Image

ഇന്ത്യന്‍ ആഭ്യന്തര വിമാന യാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു

ജോര്‍ജ് ജോണ്‍ Published on 09 June, 2017
ഇന്ത്യന്‍ ആഭ്യന്തര വിമാന യാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു


ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര വിമാന യാത്രകള്‍ക്ക് ആധാര്‍ ഉള്‍പ്പെടെ വിവിധ
തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മൂന്ന്
മാസത്തിനകം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു. ടിക്കറ്റ് ബുക്കിംഗിനായി
ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലുമൊന്ന് നിര്‍ബന്ധമാക്കുമെന്ന്
കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയും വ്യക്തമാക്കി. ഏതെങ്കിലും ഒരു തിരിച്ചറിയല്‍
കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിലൂടെ പ്രശ്‌നക്കാരെ കണ്ടെത്താനും നിയന്ത്രിക്കാനും
സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര പദ്ധതിയുടെ ഭാഗമായാണ് പുതിയ
പരിഷ്‌കാരം നടപ്പിലാക്കുന്നത്. വിമാന യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് എടുക്കാതെ
തന്നെ വിമാനത്തിലേക്കു പ്രവേശിക്കാന്‍ സാധിക്കും. ടിക്കറ്റ് പിഎന്‍ആറിനൊടൊപ്പം
തിരിച്ചറിയല്‍ രേഖയുടെ നമ്പരും രേഖപ്പെടുത്തും. ആധാര്‍ നല്‍കുന്നവര്‍ക്ക് വിരലടയാളം
പതിപ്പിച്ചു വിമാനത്തില്‍ പ്രവേശിക്കാം.

മറ്റു രേഖകള്‍ നല്‍കുന്നവര്‍ക്ക് സ്മാര്‍ട് ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത
ശേഷമായിരിക്കും വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ സാധിക്കുക. കൂടാതെ ബാഗേജ് സ്വയം കയറ്റിവിടുന്നതിനുള്ള സൗകര്യവും എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുമെന്നും
വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവിലുള്ള കൗണ്ടര്‍ സംവിധാനവുംതാല്‍ക്കാലികമായി മാത്രം തുടരും.

ഇന്ത്യയില്‍ ആമ്യന്തര വിമാന യാത്രകള്‍ നടത്തേണ്ട പ്രവാസികളും, ടൂറിസ്റ്റുകളും
കേന്ദ്രസര്‍ക്കാരിന്റെ പുതിയ തിരിച്ചറിയല്‍ നിബന്ധനകള്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക