Image

മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ ഇന്ത്യക്കാരെ വിഘടിപ്പിയ്ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിയ്ക്കുക: നവയുഗം

Published on 01 June, 2017
മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ ഇന്ത്യക്കാരെ വിഘടിപ്പിയ്ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിയ്ക്കുക: നവയുഗം

ഭരണകര്‍ത്താക്കളുടെ വരെ സഹായത്തോടെ, സങ്കുചിത മതവിശ്വാസങ്ങളുടെ പേരില്‍, രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ജനതയെ വര്‍ഗ്ഗീയമായി വിഭജിയ്ക്കാനുള്ള ശ്രമങ്ങള്‍ ശക്തമായിക്കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത്, ഇത്തരം നീക്കങ്ങളെ മതങ്ങള്‍ക്ക് അപ്പുറം മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഉയര്‍ത്തി, ഒത്തൊരുമയോടെ ചെറുത്തു തോല്‍പ്പിയ്ക്കാന്‍ ഇന്ത്യയെ സ്‌നേഹിയ്ക്കുന്ന എല്ലാവരും തയ്യാറാകണമെന്ന് നവയുഗം കോബാര്‍ തുഗ്ബ യൂണിറ്റ് കണ്‍വെന്‍ഷന്‍ രാഷ്ട്രീയപ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

മുന്‍പൊന്നും കണ്ടിട്ടില്ലാത്ത വിധം സാധാരണക്കാരുടെ നിത്യജീവിതത്തില്‍പ്പോലും  തീവ്രമതവിശ്വാസങ്ങളെ അടിച്ചേല്‍പ്പിയ്ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ എന്ത് കഴിയ്ക്കണമെന്നും, ഏതു സിനിമ കാണണമെന്നും, ഏതു പുസ്തകം വായിയ്ക്കണമെന്നും, എങ്ങനെ പ്രണയിയ്ക്കണമെന്നുമൊക്കെ തീരുമാനിയ്‌ക്കേണ്ടത് തങ്ങളാണ് എന്ന ധാര്‍ഷ്ട്യമാണ്  വര്‍ഗ്ഗീയ സംഘടനകള്‍ ഇന്ന് സമൂഹത്തില്‍ അടിച്ചേല്‍പ്പിയ്ക്കാന്‍ നോക്കുന്നത്. ഭരണഘടന അനുവദിച്ചു നല്‍കിയ മാനുഷിക അവകാശങ്ങളെപ്പോലും ഹനിയ്ക്കുന്ന ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിയ്‌ക്കേണ്ടത് ഇന്ത്യക്കാരുടെ മൗലികചുമതലയാണെന്നും പ്രമേയത്തില്‍ പറഞ്ഞു.

കോബാര്‍ തുഗ്ബ മെക്കയില്‍ ബിജു ഗോപാലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യൂണിറ്റ് കണ്‍വെന്‍ഷന്‍, നവയുഗം ജനറല്‍ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി, കോബാര്‍ മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ സംസാരിച്ചു. നജീബ് അലി സ്വാഗതവും, വര്‍ഗ്ഗീസ് പി.ടി നന്ദിയും ആശംസിച്ചു.
 
യൂണിറ്റ് രക്ഷാധികാരിയായി ബിജു ഗോപാലനെയും, യൂണിറ്റ് പ്രസിഡന്റായി നെജീബിനെയും, വൈസ് പ്രസിഡന്റായി  രഞ്ജിത്തിനെയും, യൂണിറ്റ് സെക്രട്ടറിയായി ബാബു വര്‍ഗ്ഗീസിനെയും, ജോയിന്റ് സെക്രട്ടറിയായി ശ്യാം ദാസിനെയും ഖജാന്‍ജിയായി ബഷീര്‍ തലയോലപ്പറമ്പിനെയും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു. അഷ്‌കര്‍, രതീഷ്, റോണി, പ്രസന്നന്‍, ജോജി ജോസഫ്, നജീം, നിസാം, സീമോന്‍, ഉണ്ണി, ഇല്ല്യാസ് മുഹമ്മദ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
 
 
ഫോട്ടോ: നവയുഗം കോബാര്‍ തുഗ്ബ യൂണിറ്റ് ഭാരവാഹികള്‍
 
രക്ഷാധികാരി: ബിജു ഗോപാലന്‍
പ്രസിഡന്റ് : നെജീബ്
സെക്രട്ടറി : ബാബു വര്‍ഗ്ഗീസ്
ഖജാന്‍ജി : ബഷീര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക