Image

മഹാഭാരതയുടെ നിര്‍മാതാവ് ഡോ. ബി.ആര്‍.ഷെട്ടി ചിത്രത്തെക്കുറിച്ച് മനസ് തുറക്കുന്നു

Published on 05 June, 2017
മഹാഭാരതയുടെ നിര്‍മാതാവ് ഡോ. ബി.ആര്‍.ഷെട്ടി ചിത്രത്തെക്കുറിച്ച് മനസ് തുറക്കുന്നു


അബുദാബി: 150 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന വന്പന്‍ ചിത്രമായ മഹാഭാരതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പദ്ധതികളും ഇതാദ്യമായി അബുദാബിയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുമായി നിര്‍മാതാവും യുഎഇ കേന്ദ്രമായുള്ള ബിസിനസുകാരനും മനുഷ്യസ്‌നേഹിയുമായ ഡോ. ബി.ആര്‍. ഷെട്ടിയും സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനും പങ്കുവച്ചു. ഒരു ബില്യണ്‍ ഡോളര്‍ സംരംഭമായി ഇതിനെ വളര്‍ത്തിക്കൊണ്ടുവരുവാനുള്ള വന്‍ പദ്ധതികളാണ് പിന്നണിയില്‍ ഒരുങ്ങുന്നത്. ഈ മഹത്തായ സൃഷ്ടിയെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനംതന്നെ അന്താരാഷ്ട്ര എന്റര്‍ടെയ്ന്‍മെന്റ് മാധ്യമങ്ങളില്‍ ഇതുവരെ മറ്റൊരു ഇന്ത്യന്‍ സിനിമയ്ക്കും ലഭിക്കാത്തവിധത്തിലുള്ള പ്രചാരത്തിലൂടെ വന്‍തരംഗങ്ങള്‍ തീര്‍ത്തിരുന്നു. 

നമ്മുടെ മഹത്തായ പാരന്പര്യത്തെയും സംസ്‌കാരത്തെയുംകുറിച്ച് ഏറെ ആത്മാഭിമാനമുണ്ടെന്നും അതു കൊണ്ടുതന്നെ കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നതിനായി പിന്തുണ നല്‍കി വരികയായിരുന്നുവെന്നും തുടര്‍ സംരംഭകനും ബില്യണയറുമായി ഡോ. ബി.ആര്‍.ഷെട്ടി പറഞ്ഞു.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെപ്പോലെ മഹാഭാരത്തില്‍നിന്നുള്ള പാഠങ്ങള്‍ ചെറുപ്പക്കാലം മുതലേ ആഴത്തില്‍ അറിയാന്‍ സാധിച്ചിട്ടുണ്ട്. കൂട്ടിയായിരിക്കുന്‌പോള്‍ത്തന്നെ പുരാണങ്ങള്‍ വായിക്കാനും അതിലേക്ക് ആകര്‍ഷിക്കപ്പെടാനും അതുവഴി നല്ലതും ചീത്തയും തമ്മില്‍ തിരിച്ചറിയാനും സാധിച്ചിരുന്നു. വളര്‍ന്നുവന്നപ്പോള്‍ വെല്ലുവിളികള്‍ നേരിടുന്‌പോഴെല്ലാം ആ പുരാണത്താളുകളില്‍നിന്നുള്ള പ്രചോദനം എനിക്ക് ശരിയായ വഴി കാണിച്ചു തന്നിരുന്നു. അന്നുമുതലേ ഈ മഹാ ഇതിഹാസം ലോകമെങ്ങുമുള്ള ആളുകളിലെത്തിക്കണമെന്ന കാഴ്ചപ്പാടുണ്ടായിരുന്നു. പുതിയ പദ്ധതിയിലൂടെ ഇതിഹാസങ്ങളോടുള്ള എന്റെ പ്രതിബദ്ധത പൂര്‍ത്തിയാക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ഡോ. ബി.ആര്‍. ഷെട്ടി പറഞ്ഞു.

ലോകോത്തര നിലവാരത്തില്‍ ഏറ്റവും ക്രിയാത്മകമായും സാങ്കേതികത്തികവോടെയും ആഗോളതലത്തിലുള്ള കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന രീതിയിലുള്ള ഉദ്കൃഷ്ട സൃഷ്ടി എന്ന രീതിയിലായിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സിനിമയിലെയും ആഗോളസിനിമയിലെയും ഏറ്റവും മികച്ച അഭിനേതാക്കളുമാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്. അക്കാദമി അവാര്‍ഡ് നേടിയവരടക്കം ലോകത്തിലെത്തന്നെ ഏറ്റവും പേരുകേട്ടവരായിരിക്കും സാങ്കേതിക വിദഗ്ധര്‍. ഇന്ത്യന്‍ സിനിമയിലെയും ഹോളിവുഡിലെയും വന്പന്‍ താരനിരയാണ് അണിനിരക്കുക. അന്താരാഷ്ട്രതലത്തില്‍ പേരെടുത്ത കാസ്റ്റിംഗ് ഡയറക്ടറായിരിക്കും ആഗോളസംഘത്തിന് നേതൃത്വം നല്‍കുക.

ചിത്രത്തിന്റെ താരനിരയേയും സാങ്കേതികവിദഗ്ധരേയും സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസചിത്രം ശ്വാസമടക്കിപ്പിടിച്ചുമാത്രം കാണാന്‍ സാധിക്കുന്ന രീതിയില്‍ ആകര്‍ഷകമായ സൃഷ്ടിയായിരിക്കണമെന്നാണ് ആഗ്രഹം. അന്താരാഷ്ട്രതലത്തില്‍ തന്നെ പേരെടുത്ത മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് ഭീമന്റെ വേഷത്തിലെത്തുന്നത്. ഈ ചിത്രത്തിനായി രണ്ടുവര്‍ഷമാണ് അദ്ദേഹം മാറ്റിവച്ചിരിക്കുന്നത്. സ്വന്തം സമയം മൂഴുവന്‍ മാറ്റിവയ്ക്കുന്നതുപോലെയുള്ള ആത്മാര്‍പ്പണമാണ് ഓരോ നടീനടന്മാരില്‍നിന്നും പ്രതീക്ഷിക്കുന്നത്. വിഎഫ്എക്‌സില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. നിര്‍മാണത്തിനായുള്ള ബജറ്റിന്റെ അന്‍പത് ശതമാനവും ഇതിനായി മാറ്റിവച്ചിരിക്കുകയാണ്. ലോകോത്തരസൃഷ്ടിയുടെ കാഴ്ചാനുഭവം ഏറ്റവും മികച്ചതാക്കാനാണ് പരിശ്രമിക്കുന്നതെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
മഹാഭാരത’സിനിമ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ മാസ്റ്റര്‍ പതിപ്പുകള്‍ ഇറക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്ക് മറ്റു പ്രമുഖ വിദേശഭാഷകളിലേക്ക് സബ്‌ടൈറ്റിലുകള്‍ നല്‍കി ഡബ്ബ് ചെയ്യും.

വിപണനം, വിതരണം എന്നീ രംഗങ്ങളില്‍ ആഗോളതലത്തിലുള്ള കൂട്ടുകെട്ടുകളുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. മഹാഭാരത ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ എത്തുന്നതിനായാണ് പരിശ്രമിക്കുന്നത്. ഈ സിനിമയ്ക്ക് അനുയോജ്യമായ രീതിയില്‍ ആഗോളതലത്തില്‍ വന്പന്‍ റിലീസിനാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളില്‍ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനും ചിത്രത്തിന്റെ സജീവകാലമത്രയും അന്താരാഷ്ട ഫ്രാഞ്ചൈസികളെയും ലക്ഷ്യമിടുന്നുണ്ടെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക