Image

നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ടൗണ്‍ കൗണ്‍സിലിലേക്ക് അറ്റോര്‍ണി ജറി വട്ടമല മത്സരിക്കുന്നു

Published on 07 June, 2017
നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ടൗണ്‍ കൗണ്‍സിലിലേക്ക് അറ്റോര്‍ണി ജറി വട്ടമല മത്സരിക്കുന്നു
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റിലെ ടൗണ്‍ ഓഫ് നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ടൗണ്‍ കൗണ്‍സിലിലേക്ക് അറ്റോര്‍ണി ജറി ജോര്‍ജ് വട്ടമലയെ ഡമോക്രാറ്റിക് പാര്‍ട്ടി എന്‍ഡോഴ്‌സ് ചെയ്തു.

ഡിസ്ട്രിക്ട് മൂന്നിലാണ് ജറി വട്ടമല മത്സരിക്കുക. ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ന്യൂഹൈഡ് പാര്‍ക്ക്, മിനിയോള, ഗാര്‍ഡന്‍ സിറ്റി, വില്ലിസ്റ്റണ്‍ പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് ഡിസ്ട്രിക്ട് മൂന്ന്. നവംബറില്‍ നടക്കുന്ന ഇലക്ഷനില്‍ ജറി, മൂന്നുതവണയായി കൗണ്‍സിലറായ എഴുപതുകാരന്‍ ഏഞ്ചലോ ഫെറാറയെ നേരിടും.

തനിക്ക് പാര്‍ട്ടി അംഗത്വമൊന്നുമില്ലെങ്കിലും ഡമോക്രാറ്റിക് പാര്‍ട്ടി പിന്തുണയ്ക്കുകയായിരുന്നുവെന്നു ജറി പറഞ്ഞു. പാര്‍ട്ടിയുടെ പിന്തുണയ്ക്കുവേണ്ടി ശക്തിപൂര്‍വം നിലകൊണ്ടത് ദീര്‍ഘകാലമായി ഡമോക്രാറ്റിക് പാര്‍ട്ടി നേതാവായ കളത്തില്‍ വര്‍ഗീസാണ്. ഒടുവില്‍ പാര്‍ട്ടി അംഗീകരിച്ചു. രണ്ടാം തലമുറയ്ക്കു കിട്ടുന്ന അംഗീകാരമാണിതെന്നും സര്‍വ്വധാ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് ജറിയെന്നും കളത്തില്‍ ചൂണ്ടിക്കാട്ടി. വലിയ ഭാവിയുള്ള യുവ നേതാവാണ് ജെറിയെന്നും കളത്തില്‍ ചൂണ്ടിക്കാട്ടി

ആറംഗ കൗണ്‍സിലും സൂപ്പര്‍വൈസറും ചേര്‍ന്നാണ് ടൗണ്‍ ഭരണം നടത്തുന്നത്. നാലു വര്‍ഷമാണ് കാലാവധി. മൂന്നു സീറ്റിലേക്കണു ഈ വര്‍ഷം മത്സരം.

കാല്‍ ലക്ഷത്തില്‍പ്പരം വോട്ടര്‍മാരുള്ള ടൗണില്‍ മുമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായിരുന്നു ആധിപത്യം. ഇപ്പോഴതു മാറി. വിജയസാധ്യത ഏറെയുള്ള ഡിസ്ട്രിക്ടാണിതെന്നു ജറിയും കളത്തിലും ചൂണ്ടിക്കാട്ടുന്നു.

മൂന്നു പതിറ്റാണ്ടിലേറെയായി ടൗണില്‍ താമസിക്കുന്ന ജറി ന്യൂ ഹൈഡ് പാര്‍ക്ക് ഹൈസ്‌കൂളില്‍ നിന്നാണ് ഗ്രാജ്വേറ്റ് ചെയ്തത്. ബിംഗാംടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്ത ശേഷം ഹോപ് സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു നിയമ ബിരുദമെടുത്തു.

തുടര്‍ന്നു പ്രോസ് കോര്‍ റോസ് എന്ന അറ്റോര്‍ണി സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു. തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇന്‍ഷ്വറന്‍സ് തുകയ്ക്കുവേണ്ടി സില്‍വര്‍ സ്റ്റൈന്‍ പ്രോപ്പര്‍ട്ടീസ് നടത്തിയ കേസിലും എന്‍ റോണ്‍ തകര്‍ച്ചയ്ക്കും വേള്‍ഡ് കോം തകര്‍ച്ചയ്ക്കും ശേഷം ജെ.പി മോര്‍ഗന്‍ ചേസ് നടത്തിയ ലോ സ്യൂട്ടുകളിലും അവരുടെ കോര്‍പറേറ്റ് അറ്റോര്‍ണിമാരില്‍ ഒരാളായിരുന്നു.

അതോടൊപ്പം തന്നെ നോണ്‍ പ്രോഫിറ്റ് സ്ഥാപനങ്ങള്‍ക്കുവേണ്ടി സൗജന്യമായി (പ്രോ ബോണോ) കേസുകള്‍ വാദിച്ചുപോന്നു. ആറു വര്‍ഷംമുമ്പ് ഏഷ്യന്‍ അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫണ്ടിന്റെ (എ.എ.എല്‍.ഡി.ഇ.എഫ്) സ്റ്റാഫ് അറ്റോര്‍ണിയായി. നാലു വര്‍ഷമായി അതിന്റെ ഡമോക്രസി പ്രോഗ്രാം ഡയറക്ടര്‍. വോട്ടിംഗ് സംബന്ധിച്ച അബിപ്രായ സര്‍വ്വെകള്‍ സംഘടിപ്പിക്കുന്നതും വോട്ടിംഗില്‍ വിവേചനമോ സിവില്‍ റൈറ്റ് ലംഘനമോ ഏഷ്യക്കാര്‍ക്കു നേരേ ഉണ്ടാകാതിരിക്കാനുള്ള നടപടികളെടുക്കുന്നതും ജറിയുടെ ചുമതലയിലാണ്. നാഷണല്‍ ഏഷ്യന്‍ അമേരിക്കന്‍ എക്‌സിറ്റ് പോള്‍ സംഘടിപ്പിക്കുന്നതും ജറിയുടെ നേതൃത്വത്തിലാണ്. വോട്ടവകാശം സംരക്ഷിക്കുക എന്ന പ്രധാന ദൗത്യത്തിനായി കേസുകളും നടത്തുന്നു.

ന്യൂയോര്‍ക്ക് ലോ സ്‌കൂളില്‍ അഡ്ജംക്ട് പ്രൊഫസറാണ് ജറി.

പാലായില്‍ നിന്നു കുടിയേറിയ പരേതനായ മത്തായി വട്ടമലയുടേയും മേരിക്കുട്ടിയുടേയും പുത്രനാണ്. മത്തായി വട്ടമല 35 വര്‍ഷത്തോളം ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പത്തുവര്‍ഷം ബല്‍റോസില്‍ ഗ്രോസറി സ്റ്റോര്‍ നടത്തിയിരുന്നു. പകല്‍ ഗ്രോസറി സ്റ്റോര്‍ നടത്തുകയും രാത്രി ജോലിക്കു പോകുകയും ചെയ്യുന്ന പിതാവിനെ ജറി അനുസ്മരിക്കുന്നു. 2007ല്‍ അദ്ദേഹം സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ വച്ചു മരണപ്പെട്ടു. 40 വര്‍ഷത്തോളം രാത്രി ഷിഫ്റ്റില്‍ ഐ.സി.യുവില്‍ ജോലി ചെയ്ത അമ്മ 2014ല്‍ റിട്ടയര്‍ ചെയ്തു.

സമ്പന്നരാകാനുള്ള ആഗ്രഹംകൊണ്ടല്ല മറിച്ച് ഉറ്റവരേയും ഉടയവരേയും തുണയ്ക്കാനാണ് ഇരുവരും ഇത്രയധികം ത്യാഗങ്ങള്‍ സഹിച്ചതെന്നു ജറി ഓര്‍ക്കുന്നു. അവരില്‍ പലരേയും അമേരിക്കിയിലേക്ക് കൊണ്ടുവരാനും സാധിച്ചു.

എഴുതുകളില്‍ അമേരിക്കയില്‍ വന്ന അവര്‍ 1983ല്‍ ബ്രൂക്ക്‌ളിനില്‍ നിന്നു എല്‍മോണ്ടിലേക്ക് താമസം മാറ്റി. 1987ല്‍ ജറി ന്യൂഹൈഡ് പാര്‍ക്കിലേക്ക് മാറി.

സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിലെ യൂത്ത് കോര്‍ഡിനേറ്ററായി 2009 മുതല്‍ 2012 വരെ പ്രവര്‍ത്തിച്ചു. സണ്‍ഡേ സ്‌കൂള്‍ ടീച്ചറുമായിരുന്നു.

റോസ്ലിന്‍ സെന്റ് ഫ്രാന്‍സീസ് ഹോസ്പിറ്റലിലെ ഫാര്‍മസിസ്റ്റായ ജിനി ആണ് ഭാര്യ. നാലു വയസ്സുള്ള ഇസബെല്‍, ആറാഴ്ച പ്രായമുള്ള സറിന എന്നിവരാണ് മക്കള്‍. മൂത്ത സഹോദരന്‍ മാത്യൂസ് (ബോബി) മന്‍ഹാട്ടനില്‍ ടാക്‌സ് അറ്റോര്‍ണിയാണ്. മൂത്ത സഹോദരി എലിസബത്ത് (ജൂലി) ബ്രോങ്ക്‌സില്‍ ഹൈസ്‌കൂളില്‍ സയന്‍സ് അധ്യാപിക.

മത്സരം ഏറെ പണിച്ചിലവുള്ള കാര്യമാണെന്നു ജറി പറഞ്ഞു. മലയാളി-ഇന്ത്യന്‍ സമൂഹത്തില്‍ ഫണ്ട് റൈസിംഗുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരുടേയും നിര്‍ലോപമായ സഹകരണം ഉണ്ടാകുമെന്ന് ജറി പ്രതീക്ഷിക്കുന്നു.

വിജയിച്ചാല്‍ ടൗണിന്റെ നാനാവിധമായ അഭിവൃദ്ധിക്കുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുമെന്നു ജറി ഉറപ്പു നല്‍കുന്നു. 
നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ടൗണ്‍ കൗണ്‍സിലിലേക്ക് അറ്റോര്‍ണി ജറി വട്ടമല മത്സരിക്കുന്നു
Join WhatsApp News
Thamashakkaran 2017-06-07 13:15:04

Vattamala, Mottathala jayam surashitham.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക