Image

ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണ് യെച്ചൂരിയ്ക്ക് നേരെ നടന്ന ആക്രമണം : നവയുഗം

Published on 08 June, 2017
ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണ് യെച്ചൂരിയ്ക്ക് നേരെ നടന്ന ആക്രമണം : നവയുഗം
ദമ്മാം: തങ്ങളുടെ വര്‍ഗ്ഗീയഅജണ്ടയെ എതിര്‍ക്കുന്നവരെയും, രാഷ്ട്രീയ എതിരാളികളെയും ഭരണാധികാരം ദുരുപയോഗിച്ചും, കായികമായി ആക്രമിച്ചും ഏതു വിധത്തിലും ഇല്ലായ്മ ചെയ്യാനുള്ള ആര്‍.എസ്.എസ്സിന്റെ ഹീനമായ അജണ്ടയുടെ ഭാഗമായാണ് സി.പി.ഐ (എം) ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയ്ക്ക് നേരെ ആക്രമണം നടന്നതെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി. ജനാധിപത്യവിരുദ്ധമായ ഈ ആക്രമണത്തെ നവയുഗം കേന്ദ്രകമ്മിറ്റി ശക്തമായി അപലപിച്ചു.

മുന്‍പ് കനയ്യകുമാര് അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കളെ, ബി.ജെ.പി അനുകൂലികളായ വക്കീലന്മാരെ ഉപയോഗിച്ചു കോടതിയില്‍ വെച്ച് ആക്രമിച്ചത് ഇന്ത്യ കണ്ടതാണ്. ലാലുപ്രസാദ് യാദവ് ഉള്‍പ്പടെയുള്ള പ്രതിപക്ഷകക്ഷി രാഷ്ട്രീയനേതാക്കളുടെയും, സംഘപരിവാര്‍ ആശയങ്ങളെ എതിര്‍ക്കുന്ന എന്‍.ഡി.ടി.വിയുടെ ഉടമകളുടെയും വീട്ടില്‍ സി.ബി.ഐയെ ഉപയോഗിച്ച് മോഡിസര്‍ക്കാര്‍ റൈഡ് നടത്തി കള്ളക്കേസുകള്‍ പടയ്ക്കാന്‍ ശ്രമിച്ചത് ഏതാനും നാളുകള്‍ക്ക് മുന്‍പാണ്. ഇപ്പോള്‍ സീതാറാം യെച്ചൂരിയ്ക്ക് നേരെ എ.കെ.ജി ഭവനിലേക്ക് ഗുണ്ടകളെ അയച്ച് ആക്രമണം നടത്തിയിരിയ്ക്കുന്നു.

ഇന്ത്യയെ വര്‍ഗീയത കലര്‍ത്തിയ കപടദേശീയത ഉപയോഗിച്ച് വിഘടിപ്പിയ്ക്കാനും, പ്രതിപക്ഷത്തെ ദുര്ബലമാക്കാനും, ഭീക്ഷണിപ്പെടുത്താനുമുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഇതെല്ലാം. മോഡി സര്‍ക്കാര്‍ നിയന്ത്രിയ്ക്കുന്ന ഡല്‍ഹി പോലീസ് ഈ അക്രമകാരികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു എന്നതും ചിന്തിയ്‌ക്കേണ്ട വിഷയമാണ്. തങ്ങളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹി എന്ന് മുദ്ര കുത്താന്‍, ഇന്ത്യന്‍ പട്ടാളത്തെ വരെ രാഷ്ട്രീയഅജണ്ടയുടെ ഭാഗമായി മോഡി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്.

ഫാസിസം പടിവാതിലും കടന്ന് ,സാധാരണക്കാരന്റെ അടുക്കളയില്‍ മാത്രമല്ല, രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസുകളില്‍ വരെ കടന്നു ചെല്ലാനുള്ള അഹന്ത കാണിയ്ക്കുമ്പോള്‍ പ്രതികരിയ്ക്കാതെയിരിയ്ക്കുന്നതാണ് യഥാര്‍ത്ഥ രാജ്യദ്രോഹം.

ന്യൂനപക്ഷങ്ങളും, കമ്മ്യുണിസ്റ്റുകാരും, താഴ്ന്ന ജാതിക്കാരുമാണ് തങ്ങളുടെ വര്‍ഗ്ഗശത്രുക്കള്‍ എന്ന് പഠിപ്പിയ്ക്കുന്ന ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്റെ ചിന്തകളാണ് തങ്ങളുടെ വഴികാട്ടി എന്നാണ് ഇതിലൂടെയെല്ലാം സംഘപരിവാര്‍ തെളിയിയ്ക്കുന്നത്. ഈ ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതാന്‍, ഇന്ത്യന്‍ ജനാധിപത്യത്തെയും ബഹുസ്വരതയെയും സ്‌നേഹിയ്ക്കുന്ന എല്ലാ രാജ്യസ്‌നേഹികളും തയ്യാറാകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക