Image

അമേരിക്കന്‍ ക്യാലറി (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)

Published on 01 June, 2017
 അമേരിക്കന്‍ ക്യാലറി (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)
എണ്‍പതുകാരന്‍ പൗലോസ്കി
വിധവകള്‍ക്കൊപ്പം
തൊട്ടടുത്ത അപ്പാര്‍ട്ടുമെന്റിലാണ്.
എങ്കിലും
അകം കണ്ടിട്ടില്ല ഞങ്ങള്‍ അന്യോന്യം.
സ്‌നേഹക്കുറവാണെന്നു കരുതേണ്ട.
പുറത്തിറങ്ങുമ്പോള്‍ പൂത്തുലയുന്ന
'ഹായും', 'ബൈയും'
വാതില്‍ക്കല്‍ വീണു കുന്നായിട്ടുണ്ട്.
സ്‌നേഹഗാനങ്ങള്ക്ക്
ഫോണ്‍ ഉണ്ട്, നെറ്റുണ്ട് .

ഇന്നലെ
പുറത്തു പോയ് വരുമ്പോള്‍
പൗലോസ്ക്കിയുണ്ട്
താഴത്തെ കോണിപ്പടിയില്‍
ചടഞ്ഞു കിടക്കുന്നു!
കാലു മുറിഞ്ഞു ചോര,
കയം നികന്ന കണ്ണുകളില്‍ പീള.
നരയും നഖവും നീണ്ട്
ചുളിഞ്ഞ കൈകള്‍ മൊരിഞ്ഞു തൂങ്ങി............
ആദ്യമായാണ് അമേരിക്ക ഇത്ര തൊട്ടുതൊട്ട്.
താരനും നരയും വെളുത്തു തന്നെ
പീള മഞ്ഞ തന്നെ
ചോര ചുവപ്പു തന്നെ.

താങ്ങിയെടുത്ത്
പതിനെട്ടാം പടിയിലെത്തിച്ചപ്പോള്‍
ശബ്ദം കേട്ടു വന്ന മകള്‍
തന്തയെ തെറിയില്‍ കുളിപ്പിച്ച്
പേഴ്‌സ് തുറന്ന് എന്നോടലിഞ്ഞു:
" ഹി ബോതേര്‍ട് യു !
ഹൗമച്ച് ഐ ക്യാന്‍ പേ യു?
ഹൗമച്ച്?"

ഉള്ളു നൊന്തു.
കുളിമുറിയില്‍ തെന്നി വീണ മുത്തശ്ശനെ
ആശുപത്രിയില്‍ എത്തിച്ചതും
ബലി തീരുംവരെ
ലോസ്സോഫ്‌പേയില്‍
അവധി നീട്ടിയതും ഒക്കെ ഓര്‍ത്തു .

അമേരിക്കക്കാര്‍
ക്യാലറി നോക്കി സ്‌നേഹിക്കുന്നു;
മെലിയുന്നു.
നമ്മളോ
അജീര്‍ണത്താല്‍
വലയുന്നു!
Join WhatsApp News
പൗലോസ് അപ്പച്ചൻ 2017-06-01 10:30:11
എത്ര നാളായി ഞാനെന്റെ കട്ടിലിൽ
വാതം പിടിച്ചു തളർന്നു കിടക്കുന്നു
ഇവിടൊരു വൃദ്ധ സദനത്തിൽ 
ഒട്ടേറെയുണ്ട് മക്കൾ കൊച്ചുമക്കളടക്കം
എല്ലാരും സ്വപ്‌നം പൂക്കും ഐക്യനാട്ടിൽ
വന്നെത്തും വല്ലപ്പോഴും ഒരിക്കൽ അവർ
ഇല്ല സമയം അവർക്ക് എന്നരികിൽ ഇരിക്കാൻ
എന്റെ ക്ഷേമങ്ങൾ അന്വേഷിക്കാൻ
വൃദ്ധ സദനത്തിൽ  കാശുകൊടുത്ത്
കൊള്ളിയാൻ പോലെ മിന്നി മറയും
വായിച്ചു കേൾപ്പിക്കാറുണ്ടെന്നേ
കൂട്ടുകാർ 'ഈ മലയാളി' ചിലപ്പോൾ
ഇന്നവർ വായിച്ച കവിത
മനസ്സിൽ വല്ലാതെ ചെന്ന് തറച്ചു 
ആരാണെഴുതിയതെന്നു
അറിയാൻ വല്ലാതെ മോഹം ജനിച്ചു
ആരായാലെന്താ കാരുണ്യമുള്ളവൻതന്നെ
പേരുകേട്ടപ്പോൾ ഞെട്ടി
എന്റെ മകനോ ഇവൻ! 
എന്നിവൻ കവിയായി മാറി 
രണ്ടു ഉണ്ട് ഇവന് മുഖം
അപ്പൻ പൗലോസിനെ നോക്കില്ല തിരിഞ്ഞു
എന്നാൽ പൗലോസ്‌ക്കിയെ  ഓർത്ത് ദുഃഖം
എന്തൊരു ലോകം ഇത്
എന്നെ ഒന്ന് വേഗം വിളിക്ക് 
യശുവെ സ്വർഗ്ഗത്തിലേക്ക്

Dr.Sasi 2017-06-01 09:52:13
നമ്മുടെ മനോമോഹനമായ ലൗകിക ജീവിതത്തിലെ  സുഖ:ദുഃഖ അവസ്ഥകളെ ക്രമികമായി സമീകരിക്കുന്ന  അറിവിന്റെ സംസ്കാരമാണ്  സാഹിത്യശാസ്ത്രം എന്ന്  ഹൃദയസ്പർശിയായ ഈ കവിത തെളിയിച്ചിരിക്കുന്നു .അതുകൊണ്ടു കവിയുടെ  കവിതയിലെ പ്രത്യക്ഷമാകുന്ന വാക്കുകളുടെ അർത്ഥത്തിൽ നിന്നും  വ്യത്യസ്തമായ പരോക്ഷ അർഥങ്ങൾ ആഴ്ന്ന വായനയിലൂടെ അന്വേഷണബുദ്ധിയോടെ അനുവാചകൻ കണ്ടെത്തുന്പോൾ വായനയും ശാസ്ത്രമാകുന്നു.എല്ലാം നേരെ പറഞ്ഞാൽ അവിടെ എന്ത് സാഹിത്യം .അതുകൊണ്ടു ക്രിയാത്‌മകമായ ആത്മാർത്ഥമായ , വായനയിലൂടെ കവിതയിലുള്ള വാക്കുകളുടെ അർത്ഥങ്ങളിൽ നിന്നും അർത്ഥങ്ങളിലേക്കു സഞ്ചരിക്കുകയാണ് ഒരു നല്ല വായനക്കാരൻ ചെയ്യുന്നത് .അപ്രകാരം കവിയുടെ കവിത നമ്മുടെ മനസ്സിൽ മറ്റൊരു കവിതയായി പുനർജനിക്കുന്ന! 
(Dr.Sasi)
വായനക്കാരൻ 2017-06-01 11:14:47

ഒരു കവിതയ്ക്ക് മറ്റൊരു കവിതയെ ജനിപ്പിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് പൗലോസ് അപ്പച്ചന്റെ അഭിപ്രായ കവിത. ആത്മാർത്ഥതയില്ലാത്ത എഴുത്തു കാരുടെ രണ്ടുമുഖങ്ങൾ പൗലോസ് അപ്പച്ചൻ ആരായിരുന്നാലും ഇവിടെ വരച്ചു കാട്ടിയിരുന്നു. സാഹിത്യത്തിന് വായനക്കാരെയും എഴുത്തുകാരേയും സൃഷിട്ടിക്കാനുള്ള കഴിവുണ്ട്. മുട്ടത്തു വർക്കിയുടെ കഥകൾ കേരളത്തിലെ വീട്ടമ്മമാരെ വരെ വായനക്കാരാക്കിയെന്നുള്ള സിനിമാ നടൻ മധുവിന്റ അഭിപ്രായം വളരെ ശ്രദ്ധേയമാണ്. പരന്ന വായനക്കാരെ ആഴമുള്ള വായനക്കാരാക്കണം എങ്കിൽ ആശയംപോലെ ഭാഷയും അതിന്റെ സൗന്ദര്യവും അച്ചടക്കവും അത്യാവശ്യമാണ്. വയലാറിനെയും ചങ്ങമ്പുഴയേയും സൃഷ്ടിച്ചത് ആഴമുള്ള വായനയിലൂടെ പാണ്ഡ്യത്തം നേടിയ പണ്ഡിത വർഗ്ഗമല്ല നേരെമറിച്ച് കേരളത്തിലെ സാധാരണക്കാർ ആണ്. ഇവരുടെ കവിതകൾ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളെ കൊറിയെടുത്തു സാധാരണ മനുഷ്യരിലേക്ക് പകർന്നപ്പോൾ അത് സമൂഹത്തിന്റയും അതിന്റെ സംസ്കാരത്തെയും മാറ്റി മറിച്ച്. ഇവിടെ ആധുനികതയുടെ സാഹിത്യത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നവർ ട്രംപ് അമേരിക്കയെ ഒറ്റപ്പെടുത്തി അതിനെ ഗ്രേറ്റ് ആകുമെന്ന് പറയുംപോലെയാണ്. 

പണമെന്നുള്ളത് കയ്യിൽ വരുമ്പോൾ
ഗുണമെന്നുള്ളത് ദൂരത്താകും

vayanakaaran 2017-06-01 15:29:47
ശശിയാക്കി എന്നൊരു പ്രയോഗം കേരളത്തിലുണ്ട്. എന്തായാലും വർഗ്ഗസ്നേഹം എല്ലാ കുറവുകളേയും പരിഹരിക്ക മാത്രമല്ല മറ്റുള്ളവരുടെ നന്മ കാണാതിരിക്കുകയും ചെയ്യും. കവി പടച്ച് വിടുന്നു, ഒന്നിന് പുറകെ ഒന്നായി . ഇനി നമ്മൾ കമന്റ് എഴുതുന്നവർ പിന്മാറുക. കവിയുടെ വിദ്യാഭാസതുല്യർ  വർഗ്ഗസ്നേഹം  , അദ്ദ്ദേഹത്തെ  സംരക്ഷിക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക