കാം.'' മാലിനിയുടെ പ്രഖ്യാപനങ്ങള്‍ എല്ലാവരും കൈയടിച്ച് സ്വീകരിച്ചു.
സന്തോഷത്തോടെ എല്ലാവരും പിരിഞ്ഞു. സ്വന്തം നേട്ടങ്ങള്‍ക്കായി മാത്രം ജീവിക്കുന്നവര്‍ക്കിടയില്‍, സമൂഹത്തിനു വേണ്ടി സഹായം ചെയ്യാനിഷ്ടപ്പെടുന്ന, അതിന് സമയം നീക്കിവെക്കുന്ന മകള്‍ മാധവനും സുശീലയ്ക്കും സുകൃതമായി.

""എനിക്ക് കൂട്ടിന് ലഭിച്ച മാലാഖയാണ് നീ.'' ജയകുമാര്‍ പറഞ്ഞു.

""അങ്ങനെയൊന്നും പറയണ്ട ജയകുമാര്‍. ജീവകാരുണ്യവഴികളിലുള്ള എന്റെയീ അമിത ശ്രദ്ധ ജയകുമാര്‍ ഉള്‍ക്കൊള്ളുന്നതിലെനിക്ക് സന്തോഷമുണ്ട്. മറ്റാരെങ്കിലുമായിരുന്നെങ്കി ഇതൊന്നും മനസിലാക്കിയെന്നുവരില്ല.''

""തന്റെ നല്ല രീതികളെ അതിന്റെ എല്ലാ അര്‍ഥത്തിലും തന്നെയാ ഞാന്‍ മനസിലാക്കുന്നത്. ഈ സന്തോഷങ്ങളും സമ്പത്തുമൊക്കെ നൈമിഷികമാണെന്നാര്‍ക്കാണറിയാത്തത്. സന്തോഷം എവിടെ നിന്ന് തുടങ്ങുന്നു. അത് ദുഖങ്ങളില്‍ ചെന്ന് ചേരുന്നതെങ്ങനെ. പ്രാണന്‍ പോയാല്‍ മനുഷ്യനെന്ന വാക്കിനെന്തര്‍ഥം. ആദിയും അന്തവും ആരറിയുന്നു. അപ്പോള്‍ പിന്നെ മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയെങ്കിലും സന്തോഷം കണ്ടെത്താം. നീ ചെയ്യുന്നതിന് നൂറ് പുണ്യം കിട്ടും.'' ജയകുമാര്‍ ഒരു തത്വചിന്തകനെപോലെ സംസാരിച്ചു.

""പണം കൊണ്ടുമാത്രം നമുക്ക് തൃപ്തിയും സന്തോഷവുമുണ്ടാകില്ലെന്ന് ഞാനെന്നേ തിരിച്ചറിഞ്ഞു. ഈ നാടിനെക്കുറിച്ചു പറഞ്ഞാല്‍, പഠിക്കാന്‍ മിടുക്കരായ കുട്ടികളേറെ പേരുണ്ടായിരുന്നിരിക്കും. ഉയരാന്‍ അവസരങ്ങള്‍ ലഭിച്ചില്ലെന്നതാണവരുടെ പ്രശ്‌നം.
കുറച്ചാളുകള്‍ പണക്കാരായി ജനിക്കുന്നു. വേറെ ചിലര്‍ പാവങ്ങളായും തലമുറകളോളം ചിലര്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്നു. ഭൂമിയിലെ മൂന്നിലൊരുഭാഗം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ആവശ്യത്തിന് ഭക്ഷണമോ കിടക്കാനിടമോ ആവശ്യമുള്ളവ വാങ്ങാന്‍ പണമോ അവര്‍ക്കില്ലായെന്നാണതിനര്‍ഥം. ഇതിങ്ങനെയൊക്കെ എങ്ങനെ വിശദീകരിക്കുമെന്നെനിക്കറിയില്ല. ചിലയാള്‍ക്കാര്‍ മറ്റുള്ളവരെ വഞ്ചിച്ചെടുത്തവ കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നു. ഗ്രാമീണരെ നോക്ക്. അവര്‍ നിഷ്കളങ്കരാണ്, അറിവില്ലാത്തവരും. ജീവിതത്തെ നിര്‍വചിക്കുക എളുപ്പമല്ല. മറ്റുള്ളവരെ സഹായിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ വിട്ടുകളയരുത്. അവ വേണ്ടതുപോലെ പ്രയോജനപ്പെടുത്തി ഏറ്റവും നല്ല രീതിയില്‍ ജീവിക്കുകയാണ് നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം.''

""ഉവ്വ്. എനിക്ക് മനസിലാകുന്നുണ്ട്. നമ്മള്‍ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവരെ സഹായിക്കണം. ഇങ്ങനെയൊരു ഭാര്യയെ കിട്ടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു.''
""നമ്മളൊരുമിച്ചു നില്‍ക്കുന്നതു കൊണ്ടല്ലേ ഇതൊക്കെ സാധിക്കുന്നേ. ജയകുമാര്‍ എതിരുനിന്നിരുന്നെങ്കില്‍ എനിക്കൊന്നും പറ്റില്ലാരുന്നു. ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി കെട്ടിടം പണിയാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ ജയകുമാറെനിക്കൊപ്പം നിന്നു. എന്റെ അഛനോടും അമ്മയോടും ഒരു മകന്റെ ഉത്തരവാദിത്വത്തോടെ സ്‌നേഹവും കരുതലും കാട്ടി ഇതിലൊക്കെ ഞാന്‍ ശരിക്കും ജയകുമാറിനോട് കടപ്പെട്ടിരിക്കുന്നു. ''

ഗംഗ വന്നു രണ്ടുപേരെയും ഭക്ഷണത്തിന് വിളിച്ചു. അടുത്തദിവസം തന്നെ "നല്ലജീവിത'ത്തിനായുള്ള കെട്ടിടത്തിന്റെ പണി തുടങ്ങി.

ഗ്രാമത്തിലെ സ്ത്രീകള്‍ക്കായി തയ്യല്‍, ബേക്കിംഗ് പരിശീലനത്തിനും മാലിനിയുടെ നേതൃത്വത്തില്‍ തുടക്കമിട്ടു. തയ്യല്‍ മെഷീനുകള്‍ വാങ്ങാനും ബേക്കറികള്‍ തുടങ്ങാനും പണം നല്‍കി. പുരുഷന്മാര്‍ക്കും കൃഷികാര്യങ്ങള്‍ക്ക് പണം കടമായി നല്കി. പാവപ്പെട്ട കുട്ടികളെ പഠനത്തില്‍ സഹായിക്കുന്നതിന് ട്യൂഷന്‍ സെന്ററുകള്‍ക്കും തുടക്കമിട്ടു.

ശനിയാഴ്ചകളില്‍ മാലിനി ജയകുമാറിനും കുഞ്ഞിനുമൊപ്പം മൂവാറ്റുപുഴയ്ക്ക് പോകും. അവിടെ ഞായറാഴ്ച ചെലവിട്ട് വൈകുന്നേരം തിരിച്ചുപോരും. "നല്ല ജീവിത'വുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി മാധവനും സുശീലയും ജാനകിയും രാഘവനും ഇടയ്ക്കിടെ തമ്മില്‍ കണ്ടു. എല്ലാവരും നല്ല അടുപ്പത്തിലായി.

ഡിഗ്രി പരീക്ഷ കഴിഞ്ഞയുടനെ ഗംഗയുടെയും പ്രവീണിന്റെയും കല്യാണം ഉറപ്പിച്ചു. ജയകുമാറിനെ കാണാന്‍ ഗംഗ ഓഫിസില്‍ വരുമ്പോഴൊക്കെ പ്രവീണ്‍ തിരക്കുകളില്‍ നിന്നോടിയെത്തിയിരുന്നു അവളെ കാണാന്‍. നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ്, കുളിച്ചീറന്‍ മാറാത്ത മുടി വിടര്‍ത്തിയിട്ട് കസവുകരയുള്ള പാവാടയും ബ്ലൗസും ദാവണിയുമണിഞ്ഞ് ഒരു ശാലീന സുന്ദരിയായിരുന്നു ഗംഗ. അവള്‍ക്ക് യോജിച്ച ചെറുപ്പക്കാരന്‍ തന്നെയായിരുന്നു പ്രവീണ്‍. പണവും വിദ്യാഭ്യാസവും ജോലിയുമുണ്ടെങ്കിലും ലാളിത്യമുള്ളവന്‍. സംസാരത്തിലും രീതികളിലും അത് പ്രകടമായിരുന്നു. കല്യാണ ദിവസം അടുത്തതോടെ ജയകുമാറും മാലിനിയും മുന്നില്‍ നിന്ന് കാര്യങ്ങള്‍ നീക്കി. ആഭരണമായും പണമായുമൊക്കെ അവര്‍ പണമേറെ മുടക്കി. കല്യാണം കഴിഞ്ഞ് ഗംഗ പ്രവീണിനൊപ്പം നഗരത്തില്‍ താമസം തുടങ്ങി. യമുനയ്ക്ക് നഗരത്തിലെ എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം തരപ്പെട്ടതോടെ അവളുംഗംഗയ്‌ക്കൊപ്പം താമസമാക്കി. ജയകുമാര്‍ വൈകാതെ കമ്പനിയുടെ ഫിനാന്‍സ് മാനേജരായി. പ്രസവാവധി കഴിഞ്ഞ് മാലിനി തിരികെ ജോലിയില്‍ കയറിയത് ഹ്യൂമന്‍ റിസോഴ്‌സസ് മാനേജരായാണ്. രാഘവനും ജാനകിയും ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കൊടുത്തു.
മാധവന്‍ ജയകുമാറിനെ കൂടുതല്‍ ചുമതലകള്‍ ഏല്‍പിച്ചു. കമ്പനിയുടെ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ പദവി വരെ ജയകുമാറിന് സ്വന്തമായി. കമ്പനി വീണ്ടും ഉയര്‍ച്ചയിലേക്ക് ചുവടുവച്ചു. കമ്പനി നടത്തിപ്പിലുള്ള ജയകുമാറിന്റെ മിടുക്കിലും കഴിവിലും മാധവന്‍ സന്തുഷ്ടനായിരുന്നു. രഘു വളര്‍ന്നു കൊണ്ടിരുന്നു. വെളുത്ത് ചുവന്ന് കൊഴുത്തുരുണ്ട് ഒരു സുന്ദരന്‍ കുട്ടി. അവന്റെ ഓമനത്തമുള്ള സംസാരവും കളിചിരികളും കണ്ടിരിക്കുമ്പോള്‍ ജയകുമാര്‍ സമയം പോകുന്നതറിയുകയേയില്ല. ധര്‍മപ്രവര്‍ത്തികളിലായിരുന്നു മാലിനിയുടെ ശ്രദ്ധയത്രയും. ഗ്രാമീണര്‍ക്ക് ജോലിയും വരുമാനവും ജീവിക്കാനുള്ള ചുറ്റുപാടുകളുമായി ഗ്രാമവാസികള്‍ക്കിടയില്‍ ദേവതയുടെ പരിവേഷമായിരുന്നു മാലിനിക്ക്.
ഒരു ശനിയാഴ്ച ജയകുമാറും മാലിനിയും ഗ്രാമത്തിലെ വീട്ടിലെത്തി. രഘുവിനെ അഛനും അമ്മയ്ക്കുമൊപ്പം നിര്‍ത്തിയിട്ട് അവര്‍ അടുത്തുള്ള റിസോര്‍ട്ടിലേക്ക് പോയി. പ്രണയിച്ചു നടന്ന നാളുകളില്‍ ആദ്യമായി റിസോര്‍ട്ടിലെത്തിയ ദിനത്തെകുറിച്ച ഓര്‍മകളിലേക്ക് മനസ് പറന്നെത്തി.
""നമ്മള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പിവിടെയിരുന്നതും പ്രണയം പങ്കുവച്ചതും ഓര്‍മിക്കുന്നുണ്ടോ മാലിനി? ഇന്നിപ്പോള്‍ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നൂ ഇല്ലേ? കമ്പനിയുടെ തിരക്കുകളില്‍ പെട്ട് ഇന്ന് ഒന്നിനും സമയം കിട്ടുന്നില്ല. ശരിക്ക് മിണ്ടാന്‍ പോലും. പണ്ടൊക്കെ എത്രയോ വിഷയങ്ങളാ നമ്മള്‍ ദിവസവും ചര്‍ച്ച ചെയ്തു കൂട്ടിയത്.''

""ഞാനും പഴയതൊന്നും മറന്നിട്ടില്ല ജയകുമാര്‍. പ്രണയിച്ചു തുടങ്ങിയ അന്നാളുകളിലെ അതേവികാരവും ഇഷ്ടവും ഇന്നുമുണ്ടെന്റെ മനസില്‍. ഞാനിന്നിത്രയുമൊക്കെയായത്.'' ജയകുമാറിന്റെ സൗഹൃദത്തില്‍ നിന്നു ലഭിച്ച ബലം കൊണ്ടാ. ഈ ഗ്രാമവും ഇതിന്റെ ലാളിത്യവും ശാലീനതയുംഎനിക്ക് വര്‍ണിക്കാന്‍ വാക്കുകളില്ല. നമ്മള്‍ തമ്മില്‍ കണ്ടില്ലായിരുന്നെങ്കില്‍ ഏതെങ്കിലും ബിസിനസുകാരന്റെ മകനുമായി അഛനെന്റെ വിവാഹം നടത്തിയേനെ. എന്റെ ജീവിതം വിരസമായേനെ.''
""മാലിനിയീ ഗ്രാമീണ ജീവിതവും ചാരിറ്റി പ്രവര്‍ത്തനങ്ങളും ശരിക്കും ആസ്വദിക്കുന്നുണ്ടല്ലേ. എനിക്കിപ്പോള്‍ ഈ ബിസിനസ് തിരക്ക് കാരണം ഒന്നിനും സമയം കിട്ടുന്നില്ല. പണ്ടത്തെപ്പോലെതന്നെ മാലിനിക്കൊപ്പം കൂടുതല്‍ സമയം ചെലവിടണമെന്നുണ്ടെങ്കിലും സാധിക്കുന്നില്ല.''

""സമയമിനിയും വൈകിയിട്ടില്ല ജയകുമാര്‍. ശനിയാഴ്ചകളില്‍ നമുക്ക് രണ്ടാള്‍ക്കും ഒരുമിച്ചിനി ഇവിടേക്ക് വരാം. ഈയിടെയായി ഞാന്‍ തന്നെയല്ലേ വീട്ടിലെത്തി സൊസൈറ്റിയുടെ കാര്യങ്ങള്‍ നോക്കുന്നത്. എനിക്കൊപ്പം ജയകുമാര്‍ കൂടി എന്നാല്‍ നമുക്ക് നമ്മുടെ പഴയകാലത്തിലേക്കും ഒരു തിരിച്ചുപോക്കാകുമല്ലോ, ഏറെ നേരം സംസാരിച്ചിരിക്കാം. ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാം.''
""ജീവിതമെന്നു പറയുന്നത് എങ്ങനെയൊക്കെയാകുമെന്ന് പ്രവചിക്കാനാകില്ല. ഞാന്‍ തന്നെ കരുതിയത് ഞാനേതെങ്കിലും ഒരു ബാങ്കില്‍ എത്തിപ്പെടുമെന്നാ. മാനേജരായി ഉയര്‍ന്ന് സീനിയര്‍ മാനേജര്‍ പദവിയില്‍ വിരമിക്കാമെന്നും ഏതെങ്കിലും ഒരു ഗ്രാമീണ സുന്ദരി ഭാര്യയാവുമെന്നും കരുതി.''

""റാങ്കുകാരനായ ജയകുമാറിനെ അഛനിഷ്ടമായതോടെയാ കാര്യങ്ങള്‍ ഇങ്ങനെയായത്. ആ ഇഷ്ടം ഇന്നിപ്പോള്‍ പതിന്‍മടങ്ങ് വര്‍ധിച്ചിട്ടേയുള്ളൂ. ഇപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ അഛനൊപ്പം കമ്പനികാര്യങ്ങളില്‍ ഇടപെടുന്നത് ജയകുമാറല്ലേ. രഘു വളരട്ടെ. കമ്പനികാര്യങ്ങളില്‍ അവനെയും പങ്കാളിയാക്കാം. ജയകുമാറിന് വിശ്രമിക്കുകയും ചെയ്യാം. ഞാനിവിടെ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചു കഴിയാം.''

""ജീവിതത്തെ കുറിച്ചിനിയും നമുക്കേറെ മനസിലാക്കാനുണ്ട്, പണ്ട് നമ്മുടെ ചര്‍ച്ചകളില്‍ പറഞ്ഞ് ശീലിച്ചതുപോലെ.''
പുറത്ത് സന്ധ്യ ചുവന്നു കൊണ്ടിരുന്നു. അവര്‍ കൈകള്‍ കോര്‍ത്തു പിടിച്ച് എഴുന്നേറ്റു, നവദമ്പതികളെപ്പോലെ.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക