Image

ഓര്‍മ്മകളേ ഇനി ഉറങ്ങു... (കഥ: സി. ജി. പണിക്കര്‍, കുണ്ടറ)

സി. ജി. പണിക്കര്‍ Published on 02 June, 2017
ഓര്‍മ്മകളേ ഇനി ഉറങ്ങു... (കഥ: സി. ജി. പണിക്കര്‍, കുണ്ടറ)
സ്വപ്നങ്ങള്‍ തകര്‍ന്നടിയുമ്പോഴും തകരാത്ത ഒരു മനസ്സിന്റെ ഉടമയായിരുന്നു സുനി. 

സ്വപ്നവര്‍ണ്ണങ്ങളുടെ പീലി വിടര്‍ത്തി ആടാന്‍ കൊതിച്ച അവന്റെ മനസ്സ്, സപ്തസ്വരരാഗസുധയില്‍ ആറാടാന്‍ കൊതിച്ച മനസ്സ്-ഇന്നിതാ തന്ത്രികള്‍ പൊട്ടിയ ഒരു വീണയായി മാറിയിരിക്കുന്നു. അതില്‍ ശ്രുതികള്‍ അപശ്രുതികളായി മാറുന്നു. ഉപകരണം അപശ്രുതി മീട്ടുമ്പോള്‍ ഗായകന്റെ കണ്ഠനാളത്തില്‍ അമര്‍ന്നു പോകുന്ന ഗാനശകലങ്ങള്‍ പോലെ അവന്റെ ജീവിതം.

ഒരു കൊടുങ്കാറ്റില്‍ പറക്കാന്‍ ശ്രമിക്കുന്ന ഒരു കരിയിലക്കിളി. ഗതിമുറിച്ച് പറക്കാനാകാതെ തന്റെ ചിറകുകളെ നിവര്‍ത്തി നിഷ്‌ക്രിയനായി കൊടുങ്കാറ്റിനൊപ്പം ഒഴുകിനടക്കുന്നു. അപ്പോഴും അവന്റെ മനസ്സില്‍ ഒരേയൊരു ചിന്ത മാത്രം... അത് എന്ന്, എവിടെ, എപ്പോള്‍ അവസാനിക്കും. മോചനത്തിന് വേണ്ടിയുള്ള വെറുമൊരു വാഞ്ഛ.

കാലം വലിച്ചെറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളുടെ ചവറ്റുകൊട്ടയില്‍ സുനിയുടെ മനസ്സ് എന്തെല്ലാമോ തേടുകയായിരുന്നു. തകര്‍ന്ന ചില്ലുകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങളാകുമോ..?  അതോ കൊഴിഞ്ഞു വീണ തന്റെ മോഹങ്ങളുടെ പീലികള്‍ പെറുക്കി കൂട്ടുവാനുള്ള വെമ്പലാകുമോ...? ആശിച്ചതെല്ലാം ഒരു വിളിപ്പാടിനപ്പുറം ആകാശസീമകളിലേക്ക് അകന്നു പോയപ്പോള്‍ അവന്റെ മനസ്സിന് ഒരു തേങ്ങല്‍.

തല്ലിച്ചതയ്ക്കപ്പെട്ട ചില സത്യങ്ങള്‍ തല പൊക്കിയപ്പോള്‍ താളം തെറ്റിയ ഈരടികള്‍ക്ക് ഈണം പകര്‍ന്നവനെപ്പോലെ പാവം സുനി. തിരയില്‍ കുടുങ്ങി ഒടുവില്‍ തീരത്ത് വലിച്ചെറിയപ്പെടുന്ന ജീവനുളള മത്സ്യങ്ങളെപ്പോലെ പിടയുന്ന ചില ഓര്‍മ്മകള്‍.

ഒന്ന് പിടഞ്ഞ് മരിക്കുംമുന്‍പ് ജീവനോടെ കൊത്തിവിഴുങ്ങാന്‍ തയ്യാറെടുക്കുന്ന കഴുകന്മാരെപ്പോലെ സമൂഹം . അവന്റെ ഓര്‍മ്മകളുടെ ചെപ്പില്‍നിന്നും എന്തെല്ലാമോ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.
      
മഞ്ഞ് വീണ മലകള്‍ക്ക് മുകളില്‍ ഒരു മാര്‍ജ്ജാരനെപ്പോലെ നടന്ന് അതിര്‍ത്തി കാത്തപ്പോഴും തന്റെ മോഹങ്ങളെ ചൂടുളള കുപ്പായങ്ങള്‍ക്കുളളില്‍ അവന്‍ ഒളിച്ചുവച്ചു.
      
ഡ്യൂട്ടികഴിഞ്ഞ് ടെന്റിലെത്തി സ്ലീപ്പിംഗ് ബാഗില്‍ കയറികൂടുമ്പോള്‍, അങ്ങ് ദൂരെ മരതകപ്പട്ടുടുത്ത മലയാള നാട്ടിലെ ഒരു കൊച്ചു ഇഷ്ടികക്കുടിലില്‍... പൂക്കുടയും മനസ്സിലേറ്റി തനിക്കായി കാത്തിരിക്കുന്ന തന്റെ  എല്ലാമായ 'ഷീജ' സുനിയുടെ മനസ്സില്‍ ഓടിയെത്തിയിരുന്നു.
    
ബന്ധുക്കാരും സ്വന്തക്കാരും വരുത്തിവച്ച ഒരു പിടി കടമകള്‍ക്ക് മുന്നില്‍ കര്‍ത്തവ്യനിരതനായപ്പോള്‍ തളര്‍ന്നുപോയി തന്റെ ചിറകുകള്‍ അവള്‍ മാത്രം കണ്ടിരുന്നു.
    
ഐസ്‌ക്രീമോ, മിഠായിയോ ആവശ്യപ്പെടുന്ന പിഞ്ചോമനകള്‍. പപ്പാ വരട്ടെ.., എന്ന മമ്മിയുടെ വാക്കു കേട്ടു മടുത്തിരുന്നു. പട്ടാളത്തിലെ റൊട്ടിയും ഡാലും കഴിച്ച് മടുത്തു നാട്ടില്‍ ലീവിന് എത്തുമ്പോള്‍ അല്പം കരിമീന്‍ കറിയൊക്കെ വച്ച് കുശാലായി കുട്ടികളോടൊപ്പം കഴിയാം എന്ന മോഹത്തോടെ  പേര്‍ഷ്യന്‍ പണവും അമേരിക്കന്‍ പണവും ഒഴുകുന്ന നാട്ടിലെ മാര്‍ക്കറ്റില്‍പോയി ഒടുവില്‍ വിലകുറഞ്ഞ മത്തിയുമായി തിരിച്ചുവന്നപ്പോള്‍ അതിശയിച്ച ഭാര്യയോട് ഇന്ന് കരിമീനൊന്നും മാര്‍ക്കറ്റില്‍ ഇല്ലായിരുന്നു, എന്ന് നുണ പറഞ്ഞത് സുനി വേദനയോടെ ഓര്‍ത്തു. 
     
താന്‍ വില പറഞ്ഞൊതുക്കിയ കരിമീന്‍ ഒരു പേര്‍ഷ്യക്കാരന്‍ അതിലും വില അധികം കൊടുത്തു വാങ്ങിപ്പോയപ്പോള്‍ നിശബ്ദം നോക്കി നില്‍ക്കാനേ അന്ന് സുനിക്ക് കഴിഞ്ഞുള്ളു.
    
തോക്കുകളും, അതിലേറെ ബുദ്ധിശക്തിയും, കൗശലവും കൊണ്ട് ഋതുഭേദങ്ങളെ വകവയ്ക്കാതെ ശത്രുവിനെതിരേ പൊരുതി അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്‍.
    
സ്വാതന്ത്രൃത്തിന്റെ പരമോന്നതിയി്ല്‍ സുരക്ഷിതരായി കഴിയുമ്പോള്‍, പണക്കൊഴുപ്പില്‍ പത്തി വിടര്‍ത്തിയാടുന്ന പണച്ചാക്കുകള്‍. സ്പന്ദിക്കുന്ന വേദനനിറഞ്ഞ ആ ഹൃദയം ആര് കാണാന്‍. അവന്റെ മോഹപക്ഷികള്‍ക്ക് വിഹരിക്കുവാനുള്ള അര്‍ഹതപോലും എവിടെയോ നിഷേധിക്കപ്പെടുന്നു. 
    
മലയാളക്കരകളില്‍ തത്തിക്കളിച്ചു വളര്‍ന്ന തന്റെ കാല്പാദങ്ങള്‍ ഭാരതാമ്മയുടെ അതിര്‍ത്തിമേഖലകളില്‍ അരിച്ചുനടന്ന ആ കാലം വേദന നിറഞ്ഞതായിരുന്നെങ്കിലും അപൂര്‍വ്വമായ ഒരനുഭൂതി സുനിയില്‍ പകര്‍ന്നു.
     
എന്തെല്ലാം മോഹത്തോടെയായിരുന്നു പെന്‍ഷന്‍ വന്നത്. ആദ്യം ഒരു കൊച്ചു വീട്. പിന്നെ ജീവിക്കുവാന്‍ ഏതെങ്കിലും ഒരു ചെറിയ തൊഴില്‍ തുടങ്ങണം. കുട്ടികളെ നന്നായി പഠിപ്പിക്കണം. കൊക്കിലൊതുങ്ങാവുന്ന സ്വപ്നങ്ങള്‍ മാത്രമായിരുന്നു അത്.
     
ബ്ലഡ്ക്യാന്‍സര്‍ എന്ന മാരക രോഗത്തിന്റെ പിടിയില്‍ അമര്‍ന്നപ്പോള്‍ എല്ലാം ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ വെറും കടലാസ് കഷണങ്ങള്‍ പോലെ പറന്നു.
    
ഒരു പക്ഷേ ദൈവം എഴുതാന്‍ മറന്നുപോയ കല്പനകള്‍ ഒന്നില്‍ കുരുങ്ങികിടന്നതാകുമോ തന്റെ ജീവിതം...?തനിക്കായി മാത്രം ഒരുക്കി വച്ച വേദനയുടെ ചഷകമായിരുന്നുവോ..? എന്ന് അവനു തോന്നിപ്പോയി.
     മരണത്തെ വീരമായി വരിക്കുവാന്‍ അവന്‍ തയ്യാറെടുക്കുകയാണ്. അപ്പോഴും ഭാര്യയും കുഞ്ഞുങ്ങളും ഒരു ദൗര്‍ബല്യമായി മുന്നില്‍ നിന്നു. ക്ഷണികമായ തന്റെ സഹധര്‍മ്മിണി, കുഞ്ഞരിപ്പല്ലുകള്‍ കാട്ടി കുടുകുടെ ചിരിക്കുന്ന കുഞ്ഞോമനകള്‍.
     കല്പനാ ഹോസ്പിറ്റലിന്റെ നാലാം നിലയിലെ നാലു ചുവരുകള്‍ക്കുള്ളില്‍ കിടന്നപ്പോള്‍ അവന്റെ മനസ്സ് പൊട്ടിത്തെറിക്കുവാന്‍ വിതുമ്പി നില്‍ക്കുന്ന ഒരു അഗ്നി പര്‍വ്വതം പോലെ തോന്നി. തുറന്നിട്ട  ജനാലയിലൂടെ വെളിയിലേക്ക് നോക്കി നില്‍ക്കുമ്പോളതാ താഴെ നീണ്ടു പുളഞ്ഞു പോകുന്ന റോഡ് കാണാമായിരുന്നു.
     ചീറിപ്പായുന്ന വാഹനങ്ങള്‍ എല്ലാം ലക്ഷ്യങ്ങളിലേക്ക് കുതിച്ച് പായുന്നു. ജീവിക്കുവാനുള്ള വെമ്പലില്‍ ജീവിതത്തിന്റെ ഭ്രമണപഥത്തില്‍ കുറുക്കുവഴികള്‍ ശരണം പ്രാപിക്കുന്ന മനുഷ്യര്‍
    പെട്ടന്നായിരുന്നു സുനി ആ കാഴ്ച കണ്ടത്. ഒരു വലിയ ജനക്കൂട്ടം ശാന്തമായി നടന്നു വരുന്നു. മുത്തുക്കുടകളും ഒരു വലിയ കുരിശും ഇയര്‍ന്നു കാണാം ഒപ്പം പുരോഹിതനും.
     കേട്ടു തഴമ്പിച്ച ഏതോ ഗാനശകലങ്ങള്‍ തന്റെ കാതുകളില്‍ വന്നലയ്ക്കുന്നുവോ….? പിന്നിലായി നടന്നു നീങ്ങുന്ന സ്ത്രീകളുടെ ചുണ്ടുകളില്‍ നിന്ന് അടര്‍ന്നു വീഴുന്ന മുത്തുകളാകുന്ന  ആ ഗാനശകലങ്ങള്‍ അവന്‍ കാതോര്‍ത്തു.
     
'ലോകം എനിയ്‌ക്കൊരു ശാശ്വതമല്ലെന്നെന്‍ സ്‌നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്.'

അനന്തമായ വിശ്രമ ദേശത്തേക്ക് ആ ആത്മാവിന് ഒരു യാത്ര അയപ്പ്. അവന്റെ കണ്ണുകള്‍ സാവധാനം ഉരുണ്ടു വരുന്ന മഞ്ചത്തില്‍ ഉടക്കി നിന്നു. 
     
മഞ്ചത്തില്‍ ഒരുക്കിയ കണ്ണാടി ക്കൂട്ടില്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തില്‍ ഒരു മനുഷ്യന്‍, കൂട്ടിന് പുറത്ത് പേരുകള്‍ പതിച്ച പുഷ്പചക്രങ്ങള്‍. വിങ്ങിപ്പൊട്ടുന്ന ചില  ഹൃദയങ്ങള്‍ മഞ്ചത്തിന് പിന്നാലെ യാന്ത്രികമായി ചലിക്കുന്ന ബന്ധുമിത്രാധികള്‍, അവര്‍ക്ക് ആശ്വസിക്കാന്‍ ഇനി ഓര്‍മ്മകള്‍ മാത്രം അന്ത്യവിശ്രമം കൊള്ളാന്‍ അയാള്‍ക്ക് ആറടിമണ്ണും.
    
ഈ വിലാപയാത്രയോ...? ശവപ്പറമ്പോളം മാത്രം. അവന്റെ മനസ്സ് കാടു കയറുകയായിരുന്നു. ആറടി മണ്ണിന്റെ അവകാശം പതിച്ചു കിട്ടാന്‍ താനും അന്ത്യനാള്‍ ഈ മഞ്ചലിലേറി പോവില്ലേ..? മുത്തുക്കുടകളും, കുരിശും, ബന്ധുമിത്രാദികളുമൊക്കെ കുറച്ചെങ്കിലും അന്നും ഉണ്ടാകും. പിന്നെ താനും, തന്നെ സ്‌നേഹിക്കുന്ന ചുരുക്കം ചിലരുടെ ഓര്‍മ്മകളില്‍ കുറച്ചു നാള്‍ മാത്രം തങ്ങി നില്‍ക്കും.
     
ഇപ്പോള്‍ മഞ്ചം അവന്റെ നേരെ താഴെറോഡിലെത്തിക്കഴിഞ്ഞു. അവനറിയാതെ രണ്ടിറ്റു കണ്ണുനീര്‍ അടര്‍ന്നു വീണു ഒപ്പം മനസ്സ് ഇങ്ങനെ മന്ത്രിച്ചു. 'അങ്ങേയ്ക്കിതാ എന്റേയും അന്ത്യോപചാരം'. 






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക