Image

സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)

Published on 12 June, 2017
സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)

സുജാതയുടെ ക്ലാസ്സ്‌മേറ്റ് അയക്കുന്ന കണ്ണീര്‍പൂക്കള്‍

കുര്യന്‍ പാമ്പാടി


മാന്‍ഹട്ടനില്‍നിന്ന് സബ് വേയിലൂടെ ബ്രോങ്ക്‌സ്‌വില്ലില്‍ വൈറ്റ്‌പ്ലെയിന്‍സ് റോഡിലെ നമ്പര്‍ 91 ല്‍ എത്താന്‍ 1976 ഓഗസ്റ്റില്‍ ഒരു മണിക്കൂര്‍ എടുത്തു. ആ ഭീമന്‍ ബംഗ്ലാവില്‍സുഹൃത്ത് സുജാതയും ഭര്‍ത്താവ് ഡോ. പോള്‍ കലാനിധിയും കാത്തിരിക്കുന്നുണ്ടായിരുന്നു. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം, അവരുടെ മകന്‍ സുധീര്‍എന്ന പോള്‍ കലാനിധി ജൂനിയര്‍ രചിച്ച 'വെന്‍ ബ്രെത്ത് ബികംസ് എയര്‍' എന്ന ആത്മകഥ ന്യൂയോര്‍ക്ക് ടൈംസ് ബെസ്ര്‌സെല്ലര്‍ ലിസ്ടിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റുമ്പോള്‍ സുജാതയെ വീണ്ടും അന്വേഷിച്ചു. പക്ഷേ ന്യൂയോര്‍ക്കി.ല്‍ കാണാനായില്ല.

ഡോ. പോള്‍ കലാനിധി ജൂനിയറിന്റെ കഥ ലോകമനസാക്ഷിയെ പിടിച്ചുലക്കുന്നതിനു കാരണമുണ്ട്. പ്രഗത്ഭനായ ആ ന്യുറോസര്‍ജന്‍ സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ റെസിഡന്‍സി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷം ബാക്കിനില്‍ക്കെ ഗുരുതരമായ ശാസ്വകോശ അര്‍ബുദത്തിന് താന്‍ അടിമയാണെന്ന് ആകസ്മികമായി കണ്ടെത്തി. പോളും യേല്‍ മെഡിക്കല്‍ സ്‌കൂളില്‍ താന്‍ പ്രണയിച്ചു വിവാഹം ചെയ്ത ലുസിയും കൂടി തീരുമാനിച്ചു ഭാവി എന്തായാലും അതിനെ ധീരമായി നേരിടണമെന്ന്. ഒരു വര്‍ഷം അദ്ദേഹം ജീവിച്ചു. 2015 മാര്‍ച് 9 നുമുപ്പത്തേഴാം വയസ്സില്‍ വിട വാങ്ങി.

ചികിത്സകള്‍ ഒന്നും ഫലിക്കാത്ത വിധം രോഗം അതിഗുരുതരാവസ്ഥയില്‍ എത്തിക്കഴിഞ്ഞിരുന്നു. അതറിഞ്ഞുകൊണ്ടു തന്നെ അവര്‍ ജീവിതം ആസ്വദിച്ചു ജീവിച്ചു. സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തി.ല്‍ മാസ്‌റര്‍ ബിരുദം നേടിയ കാലത്ത് ഒരു എഴുത്തുകാരനാകണമെന്നായിരുന്നു പോളിന്റെ സ്വപ്നം. യേലില്‍ പഠിക്കുന്ന കാലത്ത് കിട്ടിയ ഇടവേളയില്‍ അദ്ദേഹം ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ഹിസ്റ്ററി, ഫിലോസഫി ഓഫ് സയന്‍സ് ആന്‍ഡ് മെഡിസിന്‍ എന്നീ വിഷയങ്ങളി.ല്‍ ബിരുദം എടുത്തു.

'എനിക്കിനി എത്ര നാള്‍ ബാക്കിയുണ്ട്?' (ഹൗ ലോങ്ങ് ഹാവ് ഐ ഗോട്ട് ലെഫ്റ്റ്?)എന്ന ശീര്‍ഷകത്തി.ല്‍ ന്യൂയോര്‍ക്ക് ടൈംസിലും 'വിടവാങ്ങും മുമ്പ്' (ബിഫോര്‍ ഐ ഗോ) എന്ന ശീര്‍ഷകത്തില്‍'സ്റ്റാന്‍ഫോര്‍ഡ് മെഡിസിന്‍' എന്ന ഔദ്യോഗിക പ്രസിദ്ധീകരണത്തിലും അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ക്കുആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ശരിക്കും വൈറല്‍.

ജീവിതത്തോടു വിടവാങ്ങും മുമ്പ് രണ്ടു കാര്യങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് പോള്‍ ആഗ്രഹിച്ചു. ഒന്നു തന്റെ ആത്മകഥ രചിക്കുക. രണ്ട് തനിക്കും ലുസിക്കും കൂടി ഒരു കുട്ടിയുണ്ടാവുക.. രണ്ടിനും ലുസി കൂട്ടുനിന്നു. ശരീരം ശോഷിച്ചു വരുമ്പോളും കസേരയില്‍ കമ്പിളി പുതച്ചിരുന്നുകൊണ്ടു അദ്ദേഹം പുസ്തകം രചിച്ചു. തന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണം വഴി ലുസി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. അവര്‍ അവള്‍ക്കു കാഡി എന്ന് പേരിട്ടു. ഏട്ടു മാസം പ്രയമാകുന്നതു വരെ അവളെ താലോലിച്ചു ജീവിക്കാന്‍ പോളിനു കഴിഞ്ഞു.

സ്റ്റാന്‍ഫോര്‍ഡ് സോക്കര്‍ സ്റ്റേഡിയത്തി.ല്‍ കളി കാണാനും തങ്ങള്‍ക്കു പ്രിയപ്പെട്ട കളിക്കാര്‍ക്കു വേണ്ടി ആരവം ഉതിര്‍ക്കാനും അവര്‍ സമയം കണ്ടെത്തി. കാഡിയെ തോളിലേറ്റി ഉദ്യാനത്തില്‍ ചുറ്റി നടക്കാനും പ്രിയപ്പെട്ട റെസ്‌ടോറന്റില്‍ ഭക്ഷണം കഴിക്കാനും കഴിഞ്ഞു. 'ഞങ്ങള്‍ തുറന്ന ബിയര്‍ കുപ്പിയുമായി റെസ്‌ടോറന്റില്‍ഇരിക്കുന്നത് നിങ്ങളി.ല്‍ പലരും കണ്ടിട്ടുണ്ടാവും. തൊട്ടടുത്ത് കാഡി സ്‌ട്രോളറില്‍ കിടന്നുറങ്ങുന്നതും' പുസ്തകത്തിന്റെ ഉപസംഹാരത്തില്‍ ലുസി എഴുതി.

'അച്ഛനും അമ്മയും ഞങ്ങളുടെ അടുത്ത് ഒരു അപാര്‍ട്ട്മന്റ് എടുത്തു താമസ്സിച്ചു. അമ്മ അദ്ദേഹത്തിന് പ്രിയപ്പെട്ട ഇന്ത്യന്‍ ദോശയും തേങ്ങാ ചട്‌നിയും ഉണ്ടാക്കി. അച്ഛന്‍ അദ്ദേഹത്തിന്റെ കാല്‍ തടവി. സഹോദരങ്ങള്‍ സുമനും ജീവനും കൂടെ നിന്നു. അവസാനമായി കാഡിക്ക് അദ്ദേഹം ഒരു മുത്തം കൊടുത്തു. 'ഐ ലവ് യു' എന്നദേഹം എന്നോട് മന്ത്രിച്ചു. ഞങ്ങള്‍ ഒന്നിച്ചെഴുതിയ ഒരു പ്രേമഗാനം ഞാന്‍ അദ്ദേഹത്തിന്റെ ചെവിയില്‍ പാടിക്കൊടുത്തു.'

സ്റ്റാന്‍ഫോര്‍ഡിലെ ഫിസിഷ്യനും വിശ്രുത എഴുത്തുകാരനുമായ ഡോ. എബ്രഹാംവര്‍ഗീസ് ആണു പുസ്തകത്തിന് ആമുഖം എഴുതിയത്. എത്യോപ്യയില്‍ മലയാളി മാതാപിതാക്കള്‍ക്കുണ്ടായ ആള്‍. (ദി ടെന്നീസ് പാര്‍ട്ണര്‍, ലാംബ്ട ലിറ്റററി പുരസ്‌കാരം നേടിയ ഗേ മെന്‍സ് ബയോഗ്രഫി, ബെസ്റ്റ് സെല്ലറായിരുന്ന മൈ ഓണ്‍ കണ്‍ ട്രി മുതലായവയുടെ രചയിതാവ്).

'വലിയ ഒരു എഴുത്തുകാരനായി തീരേണ്ട ഒരു പ്രതിഭ നേരത്തെ അണഞ്ഞു. ശേഷം ജീവിതത്തെ ഒരു വെല്ലു വിളിയായി കണ്ട ആള്‍. ജീവിതത്തിന്റെ ഏതു ആകസ്മികതയെയും തന്റെടത്തോടെ നേരിടണമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു.' ഡോ. എബ്രഹാം എഴുതി. (രോഗിയെ മനുഷ്യനായി കാണണമെന്ന് വാദിക്കുന്ന ആളാണ് ഡോ. എബ്രഹാം).

സുജാതയെയും കലാനിധിയെയും കണ്ടു പിടിക്കാന്‍ സൈബര്‍ ലോകത്ത് തെരഞ്ഞു. കാര്‍ഡിയോളജിസ്റ്റ് കലാനിധി ന്യൂയോര്‍ക്കി.ല്‍ നിന്ന് നാലായിരത്തോളം കി.മീ. അകലെ അരിസോണയിലെ കിങ്ങ്മാന്‍ എന്ന സ്ഥലത്തേക്ക് താമസം മാറ്റിയതായി കണ്ടെത്തി. സ്റ്റാന്‍ഫോറഡ് അവിടെ നിന്ന് വീണ്ടും ഒരായിരം കി.മി. അകലെ.

കാര്‍ഡിയോളജി ക്ലിനിക്കിന്റെ നമ്പര്‍ കിട്ടി. വിളിച്ചത് മെയ്ദിനരാവില്‍. ഡോ. പോള്‍ എത്തിയിട്ടില്ല. ഡോക്ടറുടെ ഭാര്യ സുജാത എന്റെ ഭാര്യയുടെ ക്ലാസ്‌മേറ്റ് ആണെന്ന് പറഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി സസന്തോഷം അവരുടെ മെയില്‍ ഐ.ഡി. തന്നു. മെയില്‍ അയച്ചു മണിക്കൂറിനുള്ളി.ല്‍ സ്യു എന്ന സുജാതയുടെ മറുപടിയും എത്തി. 'എന്നെ എങ്ങനെ കണ്ടു പിടിച്ചു?' എന്ന് അദ്ഭുതം കൂറിക്കൊണ്ട്, ആഹ്ലാദത്തോടെ.

സുജാതയും ഗ്രേസിയും അരനൂറ്റാണ്ട് മുമ്പ് പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്ടിടുറ്റ് ഒഫ് പോസ്റ്റ്ഗ്രാഡ്യൂവേറ്റ് മെഡിക്കല്‍ എഡ്യുകേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്മര്‍) സഹപാഠികള്‍ ആയിരുന്നു. സുജാത ഫിസിയോളജിയിലും ഗ്രേസി ഫാര്‍മകോളജി യിലും പി. ജി. ചെയ്തു. ആന്ധ്രയിലെ ഹിന്ദു പെണ്‍കുട്ടിയായ സുജാത അവിടെ പഠിപ്പിക്കുമ്പോള്‍ മധുര മെഡിക്കല്‍ കോളേജില്‍ പഠിച്ചശേഷം പഠിപ്പിക്കാനെത്തിയ ക്രിസ്ത്യാനി ഡോ. പോള്‍ കലാനിധിയെ പ്രേമിച്ചു. ഇരുപത്തിമൂന്നാം വയസില്‍ അവര്‍ വിവാഹിതരായി. 1970 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ഞാന്‍ അവരോടൊപ്പം താമസിക്കുന്നതിനു ആറു വര്‍ഷം മുമ്പ്.

അന്ന് മൂത്തമകന്‍ സുമനു രണ്ടര വയസ്. സുധീറിനെ ഗര്‍ഭം ധരിച്ചിരുന്നു. മൂന്നാമന്‍ ജീവന്‍. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെങ്കില്‍ സാമ്പത്തികമായി ഉയരണം എന്ന കണക്കുകൂട്ടല്‍ ആയിരിക്കണം 1987 ല്‍ അരിസോണ എന്ന മണലാരണ്യത്തിലേക്കു കാല്‍മാറ്റിച്ചവിട്ടാന്‍ അവരെ പ്രേരിപ്പിച്ചത്. നന്നായി. മക്കള്‍ സ്റ്റാന്‍ഫോര്‍ഡ്, യേല്‍, എം.ഐ.ടി, കേംബ്രിഡ്ജ് എന്നിവിടങ്ങളില്‍ ആണു പഠിച്ചത്. ഫിസിയോളജി പഠിച്ച സുജാത വീണ്ടും അക്കൗണ്ടിംഗ് പഠിച്ചു ഭര്‍ത്താവിന്റെ സ്ഥാപനത്തില്‍ ഇന്നും ഫിനാന്‍സ് കൈകാര്യം ചെയ്യുന്നു.

'പ്രിയപ്പെട്ട ഗ്രേസി, (സുജാത ഇമെയിലില്‍ എഴുതി)

'അമ്പതു വര്‍ഷത്തിനു ശേഷം ഇങ്ങിനെ തമ്മി.ല്‍ കൂട്ടിമുട്ടുമെന്ന് അശേഷം കരുതിയില്ല. അന്ന് നമ്മള്‍ ആടിപ്പാടി ജീവിച്ചതും യാത്രകള്‍ പോയതും പുസ്തകങ്ങള്‍ കൈമാറിയതും ഇന്നെന്ന പോലെ ഓര്‍ക്കുന്നു. ഞാന്‍ ഗ്രേസിയുടെ വീട്ടിലും (കൊഴുവനാല്‍, പാലാ) ആന്ധ്രയില്‍ ചിറ്റൂ.ര്‍ ജില്ലയി.ല്‍ പക്കാലക്ക് തൊട്ടടുത്തുള്ള (തിരുപ്പതിയില്‍ നിന്ന് 40 കി.മി.) പന്തപല്ലെ എന്ന എന്റെ ഗ്രാമത്തിലെ വീട്ടില്‍ വന്നതും മറക്കാനാവില്ല.

'എന്റെ മക്കളില്‍ മൂത്തയാള്‍ സുമന്‍ സാന്‍ഫ്രാന്‍സിസ്‌കോയി.ല്‍ ന്യുറോളജിസ്റ്റ് ആണു. ജീവനും അടുത്തുതന്നെ ടെക്‌നോളജിസ്റ്റ്. ഇരുവരും വിവാഹിതര്‍. ഇളയവന് രണ്ടു കുട്ടികള്‍. സുധീറിന്റെ ഭാര്യ ഡോ. ലുസി പാലോ ആള്‍ട്ടോയി.ല്‍ സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സെന്ററില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു. ബാക്കി സമയംറാന്‍ഡാം ഹൗസ് ഇറക്കിയ പോളിന്റെ പുസ്തക പ്രചാരണത്തിനും ടി.വി. ഇന്റര്‍വ്യൂവിനും മറ്റും പോകുന്നു. ഏപ്പോഴും തിരക്ക്. കാഡി മിടുക്കിയായിരിക്കുന്നു. മൂന്ന് വയസ്സായി.

ഗ്രേസിയുടെ മക്കളെപ്പറ്റി എഴുതുക. ഒക്കുമെങ്കില്‍ ഈ വഴി വരിക'.

സ്‌നേഹപൂര്‍വ്വം, സുജാത.

ഒരാഴ്ച കഴിഞ്ഞു, കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 6 നു രാത്രി ഒമ്പതു മണിക്കു സ്യു കിംഗ്മാനി.ല്‍ നിന്ന് വിളിച്ചു. ഗ്രേസിയുമായി ദീര്‍ഘനേരം സംസാരിച്ചു. ഗ്രേസി അനുശോചനം അറിയിച്ചപ്പോള്‍ല്‍ 'ദുഖങ്ങള്‍ക്കെല്ലാം അവധി കൊടുക്കാം. സുധീര്‍ പറഞ്ഞതു പോലെ നമുക്ക് മുമ്പിലുള്ള ജീവിതത്തെ ധീരമായി നേരിടാം' സുജാത മറുപടി പറഞ്ഞു. ദുഃഖം അനുഭവിക്കുന്ന ഒരുപാടു പേര്‍ക്കു ആശ്വാസം പകരുന്ന ഫിലോസഫി. പകര്‍പ്പവകാശം ഡോ.പോള്‍ കലാനിധി ജുനിയര്‍ക്ക്.

'പോളിന്റെ പുസ്തകത്തിലെ പല ഭാഗങ്ങളും നിറകണ്ണുകളോടെയാണ് ഞാന്‍ കൈകാര്യം ചെയ്തത്' പുസ്തകം 'പ്രാണന്‍ വായുവിലലിയുമ്പോള്‍' എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത രാധാകൃഷ്ണന്‍ തൊടുപുഴ പറയുന്നു. ഡി. സി. ബുക്‌സ് അടിച്ച ആദ്യ പ്രതികള്‍ അത്രയും തീര്‍ന്നു. അടുത്ത പതിപ്പ് വരുന്നു. ഇംഗ്ലീഷ് ഒറിജിനല്‍ ഇതിനകം 45 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നു സുജാത അറിയിച്ചു. പക്ഷേ തന്റെ മാതൃഭാഷയായ തെലുങ്കില്‍ ആയിട്ടില്ല.

ഒരു രാത്രി ഞാന്‍ ഉറങ്ങിയെണീറ്റ സുജാതയുടെബ്രോങ്ക്‌സ്‌വില്‍ വൈറ്റ്‌പ്ലെയിന്‍സ് റോഡിലെ നമ്പര്‍ 91 വീട് വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ടെത്തിയതാണ് ഏറ്റം ഒടുവിലത്തെ വിശേഷം. 0.37 ഏക്കറില്‍ 3026 ച. അടി, അഞ്ചു കിടക്കമുറികള്‍, 4.5 ബാത്‌റൂംസ്, വില1,699, 000 ഡോളര്‍. പരസ്യം ചിത്രം സഹിതം സുജാതയ്ക്ക്അയച്ചു കൊടുത്തു.

'വീട് അതുതന്നെ. അന്ന് നമ്മളോന്നിച്ച് പാനസോണിക് കാസ്സെററ് റേഡിയോ വാങ്ങാന്‍ പോയതു കനാല്‍ സ്ട്രീറ്റിലെ ഷോപ്പില്‍ ആയിരുന്നു' എന്ന് സുജാതയുടെ മറുപടി. ആ ഷോപ്പിന്റെ ചിത്രവും ഞാന്‍ ഡ്ണ്‍ലോഡ് ചെയ്തു ഡെസ്‌ക്ടോപ്പിലിട്ടു. ഓര്‍മകള്‍ മരിക്കില്ലല്ലോ.

(ഈ ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള പൂര്‍ണ രൂപം ഇ-മലയാളിയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണംഇന്ത്യ ലൈഫ് ആന്‍ഡ് ടൈംസ് മാസികയില്‍ പ്രസിദ്ധീകരിക്കുന്നു. www.indialife.us) 

സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)സുജാതയുടെ ക്ലാസ്സ്‌മേറ്റ്‌ അയക്കുന്ന കണ്ണീര്‍പൂക്കള്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക