Image

പ്രതിഭകളുടെ സംഗമവേദിയായി സര്‍ഗസന്ധ്യ 2017; എക്‌സഡസും സര്‍ക്കിള്‍ ഓഫ് ലൈഫും ഇനി ചരിത്രം

ജോയിച്ചന്‍ പുതുക്കുളം Published on 06 June, 2017
പ്രതിഭകളുടെ സംഗമവേദിയായി സര്‍ഗസന്ധ്യ 2017; എക്‌സഡസും സര്‍ക്കിള്‍ ഓഫ് ലൈഫും ഇനി ചരിത്രം
ടൊറന്റോ: ദിവസങ്ങള്‍ക്കുമുമ്പേ "സോള്‍ഡ് ഔട്ട്' ആയ സര്‍ഗവിരുന്നിനായി ചര്‍ച്ച് ഓണ്‍ ദ് ക്വീന്‍സ് വേ തിയറ്ററിലേക്ക് ഒഴുകിയെത്തിയവരെ കാത്തിരുന്നത് ആഫ്രിക്കന്‍ സഫാരിയും പിന്നെ മണലാരണ്യവും ചെങ്കടലുമെല്ലാം കടന്ന് കനാന്‍ദേശത്തേക്കുള്ള പ്രയാണവും. മോശയും റാംസീസും കൊട്ടാരപുരോഹിതന്‍ മല്‍ഖീസും ഇസ്രയേല്‍ക്കൂട്ടത്തിലെ വിമതന്‍ ഭത്തനും സിംബയും റഫീക്കിയും മുഫാസയും സ്കാറുമെല്ലാം തകര്‍ത്തഭിനയിച്ചപ്പോള്‍ കാണാനായത് പ്രതിഭകളുടെ വന്‍നിരയെ. രണ്ടാംവട്ടം കണ്ടവരെപ്പോലും പിടിച്ചിരുത്തിയ സംഗീത-നൃത്ത നാടകം "എക്‌സഡസ്'; അത്ഭുതപ്പെടുത്തുന്ന സ്വര-താള-നൃത്ത മികവോടെ യുവപ്രതിഭകള്‍ മിഴിവേകിയ "സര്‍ക്കിള്‍ ഓഫ് ലൈഫ്'; കണ്ണഞ്ചിപ്പിക്കുന്ന രംഗപടങ്ങളും വസ്താലങ്കാരവും... കാനഡയിലെ സിറോ മലബാര്‍ എക്‌സാര്‍ക്കേറ്റിന്റെ കീഴിലുള്ള ഡിവൈന്‍ അക്കാദമി ഒരുക്കിയ "സര്‍ഗസന്ധ്യ 2017' കാണികള്‍ക്കായി കരുതിവച്ചിരുന്നത് കലാവൈഭവത്തിന്റെയും നിറക്കൂട്ടുകളുടെയും പൂരക്കാഴ്ചകള്‍. ചടുലമായ ചുവടുകളോടെ അണിയറക്കാര്‍പോലും വിസ്മയിപ്പിച്ചു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.

രണ്ടുവര്‍ഷം മുന്പ് ദ് ടെന്‍ കമാന്‍ഡ്‌സ്‌മെന്റ് ഒരുക്കി വടക്കന്‍ അമേരിക്കയിലെ മലയാള നാടകചരിത്രത്തെ തന്നെ മാറ്റിയെഴുതിയവര്‍ ഇത്തവണ "എക്‌സ്ഡസു'മായി പുറപ്പെട്ടതുതന്നെ മലയാളദേശവും കടന്ന് അരങ്ങിലെത്തിക്കുന്ന ഏറ്റവും വലിയ സംഗീത-നാടക ശില്‍പമൊരുക്കുന്നതിനാണ്. മൂവായിരത്തോളം വരുന്ന സദസിനെ സാക്ഷിയാക്കി ഇവര്‍ സഫലീകരിച്ചതാകട്ടെ കലാഹൃദയമുള്ള ബിഷപ് മാര്‍ ജോസ് കല്ലുവേലിലിന്റെ സ്വപ്നപദ്ധതിയും. സംഘാടകര്‍ അവകാശപ്പെടുംപോലെ "കാനഡയിലെ കലാഭവന്‍' എന്ന വിശേഷണത്തിന് തികച്ചും അനുയോജ്യമാണെന്ന് ഈ ബൈബിള്‍ നാടകത്തിലൂടെയും ബ്രോഡ് വേ സ്‌റ്റൈല്‍ മ്യൂസിക്കലിലൂടെയും തെളിയിച്ചു. ആട്ടവും പാട്ടും തകര്‍പ്പന്‍ ഡയലോഗുകളും അഭിനയമൂഹൂര്‍ത്തങ്ങളുമെല്ലമായി ഒരു ഹിറ്റ് മെഗാഷോയ്ക്കുവേണ്ട എല്ലാ ചേരുവകളും തികച്ചും ആത്മീയമായ അന്തരീക്ഷത്തില്‍ അവതരിപ്പിക്കാനായെന്നതാണ് പ്രത്യേകത.

ലയണ്‍ കിങ്ങിനെ ആസ്പദമാക്കി സര്‍ക്കിള്‍ ഓഫ് ലൈഫ് അവതരിപ്പിച്ചാണ് സര്‍ഗസന്ധ്യയ്ക്ക് കൊടിയേറിയത്. യുവരാജാവ് സിംബയും കുട്ടി സിംബയും കൂട്ടുകാരി നളയും കുട്ടി നളയും രാജാവ് മുഫാസയും രാജ്ഞി സറാബിയും വില്ലന്‍ സഹോദരന്‍ സ്കാറും മറ്റു പ്രധാന കഥാപാത്രങ്ങളായ റഫീക്കിയും സാസുവും ടിമോണും പൂംബയുമെല്ലാം പാടി അഭിനയിച്ചപ്പോള്‍ മുക്കാല്‍ മണിക്കൂറോളം സദസിന്റെ തുടര്‍ച്ചയായ കയ്യടികള്‍ ഏറ്റുവാങ്ങി.

ജോര്‍ജ് ആന്റണി, ജേക്കബ് തോംസണ്‍ എന്നിവര്‍ സിംബയും കുട്ടി സിംബയുമായി വേദിയിലെത്തിയപ്പോള്‍ സിമോണ്‍ സെബാസ്റ്റ്യനും ഷാരണ്‍ സേവ്യറുമായിരുന്നു നളയും കുട്ടി നളയും. ഡോ. തോമസ് ജോര്‍ജ് (സ്കാര്‍), അനു പുലിപ്ര (റഫീക്കി), ആഷിക് വാളൂക്കാരന്‍ (മുഫാസ), ഷനായ ജോസഫ് (സറാബി), അല്‍ഫോന്‍സ പയസ് (സസു), സെബീന സെബി (ടിമോണ്‍), അഞ്ജലി ആന്‍ ജോണ്‍ (പൂംബ) എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍ക്കു ജീവനേകിയത്. കുട്ടിയാനയും മാനുകളും പക്ഷികളും ജിറാഫും കടുവയും സീബ്രകളുമെല്ലാം അരങ്ങു കൊഴുപ്പിച്ചപ്പോള്‍ കാഴ്ചക്കാര്‍ അക്ഷരാര്‍ഥത്തില്‍ ആഫ്രിക്കന്‍ സഫാരി ലഹരിയിലായിരുന്നു. കാട്ടിലെ കൂട്ടുകാരുടെ പടയെക്കണ്ട് കാണിക്കൂട്ടത്തിലെ കുട്ടികളും ആര്‍ത്തുവിളിച്ചു പ്രോല്‍സാഹിപ്പിച്ചു.

മൂന്നു സ്റ്റേജുകളിലായി, സീനായ് പര്‍വതവും മിസ്രയിമും ഫറവോയുടെ കൊട്ടാരവും മരുഭൂമിയും നൈല്‍ നദിയും ചെങ്കടലുമെല്ലാം കടന്നുള്ള മോചനയാത്രയും കാണികളെ മൂവായിരത്തോളം വര്‍ഷങ്ങള്‍ പിന്നിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു. രംഗപടങ്ങളും പിന്നണി ദൃശ്യങ്ങളും അഭിനേതാക്കളുടെ വസ്ത്രങ്ങളും മുഖംമിനുക്കലും വരെ മല്‍സരിക്കുന്ന കാഴ്ചയാണ് ഓരോ സീനിലും കാണാനായത്. നൈല്‍ നദീതീരത്തെയും മിദിയാനിലെയും കൊട്ടാരത്തിലെയുമെല്ലാം ഉള്‍പ്പെടെ അഞ്ചു നൃത്തങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ടതായി. കുതിരവണ്ടിയും രഥങ്ങളും ഉരുണ്ടുനീങ്ങി, പനകളും കള്ളിമുള്‍ച്ചെടികളും തലയുയര്‍ത്തിനിന്നു, അരയന്നങ്ങള്‍ ഒഴുകിനടന്നു, ആട്ടിന്‍കൂട്ടങ്ങള്‍ മേഞ്ഞുനടന്നു, മരുഭൂമിയിലെ പോരാട്ടത്തിനായി ഉടുമ്പ് ചാടിവീണു, മോശയുടെയും കൊട്ടാരപുരോഹിതന്റെയും കയ്യിലെ വടികള്‍ സര്‍പ്പങ്ങളായി... ഒടുവില്‍ ചെങ്കടല്‍ പിളര്‍ന്നു- ഇസ്രയേല്‍ ജനതയ്ക്ക് കടന്നുപോകാനായി; കടല്‍ വീണ്ടും ആര്‍ത്തിരന്പിയെത്തി- ഫറവോയുടെ പോരാളികളുടെ കഥകഴിക്കാന്‍. പുറപ്പാടിന്റെ കഥയും അവിടെ തീരുകയായി, വാഗ്ദത്ത ഭൂമിയിലേക്കുള്ള കാല്‍വയ്പും.

മോസസ് ആയി വേഷമിട്ടത് സംവിധായകന്‍കൂടിയായ ബിജു തയ്യില്‍ച്ചിറയാണ്. വടക്കന്‍ അമേരിക്കയിലെ അറിയപ്പെടുന്ന അഭിനേതാവായ ബിജു തന്നെയാണ് രംഗപടങ്ങള്‍ക്കും മറ്റുമുള്ള മിക്ക ചിത്രങ്ങള്‍ വരച്ചതും. റാംസീസ് ആയി തിളങ്ങിയ മാത്യു ജോര്‍ജിന്റേതാണ് തിരക്കഥ. എക്‌സഡസിനെ സംഗീതസാന്ദ്രമാക്കിയ വരികളാകട്ടെ മല്‍ഖീസായി വേദിയില്‍ നിറഞ്ഞുനിന്ന മാത്യൂസ് മാത്യുവിന്റേതാണ്. അഹ്‌റോനായി എത്തിയ സജി ജോര്‍ജ് അസിസ്റ്റന്റ് ഡയറക്ടര്‍കൂടിയാണ്. സ്ത്രീകഥാപാത്രങ്ങളില്‍ സിപ്പോറയായി അശ്വതി തോമസും രാജകുമാരിയായി റോഷ്‌നി ജോര്‍ജും രാജ്ഞിയായി സിനി സന്തോഷും ശ്രദ്ധപിടിച്ചുപറ്റിയപ്പോള്‍ മോശയുടെ അമ്മയുടെ ചെറുപ്പകാലം ബിന്ദു തോമസ് മേക്കുന്നേലും പില്‍ക്കാലം അമ്മിണി ജോസഫും അവിസ്മരണീയമാക്കി. ഭത്തനായി ജോണി കോയിപ്പുറവും ജോഷ്വയായി ജിജോ ആലപ്പാട്ടും ജെത്രോയായി സഹസംവിധായകന്‍കൂടിയായ ജോസഫ് അക്കരപാട്ടിയാക്കലും വേറിട്ട പ്രകടനം കാഴ്ചവച്ചു. കാളക്കുട്ടിയെയും വഹിച്ചുകൊണ്ടുള്ള കൂട്ടം മുതല്‍ ഫറവയോടെ പടയാളികള്‍ വരെ, നൂറിലേറെ വരുന്ന കലാകാരന്മാര്‍ ഓരോരുത്തരും "എക്‌സസഡി'നെ ചരിത്രസംഭവമാക്കാന്‍ ഉല്‍സാഹിച്ചു. നാടകത്തില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും മാര്‍ കല്ലുവേലിലിന്റെ സാന്നിധ്യവും മുഴങ്ങിനിന്നു- മോശയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ദൈവീകശബ്ദമായി.

ജനറല്‍ കണ്‍വീനര്‍കൂടിയായ ജോളി ജോസഫ് ആയിരുന്നു അവതാരകന്‍. സര്‍ക്കിള്‍ ഓഫ് ലൈഫിന് മുന്നോടിയായി സംവിധായിക ആഞ്ജല ജയിംസും കേ-ഓര്‍ഡിനേറ്റര്‍മാരായ ജിമ്മി വര്‍ഗീസും ബിജു കണ്ണന്പുഴയും വേദിയിലെത്തി. നൂറ്റന്‍പതോളം കലാകാരന്മാര്‍ക്കു പുറമെ അന്‍പതോളം വരുന്ന അണിയറ പ്രവര്‍ത്തകരുടെ പന്ത്രണ്ടായിരത്തിലേറെ മണിക്കൂറുകളുടെ അധ്വാനത്തിന്റെ ഫലമാണ് ഇതെന്ന പ്രഖ്യാപനത്തോടെ എക്‌സിക്യുട്ടീവ് കോ-ഓര്‍ഡിനേറ്റര്‍ തോമസ് വര്‍ഗീസാണ് "ടീം എക്‌സഡസി'നെ പരിചയപ്പെടുത്തിയത്.

സഭയിലെയും സമൂഹത്തിലെയും വിവിധ മേഖലകളില്‍നിന്നുള്ള പ്രതിഭകളെ ആത്മീയദൌത്യ പൂര്‍ത്തീകരണത്തിനായി പ്രയോജനപ്പെടുത്തുകയാണ് ഡിവൈന്‍ അക്കാദമിയുടെ ലക്ഷ്യമെന്ന് അമരക്കാരന്‍കൂടിയായ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ ചൂണ്ടിക്കാട്ടി. എക്‌സാര്‍ക്കേറ്റ് വികാരി ജനറല്‍ മോണ്‍. സെബാസ്‌റ്യന്‍ അരീക്കാട്ട്, അക്കാദമി ചെയര്‍മാന്‍ ഫാ. പത്രോസ് ചന്പക്കര, ഫാ. തോമസ് വാലുമ്മേല്‍, ഫാ. ജോണ്‍ മൈലംവേലില്‍, ഫാ. ടെന്‍സണ്‍ താന്നിക്കല്‍, ഫാ. ജേക്കബ് എടക്കളത്തൂര്‍, ജനറല്‍ കണ്‍വീനര്‍ ആന്റണി വട്ടവയലില്‍, സുരേഷ് തോമസ്, സജി കരിയാടി, സാബു ജോര്‍ജ്, ത്രേസ്യാമ്മ ജോണ്‍സണ്‍, തോമസ് കെ. തോമസ് തുടങ്ങിയവരും ഉള്‍പ്പെടുന്ന സമിതിയാണ് സര്‍ഗസന്ധ്യയ്ക്ക് ചുക്കാന്‍പിടിച്ചത്.

മെഗാ സ്‌പോണ്‍സര്‍ ഡോ. സണ്ണി ജോണ്‍സണ്‍, ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാരായ മനോജ് കരാത്ത, ആന്റണി വട്ടവയലില്‍, സില്‍വര്‍ സ്‌പോണ്‍സര്‍മാരായ ജോണ്‍ ചേന്നോത്ത്, ജോസഫ് തോമസ്, ടെസി കളപ്പുരയ്ക്കല്‍, ജോസ്കുട്ടി ജോസഫ്, ഷാജു ജോണ്‍സണ്‍, സാബു വര്‍ഗീസ്, റോയ് ജോര്‍ജ് തുടങ്ങിയവരെ ആദരിച്ചു.

തയാറാക്കിയത്: വിന്‍ജോ മീഡിയ
പ്രതിഭകളുടെ സംഗമവേദിയായി സര്‍ഗസന്ധ്യ 2017; എക്‌സഡസും സര്‍ക്കിള്‍ ഓഫ് ലൈഫും ഇനി ചരിത്രംപ്രതിഭകളുടെ സംഗമവേദിയായി സര്‍ഗസന്ധ്യ 2017; എക്‌സഡസും സര്‍ക്കിള്‍ ഓഫ് ലൈഫും ഇനി ചരിത്രംപ്രതിഭകളുടെ സംഗമവേദിയായി സര്‍ഗസന്ധ്യ 2017; എക്‌സഡസും സര്‍ക്കിള്‍ ഓഫ് ലൈഫും ഇനി ചരിത്രംപ്രതിഭകളുടെ സംഗമവേദിയായി സര്‍ഗസന്ധ്യ 2017; എക്‌സഡസും സര്‍ക്കിള്‍ ഓഫ് ലൈഫും ഇനി ചരിത്രംപ്രതിഭകളുടെ സംഗമവേദിയായി സര്‍ഗസന്ധ്യ 2017; എക്‌സഡസും സര്‍ക്കിള്‍ ഓഫ് ലൈഫും ഇനി ചരിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക