Image

ഖത്തര്‍ പ്രതിസന്ധി: മുല്ലപ്പൂവിപ്ലവത്തെ പിന്തുണച്ചതിന്റെ പ്രതികാരം (ഡോ.ജോര്‍ജ് എം.കാക്കനാട്ട്)

കടപ്പാട്: ആഴ്ചവട്ടം Published on 12 June, 2017
ഖത്തര്‍ പ്രതിസന്ധി: മുല്ലപ്പൂവിപ്ലവത്തെ പിന്തുണച്ചതിന്റെ പ്രതികാരം (ഡോ.ജോര്‍ജ് എം.കാക്കനാട്ട്)
അറബ് വസന്തം അല്ലെങ്കില്‍ മുല്ലപ്പൂവിപ്ലവ കാലം മുതല്‍ ആറുവര്‍ഷത്തോളം പുകഞ്ഞ അഗ്നിപര്‍വതമാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ ഖത്തറിനെതിരെ പൊട്ടിത്തെറിച്ചത്. 2011ല്‍ മധ്യപൂര്‍വേഷ്യയില്‍ പല ഭരണകൂടങ്ങളെയും തകര്‍ത്തെറിഞ്ഞ അറബ് വസന്തത്തെ ഖത്തര്‍ പിന്തുണച്ചിരുന്നു. അന്നുമുതലേ സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള അറബ് അയല്‍വാസികള്‍ ഖത്തറുമായി ഉരസലിലുമായി. സൗദിയുടെ ബദ്ധവൈരികളായ ഇറാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഖത്തര്‍ തീരുമാനിച്ചതും വിദ്വേഷത്തിനിടയാക്കി. സൗദി-ഇറാന്‍ വിഷയത്തില്‍ സമദൂര നിലപാടാണു ഖത്തര്‍ സ്വീകരിച്ചിരുന്നത്. സൗദിയെ അനുകൂലിക്കുമ്പോഴും ഇറാനെ പൂര്‍ണമായി പിണക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു.

ഖത്തറിനെതിരേ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി-ഏൗഹള ഇീീുലൃമശേ്‌ല ഇീൗിരശഹ ) അംഗരാജ്യങ്ങള്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ പൊടുന്നനെ തീരുമാനിച്ചതിന്റെ കാരണമറിയാന്‍ ആറു വര്‍ഷം പിന്നിലേയ്ക്ക് പോകേണ്ടതുണ്ട്.അറബ് വസന്തം എന്നും മുല്ലപ്പൂവിപ്ലവമെന്നും വിശേഷിപ്പിക്കപ്പെടുന്ന ജനകീയ മുന്നേറ്റത്തിലാണ് ഖത്തര്‍ പ്രതിസന്ധിയുടെ ആണിക്കല്ലുകിടക്കുന്നത്.

അറബ് ലോകത്ത് 2010ന്റെ അവസാനം തുടങ്ങിയ പ്രതിഷേധ-പ്രക്ഷോഭ- വിപ്ലവ പരമ്പരകളാണ് അറബ് വസന്തം അല്ലെങ്കില്‍ മുല്ലപ്പൂവിപ്ലവം എന്നറിയപ്പെടുന്നത്. അറബ് പോരാട്ടം, അറബ് വിപ്ലവങ്ങള്‍ എന്നീ പേരുകളിലും ഈ പ്രക്ഷോഭങ്ങള്‍ക്കുണ്ട്. 2010 ഡിസംബര്‍ 18 മുതല്‍ ടുണീഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലും പിന്നീട് ലിബിയയിലും വ്യാപിച്ച പ്രക്ഷോഭങ്ങള്‍ അവിടങ്ങളിലെ ഭരണകൂടങ്ങളുടെ പതനത്തിലാണ് കലാശിച്ചത്. ഇതിന്റെ അനുരണനങ്ങള്‍ ബഹ്‌റിന്‍, സിറിയ, യെമന്‍, ജോര്‍ഡാന്‍, മൊറോക്കൊ, അള്‍ജീരിയ, കുവൈറ്റ്, ലെബനാന്‍, മൗറിത്താനിയ, സൗദി അറേബ്യ, സുഡാന്‍, പശ്ചിമ സഹാറ എന്നിവിടങ്ങളിലും ഏറിയും കുറഞ്ഞും ദൃശ്യമായി.

സമരങ്ങള്‍, പ്രകടനങ്ങള്‍, മാര്‍ച്ചുകള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ സുസ്ഥിര ജനപ്രധിരോധമാര്‍ഗ്ഗങ്ങളിലൂടെയും വിവിധ സാമുഹികമാധ്യമങ്ങളിലൂടെയും ജനകീയ കൂട്ടായ്മകള്‍ സൃഷ്ടിച്ചും ബോധവത്ക്കരണം നടത്തിയുമായിരുന്നു പ്രതിഷേധക്കാര്‍ സര്‍ക്കാറിന്റെ അടിച്ചമര്‍ത്തലിനേയും ഇന്റര്‍നെറ്റ് നിരോധത്തെയും നേരിട്ടത്.

മധ്യപൂര്‍വ ദേശത്തും ഉത്തര ആഫ്രിക്കയിലും നടന്ന പ്രതിഷേധ പ്രക്ഷോഭപരമ്പരകളെ "അറബ് വസന്തവും ശിശിരവും' "അറബ് ഉയര്‍ത്തെഴുന്നേല്‍പ്പ്' , "അറബ് പ്രക്ഷോഭങ്ങള്‍' എന്നും വിശേഷിപ്പിക്കുന്നുണ്ട്. 2010 ഡിസംബര്‍ 18ന് തുനീഷ്യയിലെ തെരുവില്‍ മുഹമ്മദ് ബൂഅസ്സീസി എന്ന ബിരുദധാരിയായ തെരുവു കച്ചവടക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത പ്രതിഷേധത്തോടെയാണ് പ്രക്ഷോഭങ്ങളുടെ ആദ്യ തീപ്പൊരി ഉയര്‍ന്നത്. പോലീസിന്റെ അഴിമതിയിലും അപമര്യാദയോടെയുള്ള പെരുമാറ്റത്തിലും പ്രതിഷേധിച്ചായിരുന്നു ബൂഅസ്സീസി ആത്മഹത്യ ചെയ്തത്.തുനീഷ്യയിലെ വിജയകരമായ പ്രക്ഷോഭത്തെ തുടര്‍ന്ന്, ബൂ അസ്സീസി എന്ന തീകൊളുത്തിയ മനുഷ്യന്റെ പ്രതിഷേധതരംഗങ്ങള്‍ അള്‍ജീരിയ, ജോര്‍ഡാന്‍, ഈജിപ്റ്റ്,യമന്‍ എന്നീ രാജ്യങ്ങളേയും പിടിച്ചുലച്ചു. അതു പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വലുതും ഏറ്റവും സംഘടിതവുമായ പ്രക്ഷോഭ പ്രകടനങ്ങള്‍ നടന്നത് വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ഥനക്ക് (വെള്ളിയാഴ്ചയിലെ മധ്യാഹ്ന പ്രാര്‍ഥന)ശേഷമായിരുന്നു. ഡെ ഓഫ് റെയ്ജ് (ഉമ്യ ീള ഞമഴല) എന്ന പേരിലാണ് അതു വിളിക്കപ്പെട്ടത്. ടുണീഷ്യയുടെ ദേശീയപുഷ്പമായ മുല്ലപ്പൂവ് എന്നതിനോട് ചേര്‍ത്താണ് ഈ സമരങ്ങളെ മുല്ലപ്പൂവിപ്ലവം എന്ന് വിശേഷിപ്പിച്ചത്.

2012 ജനുവരി ഒന്നു വരെ മൂന്ന് രാജ്യങ്ങളിലെ സര്‍ക്കാര്‍ ഈ പ്രക്ഷോഭഫലമായി കടപുഴകി വീണു. തുനീഷ്യയിലെ വിപ്ലവത്തെ തുടര്‍ന്ന് അവിടുത്തെ പ്രസിഡന്റ് സൈനുന്‍ ആബിദീന്‍ ബിന്‍ അലി 2011 ജനുവരി 14 ന് സൗദി അറേബ്യയില്‍ അഭയം തേടി. 2011 ഫെബ്രുവരി 11ന് , 18 ദിവസത്തെ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് തന്റെ മുപ്പതു വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് രാജി വച്ചു. 2011 ഓഗസ്റ്റ് 23 ന് ലിബിയയുടെ പ്രസിഡന്റായിരുന്ന് മുഅമ്മര്‍ ഗദ്ദാഫി ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും നാഷണല്‍ ട്രാന്‍സിഷിനല്‍ കൗണ്‍സില്‍ ഭരണനിയന്ത്രണം നിയന്ത്രണം കൈയ്യേല്‍ക്കുകയും ചെയ്തു. 2011 ഒക്ടോബര്‍ 20 ന് സിത്രിലെ തന്റെ സ്വന്തം പട്ടണത്തില്‍ ഗദ്ദാഫി കൊലചെയ്യപ്പെടൂകയുമുണ്ടായി.

ഈ പ്രക്ഷോഭനാളുകളില്‍ നിരവധി ഭരണാധികാരികള്‍ തങ്ങളുടെ ഭരണകാലയളവ് തീര്‍ന്നാല്‍ ഭരണത്തില്‍ നിന്ന് താഴെയിറങ്ങാം എന്നു പ്രഖ്യാപിക്കുകയുണ്ടായി. യമന്‍ രാഷ്ട്രപതി അലി അബ്ദുല്ല സാലിഹ് 2011 നവംബര്‍ 23 ന് റിയാദില്‍ വെച്ച് ജിസിസി ഉടമ്പടിയില്‍ ഒപ്പുവെച്ചു. അതുപ്രകാരം തന്നെ പ്രോസ്യുക്യൂഷന്‍ ചെയ്യാതിരിക്കുന്നതിനു പകരമായി 2012 ഫെബ്രുവരിക്ക് ശേഷം 30 ദിവസത്തിനുള്ളില്‍ ഭരണം കൈമാറാമെന്ന് ഉറപ്പ് കൊടുത്തു . 2015 ലെ തെരഞ്ഞെടുപ്പില്‍ താന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സുഡാന്‍ പ്രസിഡന്റ് ഒമറുള്‍ ബഷീര്‍ പ്രഖ്യാപിച്ചു. ജോര്‍ഡാനിലെ പ്രക്ഷോഭം കാരണം തുടര്‍ച്ചയായ രണ്ടു സര്‍ക്കാറുകളെ അവിടുത്തെ രാജാവ് അബ്ദുല്ല രണ്ടാമന്‍ പിരിച്ചുവിട്ടു

മുല്ലപ്പൂവിപ്ലവം,ഖത്തര്‍;അല്‍ ജസീറ

ഖത്തര്‍ ഈ ജനകീയ പ്രതിഷേധ-പ്രക്ഷോഭത്തിന് എല്ലാവിധ പിന്തുണ നല്‍കിയതും ഖത്തര്‍ ഭരണകൂടത്തിന്റെ സാമ്പത്തിക സഹായത്തോടെ ദോഹ കേന്ദ്രമാക്കി 1996 ല്‍ പ്രവര്‍ത്തനം ആരംഭിച്ച അല്‍ ജസീറ ചാനല്‍ മുല്ലപ്പൂവിപ്ലവത്തിന് വന്‍ കവറേജ് നല്‍കിയതും  ജിസിസി അംഗരാജ്യങ്ങളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്.ഖത്തറിനെ തകര്‍ക്കുന്ന തിരിച്ചടിക്ക് അന്നുമുതല്‍ അവര്‍ അവസരം പാര്‍ത്തിരിക്കുകയായിരുന്നു. 

അറബി ഭാഷയില്‍ പ്രവര്‍ത്തനം തുടങ്ങിയ അല്‍ ജസിറ ചാനല്‍ 2006ലാണ് ഇംഗ്ലീഷില്‍ സംപ്രേഷണം തുടങ്ങിയത്. സംപ്രേഷണത്തിന്റെ തുടക്കകാലം മുതല്‍ അമേരിക്കയുടേയും മറ്റ് അറേബ്യന്‍ രാജ്യങ്ങളുടേയും എതിര്‍പ്പ് ചാനല്‍ ക്ഷണിച്ചു വരുത്തിയിരുന്നു.

പെന്റഗണ്‍ ആക്രമണത്തിനു തൊട്ടു പിന്നാലെ അല്‍ ഖ്വായ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതോടെയാണ് അല്‍ ജസീറ ലോാകശ്രദ്ധ പിടിച്ചു പറ്റിയത്. ഇതോടെ ചാനല്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു. അമേരിക്കയിലെ അറബ് വംശജരെ ലക്ഷ്യമിട്ട് അവിടെയും അല്‍ ജസീറ അമേരിക്ക എന്നപേരില്‍ സംപ്രേഷണം ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടേണ്ടി വന്നു.

ഇറാഖ് യുദ്ധസമയത്ത് അമേരിക്കന്‍ വിരുദ്ധ നിലപാടെടുത്ത ചാനലിനെ വിമര്‍ശിച്ച് ബുഷ് ഭരണകൂടം രംഗത്തെത്തിയിരുന്നു.2003ല്‍ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറയുടെ മൂന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും വിവാദമായിരുന്നു. സൗദി രാജകുടുംബത്തിനെതിരെ ചാനലില്‍ വന്ന പരാമര്‍ശങ്ങളും വിവാദചുഴിയിലാക്കി. 

അറബ് രാജ്യങ്ങളിലെ ഭരണസിരാ കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തിയ മുല്ലപ്പൂവിപ്ലവത്തിന് ചാനല്‍ നല്‍കിയ കവറേജ് സമരങ്ങള്‍ ആളിപ്പടരാന്‍ ഇടയാക്കിയിരുന്നു. ലിബിയ, ഈജിപ്ത്, യെമന്‍, സിറിയ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ അറബ് രാജ്യങ്ങളില്‍ നിന്ന് അല്‍ജസീറയ്‌ക്കെതിരെയും മുറുമുറുപ്പുയര്‍ന്നു. ബഹ്‌റിന്‍ അടക്കമുള്ള രാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ എതിര്‍പ്പുന്നയിച്ചു. മറ്റുള്ള അറബ് രാജ്യങ്ങളെ അല്‍ ജസീറ വിമര്‍ശിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഖത്തറിനു നേരെയുള്ള വിമശങ്ങള്‍ ചാനല്‍ പ്രക്ഷേപണം ചെയ്യാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് അനുകൂല നിലപാടാണ് ഏറ്റവുമൊടുവില്‍ ചാനലിനെ സൗദിയുടേയും യുഎഇയുടേയും ഹിറ്റ്‌ലിസ്റ്റില്‍ വരുത്തിയത്. മുഹമ്മദ് മുര്‍സിയെ അധികാര ഭ്രഷ്ടനാക്കാന്‍ സൈന്യത്തിനു പിന്തുണ നല്‍കിയ സൗദി അറേബ്യയുടേയും യുഎഇയുടേയും നീക്കം ചാനല്‍ തുറന്നുകാട്ടി. മുര്‍സിയ്ക്കു പിന്നാലെ ഭരണത്തിലെത്തിയ അബ്ദുള്‍ ഫത്തേ എല്‍സീസിയെ ചോദ്യം ചെയ്തു ഇടയ്ക്കിടെ രംഗത്തെത്തുന്നതും ചാനലിനെതിരെ പട ശക്തമാകാനിടയായി.

മൂന്ന് ജേര്‍ണലിസ്റ്റുകളെ 2014ല്‍ ഈജിപ്ത് തടവിലാക്കിയതും ഇതുമായി ബന്ധപ്പെട്ടായിരുന്നു. ഈജിപ്തില്‍ ചാനല്‍ പൂട്ടുന്നതിലേക്കാണ് ഈ തര്‍ക്കം ചെന്നെത്തിയത്. പശ്ചിമേഷ്യയിലും മറ്റും കൊല്ലപ്പെടുന്ന ഭീകരരെ ഷഹീദ് അഥവാ രക്തസാക്ഷി എന്നു ചാനല്‍ പലപ്പോഴും വിശേഷിപ്പിച്ചതും വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തി.ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ സൗദി അറേബ്യയും യുഎഇയും അല്‍ജസീറയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഖത്തര്‍ പ്രതിസന്ധി വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ അല്‍ ജസീറയും ചര്‍ച്ചകളിലെ പ്രധാന വിഷയമാകുകയാണ്. ചാനല്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടി പ്രതിസന്ധി പരിഹരിക്കുമെന്ന ഊഹാപോഹങ്ങളും പ്രചരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനു ഖത്തറിന്റെ അഭിമാനമായ ചാനലിനെ പകരം നല്‍കാന്‍ തയ്യാറാകുമോ എന്നതിലേക്കും ചര്‍ച്ചകള്‍ നീങ്ങുകയാണ്.

ജിസിസി രാജ്യ തലവന്‍മാരെയും അമേരിക്കയടക്കമുള്ള ലോകശക്തികളെയും നിരന്തരം വിമര്‍ശിക്കുന്ന ചാനല്‍ പൂര്‍ണമായി അടച്ചു പൂട്ടുക അല്ലെങ്കില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്ഥാനത്യാഗം ചെയ്യുക എന്ന ആവശ്യമാണ് ഇപ്പോള്‍ ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരമായി ജിസിസി അംഗങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധി . ജിസിസി രാജ്യങ്ങളുടെ മേല്‍ അമേരിക്ക ഈ രീതിയിലുള്ള സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ട്രംപിന്റെ ഇടപെടല്‍

അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ സൗദി സന്ദര്‍ശനത്തോടെയാണു ഖത്തറിനെതിരേ കടുത്ത നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ ജിസിസി അംഗരാജ്യങ്ങള്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നെന്നും ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യയും ബഹ്‌റിനും യുഎഇയും ഈജിപ്തും വിച്ഛേദിച്ചത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നല്‍കിയ ചില വാര്‍ത്തകള്‍ പടലപ്പിണക്കത്തിന് പ്രധാന കാരണമായി.മേഖലയിലെ കരുത്തുറ്റ രാജ്യമാണ് ഇറാനെന്നും ഹിസ്ബുള്ള പ്രതിരോധ മുന്നേറ്റമാണെന്നുമുള്ള തരത്തില്‍ ഖത്തര്‍ അമീര്‍ പ്രതികരിച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്നു റിപ്പോര്‍ട്ട് നീക്കംചെയ്ത അധികൃതര്‍ ന്യൂസ് ഏജന്‍സി ഭീകരര്‍ ഹാക്ക് ചെയ്തതാണെന്നു വ്യക്തമാക്കി. ഇതോടെ ഖത്തറിനെതിരേ സൗദി, യുഎഇ മാധ്യമങ്ങള്‍ ആക്രമണം കനപ്പിച്ചു. അല്‍ ജസീറ ഉള്‍പ്പെടെയുള്ള ഖത്തര്‍ അനുകൂല മാധ്യമങ്ങള്‍ നിരോധിക്കപ്പെട്ടു. ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസന്‍ റുഹാനിയുമായി ഖത്തര്‍ അമീര്‍ ടെലിഫോണില്‍ സംസാരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈറ്റിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.ഭീകരവാദികള്‍ക്കു പിന്തുണ നല്‍കി മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ചതോടെ മേഖലയില്‍ ഒറ്റപ്പെട്ട തുരുത്തായി ഖത്തര്‍. സൗദിക്കു പുറമെ യുഎഇ, ബഹ്‌റൈന്‍, യെമന്‍, ലിബിയ, ഈജിപ്ത്, മാലെദ്വീപ് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്.

സൗദിയിലെത്തിയ ട്രമ്പ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സൗദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ സംയുക്തമായി നീങ്ങാനും ട്രമ്പ് ആഹ്വാനം ചെയ്തു. എന്നാല്‍ ഇറാനെതിരായ നീക്കത്തെ ഖത്തര്‍ ഭരണകൂടം എതിര്‍ത്തു. ഇതോടെ കാര്യങ്ങള്‍ ഖത്തറിനെതിരായി.ഈ നയതന്ത്ര വിച്ഛേദത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ട്രമ്പ് ട്വിറ്ററിലൂടെ വ്യക്തമാക്കി.. സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ വിഷയം ചര്‍ച്ചചെയ്തിരുന്നതായും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഖത്തറിനെതിരായ നടപടി ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഇതുകാരണമാകുന്നും ട്രംപ് വ്യക്തമാക്കി. റാഡിക്കല്‍ ചിന്താഗതിക്കാരെ പോഷിപ്പിക്കാന്‍ ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് മധ്യപൂര്‍വ്വേഷ്യന്‍ സന്ദര്‍ശനവേളയില്‍ ലോകനേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പദവിയിലെത്തിയതിനുശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു സൗദിയിലേത്.

ഇതിനിടെ ഐസിസിനും അല്‍ഖ്വയ്ദയ്ക്കും പിന്തുണ നല്‍കുന്ന ഖത്തര്‍ സിനായിയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നുവെന്നും അല്‍ അറേബ്യ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് ഖത്തര്‍ സ്വീകരിക്കുന്നതെന്ന് യുഎഇ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു

പ്രധാന പ്രശ്‌നം ഭക്ഷ്യസുരക്ഷ

അറേബ്യന്‍ ഉപദ്വീപിന്റെ വടക്കു കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കൊച്ചുരാജ്യത്ത് 27ലക്ഷംത്തോളം പേരാണ് ജീവിക്കുന്നത്. തലസ്ഥാനമായ ദോഹ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിച്ച ഇടമാണ്. അതുകൊണ്ടുതന്നെ ഇന്നുണ്ടായ ഈ സംഭവവികാസങ്ങള്‍ ഖത്തറിനെ പിടിച്ചുകുലുക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയിക്കേണ്ട. അത് ഭക്ഷ്യ, നിര്‍മാണ, വ്യാവസായിക രംഗങ്ങളിലും പൊതുവെ ജനതയ്ക്കും വലിയ പ്രതിസന്ധികളുണ്ടാക്കും. ഭക്ഷ്യമേഖല മരുഭൂമിയായതുകൊണ്ടുതന്നെ ഇവിടെ കൃഷി വിജയിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഖത്തര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഭക്ഷ്യസുരക്ഷയാണ്. ഇതിനുള്ള ഏക വഴി സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്നു എന്നതായിരുന്നു. ദിവസവും ഈ അതിര്‍ത്തി വഴി നൂറുകണക്കിന് ലോറികളാണ് ഖത്തറിലേക്ക് ഭക്ഷ്യവസ്തുക്കളുമായി കടന്നുപോകുന്നത്. ഖത്തറിലേക്കെത്തുന്ന ഭക്ഷ്യസാമഗ്രികളുടെ 40 ശതമാനവും ഈ വഴിയെത്തുന്നതാണ്. ഈ അതിര്‍ത്തി അടയ്ക്കുമെന്ന സൗദിയുടെ പ്രഖ്യാപനത്തോടെ ലോറികള്‍ പോകുന്നത് നിലയ്ക്കുകയും ഖത്തറിന് ഭക്ഷണത്തിനായി വ്യോമ, കടല്‍ മാര്‍ഗങ്ങളെ മാത്രം ആശ്രയിക്കേണ്ടിയും വരും. ഖത്തറിലെ പല പാവപ്പെട്ട കുടുംബങ്ങളും നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ചു വാങ്ങാനായി സൗദിയിലേക്ക് ദിവസം അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ യാത്ര ചെയ്യുന്നവരാണ്. അതിര്‍ത്തി അടയ്ക്കുന്നതോടെ ഇവരും പ്രതിസന്ധിയിലായും. 2022ലെ ലോകകപ്പിന്റെ വേദി ഖത്തറാണ്. ഇതിന്റെ ഒരുക്കങ്ങളുടെ ഭാഗമെന്നോണം ഒരു പുതിയ തുറമുഖവും ഒരു മെട്രോ പ്രോജക്ടും എട്ടു സ്റ്റേഡിയങ്ങളുമാണ് ഖത്തറില്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്. പ്രധാന നിര്‍മ്മാണ സാമഗ്രികളായ കോണ്‍ക്രീറ്റ്, സ്റ്റീല്‍ എന്നിവ വരുന്നത് കടല്‍മാര്‍ഗവും സൗദിയില്‍ നിന്നും കരമാര്‍ഗവുമാണ്.

ആശങ്കയോടെ ഇന്ത്യ

ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ച അറേബ്യന്‍ രാജ്യങ്ങളുടെ നടപടിയില്‍ ആശങ്കയോടെ ഇന്ത്യ. ഖത്തറിന്റ പരമാധികാരത്തെ ലംഘിക്കുന്ന തീരുമാനമാണ് മറ്റു രാജ്യങ്ങള്‍ കൈകൊണ്ടിരിക്കുന്നത് എന്നാണ് ഇന്ത്യയുടെ നിലപാട്. .ഖത്തറിന്റെ രക്ഷകര്‍ത്യത്വം ഏറ്റെടുക്കാനാണ് ജിസിസി രാജ്യങ്ങള്‍ ലക്ഷ്യമിടുന്നതെന്നും രാജ്യത്തിന്റെ പരമാധികാരത്തെയും സമൂഹത്തേയും സമ്പദ് വ്യവസ്ഥയെയും ഹനിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യയുടെ വിദേശ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെട്ടിട്ടില്ലെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ചുമതല വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

എണ്‍പത് ലക്ഷത്തോളം ഇന്ത്യക്കാരുടെ കര്‍മ്മഭൂമിയാണ് അറേബ്യ. ഖത്തറിലും ഖത്തറുമായി ഇടഞ്ഞു നില്‍ക്കുന്ന ബഹറിന്‍, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ വിശേഷിച്ച് മലയാളികളുടെ ശക്തമായ സാന്നിധ്യമുണ്ട്. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ തീരുമാനത്തോടെ ഇവിടങ്ങളില്‍ ജോലിയിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഖത്തറിലേക്ക് പോവാന്‍ സാധിക്കാതെ വരും. ഖത്തറിലുള്ളവര്‍ ഒറ്റപ്പെടുകയും ചെയ്യും.ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തുന്ന പത്താമത്തെ രാഷ്ട്രമാണ് ഇന്ത്യ.ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സിഎന്‍ജി വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് 25 വര്‍ഷത്തേക്കുള്ള കരാറില്‍ കഴിഞ്ഞ ഡിസംബറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.ജിസിസി രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത് ആശങ്കയിലാക്കിയിരിക്കുന്നത് ആറരലക്ഷം മലയാളികളേയുമാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക