Image

ശ്രുതി ഹാസനല്ല ഇനി 'സംഗമിത്ര

Published on 03 June, 2017
 ശ്രുതി ഹാസനല്ല ഇനി 'സംഗമിത്ര


ബജറ്റില്‍ ബാഹുബലിക്ക്‌ മുകളില്‍ വരുന്ന തമിഴ്‌ സിനിമയെന്നായിരുന്നു സുന്ദര്‍.സിയുടെ സംവിധാനത്തില്‍ വരുന്ന 'സംഗമിത്ര'യെക്കുറിച്ചുള്ള വാര്‍ത്തകള്‍. ഇത്തവണത്തെ കാന്‍സ്‌ ചലച്ചിത്രോത്സവത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ബാഹുബലി പോലെ രണ്ട്‌ ഭാഗങ്ങളില്‍ പുറത്തിറക്കുമെന്ന്‌ പറഞ്ഞിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി നിശ്ചയിച്ചിരുന്നത്‌ ശ്രുതി ഹാസനെയായിരുന്നു.

കാന്‍ മേളയില്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെ ടൈറ്റില്‍ റോള്‍ ചെയ്യാനിരുന്ന ശ്രുതി ഹാസനെ സിനിമയില്‍ നിന്ന്‌ മാറ്റിയെന്ന വാര്‍ത്തയാണ്‌ ചലച്ചിത്ര ലോകം കേട്ടത്‌. ശ്രുതി ഹാസനെ ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാല്‍ സിനിമയില്‍ നിന്ന്‌ നീക്കിയെന്നാണ്‌ നിര്‍മ്മാതാക്കളായ ശ്രീ തെന്‍ട്രല്‍ ഫിലിംസ്‌ അറിയിച്ചത്‌. 

സംവിധായകന്‍ സുന്ദര്‍ സി മറ്റ്‌ താരങ്ങളായ ജയം രവി, ആര്യ എന്നിവര്‍ക്കൊപ്പം ശ്രുതി ഹാസനും കാന്‍ മേളയിലെ പ്രഖ്യാപനത്തില്‍ പങ്കെടുത്തിരുന്നു. സംഘമിത്രയെ അവതരിപ്പിക്കാന്‍ വാള്‍പ്പയറ്റും  കളരിയും ഉള്‍പ്പെടെയുള്ള പരിശീലനങ്ങളും ശ്രുതി ആരംഭിച്ചിരുന്നു.


എഡി എട്ടാം നൂറ്റാണ്ടില്‍ സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ സംഗമിത്ര എന്ന രാജകുമാരി നടത്തുന്ന പോരാട്ടമാണ്‌ ചിത്രമെന്നായിരുന്നു സൂചന. 

ചിത്രത്തിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച്‌ കാന്‍സില്‍വെച്ച്‌ ചിത്രത്തിലെ ശ്രുതിയുടെ ഫസ്റ്റ്‌ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 


 ഏ ആര്‍ റഹ്മാന്‍ ആണ്‌ സംഗീത സംവിധായകന്‍. സാബു സിറില്‍ ആണ്‌ പ്രൊഡക്ഷന്‍ ഡിസൈന്‍.ബാഹുബലിലെ ബജറ്റിലും മികവിലും വെല്ലുന്ന പീരിഡ്‌ സിനിമയെന്ന അവകാശ വാദവുമായാണ്‌ തമിഴ്‌ ചിത്രം സംഘമിത്ര പ്രഖ്യാപിച്ചത്‌. 

സംഘമിത്രയില്‍ നിന്ന്‌ ശ്രുതി ഹാസനെ ഒഴിവാക്കി എന്ന വാര്‍ത്ത നിഷേധിക്കുകയാണ്‌ ശ്രുതി ഹാസന്റെ വക്താവ്‌. സ്വന്തം ഇഷ്ടപ്രകാരം ശ്രുതി ഹാസന്‍ ഈ പ്രൊജക്ടില്‍ നിന്ന്‌ പിന്‍മാറിയെന്നാണ്‌ വിശദീകരണം.  

ചിത്രത്തിന്‌ വേണ്ടി രണ്ട്‌ വര്‍ഷം മാറ്റിവച്ചാല്‍ കരിയറില്‍ ഉണ്ടാകാനിടയുള്ള അനിശ്ചിതത്വം പരിഗണിച്ച്‌ ശ്രുതി പിന്‍മാറിയതാണെന്ന്‌ നടിയുടെ ഭാഗത്തുള്ളവര്‍ വ്യക്തമാക്കുന്നു. 400 കോടിയോളം മുതല്‍മുടക്കുണ്ടെന്ന്‌ അവകാശപ്പെടുന്ന ഈ സിനിമയെക്കാള്‍ ബോളിവുഡ്‌, തെലുങ്ക്‌ പ്രൊജ്‌കടുകള്‍ക്ക്‌ ശ്രുതി പ്രാധാന്യം നല്‍കുന്നതിനാല്‍ നടിയുടെ അണ്‍പ്രൊഫഷണല്‍ നിലപാടില്‍ വിയോജിച്ച്‌ ചിത്രത്തില്‍ നിന്ന്‌ നീക്കിയെന്നാണ്‌ അണിയറക്കാരുടെ വാദം. 


 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക