Image

വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കല്‍ യഞ്ജത്തില്‍ പ്രവാസികളും പങ്കാളികളാകുക: കല കുവൈറ്റ്

Published on 08 June, 2017
വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കല്‍ യഞ്ജത്തില്‍ പ്രവാസികളും പങ്കാളികളാകുക: കല കുവൈറ്റ്

കുവൈറ്റ് സിറ്റി: ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുകോടി വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളോടും പങ്കാളികളാകാന്‍ കല കുവൈറ്റ് അഭ്യര്‍ത്ഥിച്ചു.

പ്രകൃതിവിഭവങ്ങളുടെ സമൃദ്ധിയാല്‍ അനുഗൃഹീതമായിരുന്ന നമ്മുടെ കേരളത്തിലെ പ്രകൃതിക്ക് മനുഷ്യസഹജമായ ദുരാഗ്രഹങ്ങളും സ്വാര്‍ഥചിന്തയും കാരണം മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. ജലസമൃദ്ധമായിരുന്ന നദികളും, വര്‍ഷത്തില്‍ രണ്ടുതവണ കൃത്യമായി ലഭിച്ചിരുന്ന കാലവര്‍ഷവും കേരളീയ ജീവിതക്രമത്തെത്തന്നെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. എന്നാല്‍ കടുത്ത വേനലില്‍ നദികള്‍ വറ്റി വരണ്ടു, കാലവര്‍ഷം ശരിക്ക് ലഭിക്കാതെയായി. ഈയൊരു സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ നാട്ടിലുള്ള കല കുവൈറ്റ് പ്രവര്‍ത്തകരും, പ്രവാസി കുടുംബങ്ങളും പങ്കു ചേരണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍, ജനറല്‍ സെക്രട്ടറി ജെ. സജി എന്നിവര്‍ ആവശ്യപ്പെട്ടു.

കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരം പരിസ്ഥിതിദിനമായ ഇന്ന് നാട്ടിലുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൗഷാദ്.സി.കെ (കണ്ണൂര്‍), രവീന്ദ്രന്‍ പിള്ള (കൊല്ലം), ജിജൊ (എറണാകുളം), ടോളി പ്രകാശ് (തിരുവനന്തപുരം) എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ട് യഞ്ജത്തില്‍ പങ്കാളികളായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക