Image

ജനിച്ചതേ കഷ്ടം (കവിത: ജോണ്‍ ഇളമത)

Published on 06 June, 2017
ജനിച്ചതേ കഷ്ടം (കവിത: ജോണ്‍ ഇളമത)
കോലായില്‍ മാര്‍ബിള്‍ത്തറയില്‍
കാല്‍നീട്ടിയിരുന്നു മുത്തശ്ശി
കണ്ണിനു കാഴ്ചക്കുറവു
കാതിനു കേള്‍വിക്കുറവു
എന്നുവെച്ചിപ്പം മേളീന്നു വിളിക്കാതെ
എങ്ങനെ ചാകാന്‍ പറ്റും!

എത്ര വയസ്സായീന്നു കൃത്യം അറിയീല
തൊണ്ണൂറു കഴിഞ്ഞെന്നു എല്ലാരം പറേണു
എത്ര പൂര്‍ണ്ണചന്ദ്രോദയം കണ്ടു
പ്രളയവും വേനലും ക്ഷാമവും കണ്ടു
പ്രതികരണശേഷി എന്നേ നശിച്ചു
ഒരുപിടിച്ചോറിനു എത്ര ശകാരം!
മരുമകള്‍ തന്നെ പുച്ഛിച്ചു തള്ളുന്നു
ഒരു പോലഞെട്ടിനു എന്ത് പ്രയാസം!

പണ്ടൊക്കെ കെട്ട്യോനു വെറ്റ തെറുത്തു
ഉണ്ടുകഴിഞ്ഞൊരു മുറുക്കിന് രസം
ഉണ്ടായതില്ല നാളേറെയായി
മരുമകള്‍ ദുഷ്ടമേദസ് മുറ്റിയ
മച്ചിയാണെന്നു പരക്കെ സംസാരം
മകനോ, മണ്ടന്‍! അച്ചായണവന്
മെച്ചമായ് ഈ ഉലകില്‍
പെണ്‍കോന്തനവന്‍! പെറാത്ത മച്ചിക്ക്
കണ്ണുചിമ്മിയിരിക്കും കാവലാള്‍

എന്തിനൊരു നീണ്ട ജന്മം
സ്വന്തമെന്നു പറയാന്‍ എന്തുണ്ട്!
കൂട്ടുകുടുംബമില്ലിന്നു, സ്‌നേഹമില്ലിന്നു
കെട്ടി വേറേ പൊറുക്കുന്നു
കെട്ട വര്‍ഗ്ഗങ്ങള്‍ അച്ചിഭക്തന്മാര്‍
അമ്മയെ നോക്കാന്‍ ആളില്ല
അഗതിമന്ദിരങ്ങള്‍ അനവധി
ആരാന്റെ അമ്മെ കാശിനു നോക്കുന്ന
അരാച്ചാര്‍ സദനങ്ങള്‍ എങ്ങും!
അതിനൊന്നില്‍ എന്നെ പാര്‍പ്പിക്കാന്‍
ധൃതിവെച്ചീടുന്നു, മരുമോളും മോനും
അമ്മക്കിനി ഒന്നിനും കുറവു വരില്ലത്രേ
അമ്പലത്തില്‍ തൊഴാന്‍ കൂട്ട്
കാച്ചിയ എണ്ണതേപ്പിച്ച് കുളിപ്പിക്കാന്‍ ആള്‍
കാലത്തും ഉച്ചയ്ക്കും അന്തിക്കും
കാപ്പീം പലാരോം ഊണും
പിന്നെ മൂന്നുംകൂട്ടി മുറുക്ക്
ഒന്നിനും കുറവില്ല എന്നു ഭാഷ്യം!
കൃഷ്ണാ, ഗുരുവായൂരപ്പാ, ഒന്ന്
കടാക്ഷിക്ക് വെക്കം
കാലനില്ലാത്തൊരു കാലമോ!
ജീവിച്ചു, ജീവിച്ചു മടുത്തു,
ജനിച്ചതേ, ഹാ കഷ്ടം. !!
Join WhatsApp News
വിദ്യാധരൻ 2017-06-07 07:43:33

പഠിച്ച വൃത്തങ്ങളൊക്കെ  വച്ചുനോക്കി
അടുക്കുന്നില്ലൊന്നിന്റെയരികിൽപോലും
കവിതയ്ക്കിതെന്തു വന്നു ഭവിച്ചുപോലും
ചവച്ചു തുപ്പുന്നുവോ ചപ്പു ചവറുപോലെ?

ഉണ്ടൊരു നല്ലാശയമെന്നതുകൊണ്ടുമാത്രം
ഉണ്ടാകുന്നില്ലൊരു നല്ല കവിതയെങ്ങും
ഉണ്ടാകണം വൃത്തമലങ്കാരമുപമയെന്നാൽ
ഉണ്ടായിടുമഴകാർഷണം കവിതയ്ക്കു തീർച്ച

അറിയാം,  ചിലർക്കിപ്പോൾ ചൊറിഞ്ഞുകേറും
പറയുവാൻ ഇവൻഇത് ആരെടാ എന്നമട്ടിൽ
അറിവുളളത് വച്ച് പറഞ്ഞുവെന്നേയുള്ളു
പൊറുക്കേണം  തെറ്റെന്നു തോന്നുകിൽ നിങ്ങൾ

എന്തായാലും വാർദ്ധക്ക്യം രോഗം ഇവയൊക്കെ
പന്താടും  സർവ്വരേം ഇന്നല്ലേൽ നാളെ നൂനം
നോക്കേണ്ട നിന്റ മക്കൾ നിന്നെ നോക്കുമെന്ന്
നോക്കേണമേവരും സ്വയമതിനാൽ ആവുവോളം.   

Tom Abraham 2017-06-07 13:34:43

Sans teeth, sans sight, sans taste, 

Sans libido, and sans everything !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക