Image

കാവടിയാട്ടം, വിമാനം പറപ്പിക്കല്‍.. അടിയന്തരാവസ്ഥക്കാലത്തെ പീഡനമുറകള്‍

കടപ്പാട്: ആഴ്ചവട്ടം Published on 13 June, 2017
കാവടിയാട്ടം, വിമാനം പറപ്പിക്കല്‍.. അടിയന്തരാവസ്ഥക്കാലത്തെ പീഡനമുറകള്‍

അഡ്വ പി എസ് ശ്രീധരന്‍ പിള്ളയുടെ പഠനമാണ് അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍... പുസ്തകത്തില്‍ നിന്ന്

രാജ്യം കടന്നുപോയ ഇരുണ്ട കാലഘട്ടം അടിയന്തരാവസ്ഥയെ കുറിച്ചുള്ള അഡ്വ പി എസ് ശ്രീധരന്‍ പിള്ളയുടെ പഠനമാണ് അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍. അടിയന്തരാവസ്ഥ എന്ത്, അടിയന്തരാവസ്ഥ വിലയിരുത്തുമ്പോള്‍, അടിയന്തരാവസ്ത പ്രഖ്യാപനം തെറ്റ്, അടിയന്തരാവസ്ഥയുടെ നാള്‍വഴികള്‍, ഹീനമായ അതിക്രമങ്ങള്‍, മാധ്യമധ്വംസനം തുടങ്ങി 22 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.
അനുബന്ധമായി പിണറായി വിജയന്‍, കെ കരുണാകരന്‍, എ കെ ആന്റണി, പി കെ വാസുദേവന്‍നായര്‍, അരങ്ങില്‍ ശ്രീധരന്‍, പി പരമേശ്വരന്‍, ടി വി ഈച്ചരവാര്യര്‍ തുടങ്ങിയവരുടെ പ്രതികരണങ്ങളും ചേര്‍ത്തിട്ടുണ്ട്. ക്രൂരമായ പീഡനങ്ങളായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ പിടിയിലായവര്‍ക്ക് നേരിടേണ്ടി വന്നത്.

വിവിധതരം മര്‍ദനരീതികള്‍ പ്രതിപാദിക്കുന്ന 'ഹീനമായ അതിക്രമങ്ങള്‍' എന്ന അധ്യായത്തിലെ ഒരു ഭാഗം
കേരളത്തില്‍ പോലീസ് കസ്റ്റഡിയില്‍ നടന്ന മര്‍ദനപരിപാടികള്‍ 197778 ല്‍ അന്നത്തെ ജനതാപാര്‍ട്ടി കേരളഘടകത്തിന്റെ ഉപസമിതി അന്വേഷണം നടത്തി ശേഖരിച്ച മര്‍ദനരീതികള്‍ രേഖപ്പെടുത്തിയിട്ടുള്ളത് താഴെ കൊടുക്കുന്നു:

1. ഉരുട്ടല്‍
ഇതിനകം കുപ്രസിദ്ധി നേടിക്കഴിഞ്ഞിട്ടുള്ള ഉരുട്ടല്‍ എന്ന പൈശാചികമര്‍ദനരീതി അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ ഒട്ടുമുക്കാല്‍ പോലീസ് സ്‌റ്റേഷനുകളിലും, െ്രെകംബ്രാഞ്ചിന്റെ എല്ലാ തടങ്കല്‍പ്പാളയങ്ങളിലും നടത്തിയിരുന്നു. പരിഷ്കൃതരാജ്യങ്ങളിലൊന്നും കേട്ടിട്ടില്ലാത്ത ഈ പൈശാചിക മര്‍ദനരീതിക്കുള്ള ഉപകരണങ്ങളുണ്ടാക്കാനായി കോണ്‍ഗ്രസ് സര്‍ക്കാറിന് വലിയ തുകയൊന്നും ചെലവഴിക്കേണ്ടിവന്നില്ല.

ഉരുട്ടല്‍പ്രയോഗത്തിനുള്ള ഉപകരണങ്ങള്‍ ഇവകളാണ്. ഒരു മരബെഞ്ച്, ഇരുമ്പോ മരമോ കൊണ്ടുള്ള ഓരോ ഉലക്ക, അല്പം ചരട്, തീര്‍ന്നു ഉപകരണങ്ങളുടെ ലിസ്റ്റ്. കസ്റ്റഡിയിലെടുക്കപ്പെട്ടയാളെ ഉരുട്ടല്‍പ്രയോഗം നടത്തേണ്ട മുറിയിലേക്ക് കൊണ്ടുവരുമ്പോള്‍ അയാളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയിരിക്കും. ഷഡ്ഡിയോ അണ്ടര്‍വെയറോ ധരിക്കാന്‍ അപൂര്‍വം സ്ഥലങ്ങളില്‍ അനുവദിച്ചിരുന്നു. ചോദ്യം ചെയ്യേണ്ടയാളിനെ മരബെഞ്ചില്‍ മലര്‍ത്തിക്കിടത്തുന്നു. ഈ ബെഞ്ചിന് 'സത്യബെഞ്ചെന്നും' ഇതിന്മേല്‍ കിടത്തുന്ന രീതിക്ക് സത്യ ബഞ്ചേല്‍ കിടത്തല്‍ എന്നുമാണ് പോലീസുകാര്‍ പറഞ്ഞിരുന്നത്.

ബെഞ്ചില്‍ മലര്‍ത്തിക്കിടത്തിയിരിക്കുന്നയാളിന്റെ തല ഉരുട്ടല്‍ നടത്തുമ്പോള്‍ കീഴ്‌പ്പോട്ട് തൂങ്ങിക്കിടക്കത്തക്കരീതിയിലായിരിക്കും കിടത്തുക. ഉരുട്ടല്‍ നടത്തുമ്പോള്‍ അയാളുടെ ശരീരം സ്വയം ബലംപിടിക്കരുതെന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്. ബെഞ്ചിനടിയില്‍ക്കൂടി അയാളുടെ വസ്ത്രങ്ങള്‍ കൊണ്ടുതന്നെയായിരിക്കും കൈകള്‍ കൂട്ടിക്കെട്ടുന്നത്. കാലിലെ തള്ളവിരലുകള്‍ ചരടുകൊണ്ട് കൂട്ടിക്കെട്ടുന്നു.
ഇയാളുടെതന്നെ അണ്ടര്‍വെയറോ, ബനിയനോ, മറ്റു വസ്ത്രങ്ങളോകൊണ്ട് അയാളുടെ വായിലും കുത്തിക്കേറ്റുന്നു. മലര്‍ത്തിക്കിടത്തിയിരിക്കുന്ന ആളിന്റെ അരഭാഗത്ത് ഉലക്ക വിലങ്ങനെ വെക്കുന്നു. അരക്കെട്ടു മുതല്‍ ഉലക്ക കീഴ്‌പ്പോട്ട് രണ്ടു പോലീസുകാര്‍ ഇരുവശത്ത് പിടിച്ച് അമര്‍ത്തി ഉരുട്ടാന്‍ തുടങ്ങുന്നു. തുടയിലേയും കാലിലേയും മാംസവും ഞരമ്പുകളും ചതച്ചരച്ചുകൊണ്ടാണ് ഉലക്ക ഉരുണ്ടിറങ്ങുന്നത്.

ഉരുട്ടിനു ബലം പോരെന്നുകണ്ടാല്‍ രണ്ടു പോലീസുകാരെ ഉലക്കയുടെ മുകളില്‍ കയറ്റി ഇരുത്തി ഉരുട്ടിക്കും. ചിലപ്പോള്‍ മുകളില്‍നിന്ന് കെട്ടിത്തൂക്കിയിട്ടുള്ള കയറില്‍ പിടിച്ചുനിന്നുകൊണ്ട് ഉലക്കയുടെ പുറത്ത് രണ്ടു പോലീസുകാരെ നിര്‍ത്തും. ഇഞ്ചിഞ്ചായി മരിക്കുക എന്നൊരു പ്രയോഗം മലയാളത്തിലുണ്ടല്ലോ? അതാണിവിടെ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്.

ശബ്ദം പുറത്തുവരാത്ത രീതിയില്‍ തുണി വായില്‍ കുത്തിത്തിരുകി വെച്ചിരിക്കുന്നതിനാല്‍ ഉരുട്ടിന് വിധേയനാകുന്ന ആളിന്റെ കരച്ചിലോ മുറുങ്ങലോ അലമുറയോ ഒന്നും പുറത്തു കേള്‍ക്കുകയേ ഇല്ല. രണ്ടുമൂന്നു പ്രാവശ്യം ഉരുട്ടു കഴിയുമ്പോഴേക്കും എത്ര സഹനശക്തിയുള്ളവന്റെയും സഹനശക്തി നശിക്കും. ഇടയ്ക്ക് വായിലെ തുണി വലിച്ചുമാറ്റി ചോദ്യം ചെയ്യല്‍ തുടരും. എന്നിട്ടും തങ്ങള്‍ പ്രതീക്ഷിച്ച വിവരം ഇയാളില്‍നിന്നും കിട്ടുന്നില്ലെന്നു കണ്ടാല്‍ വീണ്ടും വായില്‍ തുണി കുത്തിത്തിരുകി ഉരുട്ട് തുടരുന്നു.

പലപ്രാവശ്യം ഉരുട്ടിക്കഴിയുമ്പോഴേക്കും ആള് ബോധരഹിതനാകുന്നു. അപ്പോള്‍ ഉരുട്ട് നിര്‍ത്തി കാലിലെയും കൈയിലെയും കെട്ടുകളഴിച്ച് മുഖത്ത് വെള്ളം തളിച്ച് ബോധം വീഴ്ത്തി നടത്തി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി കാലില്‍ ചങ്ങലയിട്ട് പൂട്ടിയിടുന്നു. ഉരുട്ടിക്കഴിഞ്ഞവരെ ഇടുന്ന മുറിയാണിത്. അര്‍ധപ്രാണരായ പല ഹതഭാഗ്യരും ആ മുറിയിലുണ്ടായിരിക്കും. എഴുന്നേല്ക്കാനോ നടക്കാനോ ഇരിക്കാനോ പാടില്ലാതെ കഴിയുന്നവരില്‍ പലരും കിടന്ന കിടപ്പില്‍ കിടന്നാണ് മലമൂത്രവിസര്‍ജനം നടത്തുന്നത്.

ഇവരുടെയെല്ലാം ദേഹത്ത് പൊട്ടിപ്പഴുത്ത വ്രണങ്ങള്‍ ഉണ്ടായിരിക്കും.
അതില്‍നിന്നൊലിക്കുന്ന പഴുപ്പിന്റെയും, രക്തത്തിന്റെയും, മലമൂത്രത്തിന്റെയും, വിയര്‍പ്പിന്റെയും ഒക്കെക്കൂടിയുള്ള രൂക്ഷമായ ദുര്‍ഗന്ധം മുറിക്കകത്ത് മുറ്റിനില്ക്കുന്നു. അഞ്ചോ ആറോ ആളുകള്‍ക്ക് പെരുമാറാന്‍ പറ്റുന്ന തരത്തിലുള്ള മുറിയില്‍ ഇരുപതോ നാല്പതോ പേരുണ്ടായിരിക്കും. ഇവര്‍ക്കെല്ലാം അണ്ടര്‍വെയറോ ഷഡ്ഡിയോ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നിലത്ത് വിരിച്ചു കിടക്കാന്‍ പായോ ഒരു തുണിക്കഷണംപോലുമോ ഉണ്ടായിരിക്കയില്ല. പുതുതായി ഉരുട്ടുകഴിഞ്ഞ് മുറിയില്‍ തള്ളുന്നയാളിന്റെ അരക്കെട്ടു മുതല്‍ കീഴ്‌പ്പോട്ട് നോക്കിയിരിക്കുമ്പോള്‍തന്നെ നീര്‍ക്കോള് കൊള്ളും. പിന്നെ എഴുന്നേറ്റു നില്ക്കാനോ നടക്കാനോ കഴിയാതാകും.

ഉരുട്ടല്‍ നടത്തിയഭാഗത്ത് തൊലി പൊട്ടിയിട്ടുണ്ടായിരിക്കും. അവിടം പഴുക്കാന്‍ തുടങ്ങും. പിറ്റേന്നാളാകുമ്പോള്‍ തീരെ അവശനാകും. മരിച്ചാല്‍ മതിയെന്ന് പ്രാര്‍ഥിച്ചു കിടന്നുപോകും. ഈച്ച വന്നിരുന്നാല്‍ ഈ ഭാഗം വേദനിക്കാന്‍ തുടങ്ങും. പിടിച്ചുകൊണ്ടുവരപ്പെട്ട ദിവസം മുതല്‍ നാലഞ്ചു ദിവസത്തേക്ക് പച്ചവെള്ളംപോലും കൊടുക്കുകയില്ല. ആദ്യത്തെ ഉരുട്ട് കഴിഞ്ഞ് മൂന്നാം ദിവസമോ നാലാം ദിവസമോ ഇയാളെ പോലീസ് മേധാവിയുടെ സമക്ഷം വീണ്ടും ഹാജരാക്കുന്നു ഈച്ച വന്നിരുന്നാല്‍ മരണവേദനയനുഭവപ്പെടുന്ന തുടയില്‍ കൈയിലുള്ള വടികൊണ്ട് കുത്തി അയാള്‍ അനുയായികളോടു ചോദിക്കുന്നു, 'പാകമായോ' 'പാകമായോ' എന്ന്. ഉരുട്ടിയ ഭാഗത്ത് നീരുവന്ന് വീര്‍ത്തോ എന്നര്‍ഥം.

വീണ്ടും ചോദ്യം ചെയ്യലായി. ഇപ്പോഴും തങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ ഇയാളില്‍നിന്ന് ലഭിക്കുന്നില്ലെന്നു കണ്ടാല്‍ വീണ്ടും സത്യബഞ്ചില്‍ കിടത്തി ഉരുട്ടല്‍പ്രയോഗം ആവര്‍ത്തിക്കുന്നു. ഇത്തവണ ഒറ്റ ഉരുട്ടിനോടെ ആള് പ്രാണവേദനകൊണ്ട് പിടഞ്ഞ് മരണപരാക്രമങ്ങള്‍ കാണിക്കുകയും ബോധരഹിതനാവുകയും ചെയ്യുന്നു. ബോധം നശിച്ചുകൊണ്ടിരിക്കുന്ന അയാള്‍ ഒരിറക്ക് വെള്ളത്തിനായി യാചിക്കുന്നു. അയാള്‍ക്ക് വെള്ളം കിട്ടുകയില്ല.

വീണ്ടും അയാളെ പഴയ മുറിയില്‍ തള്ളുന്നു. ഇങ്ങനെ തള്ളിയ ഒരാള്‍ മരണപരാക്രമങ്ങളോടെ അടുത്തു കണ്ടയാളിനോട് വാപിളര്‍ന്നുകൊണ്ട് വായിലേക്ക് മൂത്രം ഒഴിച്ചുകൊടുക്കാനായി യാചിച്ചു.

കോട്ടയത്തെ നാഗമ്പടത്ത് പ്രവര്‍ത്തിച്ചിരുന്ന െ്രെകംബ്രാഞ്ചുകാരുടെ തടങ്കല്‍പ്പാളയത്തില്‍ തടവുപുള്ളികളെ ഇട്ടിരുന്നത് ഭൂമിക്കടിയിലുള്ള പത്തായംപോലെയുള്ള ഒരു മുറിയിലായിരുന്നു. വെളിച്ചം കടക്കാനായി ഈ മുറിക്ക് മുകള്‍വശത്തായി രണ്ടു ചെറിയ ജനാലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ജനാലയോടു ചേര്‍ന്നായിരുന്നു വീടിന്റെ വരാന്ത.

നാലോ അഞ്ചോ ആളുകള്‍ക്ക് മാത്രം നിന്നു തിരിയാന്‍ പറ്റുന്ന ഈ മുറിയില്‍ രണ്ടോ മൂന്നോ ഇരട്ടിപ്പേരെ മാസക്കണക്കിന് താമസിപ്പിച്ചിരുന്നു. ഇവരുടെ മലമൂത്രവിസര്‍ജനവും ഈ മുറിക്കകത്ത് തന്നെയാണ്. ഉരുട്ടല്‍ കഴിഞ്ഞവരുടെ ദേഹത്തിലെ വ്രണങ്ങളില്‍ നിന്നൊലിക്കുന്ന പഴുപ്പിന്റെയും, മലമൂത്രത്തിന്റെയും ദുര്‍ഗന്ധം വരാന്തയോട് ചേര്‍ന്നുള്ള ചെറിയ ജനാലകളില്‍ക്കൂടി പുറത്തേക്ക് സദാ അടിച്ചുകൊണ്ടിരുന്നു.

വരാന്തയില്‍ക്കൂടി പോകുന്നവര്‍ മൂക്കുപൊത്തിക്കൊണ്ടാണിവിടെക്കൂടി നടന്നിരുന്നത്. കാഴ്ചബംഗ്ലാവില്‍ കാട്ടുമൃഗങ്ങളെ ഇട്ടിരിക്കുന്ന കൂട്ടില്‍നിന്ന് പുറപ്പെട്ടിരുന്ന തരത്തിലുള്ള ദുര്‍ഗന്ധമായിരുന്നു പുറത്തേക്ക് പരന്നുകൊണ്ടിരുന്നതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. കക്കയത്ത് ഉരുട്ടല്‍ കഴിഞ്ഞിട്ടിരുന്നവരുടെ മുറിയില്‍നിന്ന് പുറപ്പെട്ടിരുന്ന ദുര്‍ഗന്ധം സഹിക്കവയ്യാതെ, അവിടെ പാറാവ് നിന്നിരുന്ന പോലീസുകാര്‍ സാമ്പ്രാണി പുകച്ചുകൊണ്ടാണ് ഡ്യൂട്ടിക്ക് നിന്നിരുന്നത്.

2. ഹീറ്റിങ്
ചോദ്യം ചെയ്യേണ്ടയാളിനെ ഭിത്തിയില്‍ ചാരിയിരുത്തി കാല്‍ രണ്ടും നീട്ടിവെപ്പിക്കുന്നു. പെരുവിരലുകള്‍ കൂട്ടിക്കെട്ടിയിരിക്കും. കാലിന്റെ വെള്ളയില്‍ ആഞ്ഞടിക്കുന്നു. അടി കൊണ്ട ഭാഗം പൊള്ളയ്ക്കാനായി ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളം ഒഴിച്ചുകൊണ്ടിരിക്കും. എണ്ണയില്‍ മുക്കിയ ചൂരലായിരിക്കും ഇതിനുപയോഗിക്കുന്നത്. ഇടയ്ക്കിടയ്ക്ക് അടി നിര്‍ത്തി ചോദ്യം ചെയ്യുന്നു. പോലീസിന് ആവശ്യമുള്ള ഉത്തരങ്ങള്‍ കിട്ടിയില്ലെങ്കില്‍ വീണ്ടും അടിക്കുന്നു.
രണ്ടുമൂന്നു ചൂരലുകള്‍ ഒടിയുന്നതുവരെ ഇങ്ങനെ പ്രഹരം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിനുള്ളില്‍ അടികൊണ്ടയാള്‍ ബോധംകെട്ടു വീണെന്നും വരും. അടി കഴിഞ്ഞാല്‍ കെട്ടഴിച്ച് ആളെ എഴുന്നേല്പിച്ച് നിര്‍ത്തി ചാടിക്കുന്നു. അടിയുടെ ആഘാതംകൊണ്ട്, ഞരമ്പുകളും മാംസപേശിയും തകര്‍ന്നുപോകാതിരിക്കാനാണത്രേ ഈ ചാടിക്കല്‍വിദ്യ.

3. ഡബിള്‍ ആക്ഷന്‍
ആളെ ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തുന്നു. എന്നിട്ട് കരണത്ത് ശക്തിയായി അടിക്കുന്നു. അടിയുടെ ആഘാതംകൊണ്ട് അയാളുടെ തല ഭിത്തിയില്‍ ചെന്ന് ശക്തിയായി ഇടിക്കുന്നു.

4. ക്ലിപ്പിടല്‍
തൊണ്ണയില്‍ വിരലുകള്‍ കുത്തിപ്പിടിച്ച് ഞെക്കുന്നു. ശബ്ദനാളവും ശ്വാസനാളവും ക്ഷണനേരത്തിനുള്ളില്‍ അടഞ്ഞുപോകുന്നു. ശ്വാസം വിടാനാകാതെ കണ്ണുകള്‍ തള്ളും. ഇപ്പോഴും പിടിവിടാതെ അമര്‍ത്തിക്കൊണ്ടിരിക്കും. അല്പസമയത്തെ പിടുത്തംകൊണ്ട് തൊണ്ട പൊട്ടും. പിന്നീട് കുറെ ദിവസത്തേക്ക് ഉമിനീരിറക്കാനോ ഭക്ഷണം കഴിക്കാനോ വയ്യാതാകുന്നു.

5. കാവടിയാട്ടം
രണ്ടു കൈയും മേല്‌പോട്ടാക്കി കെട്ടുന്നു. കൈപ്പത്തിക്കു താഴേയും മുട്ടിന്റെ ഭാഗത്തും, അതിനു താഴേയുമായി ഇങ്ങനെ മൂന്നു ഭാഗങ്ങളില്‍ വരിഞ്ഞുകെട്ടുന്നു. കാലുകള്‍ രണ്ടും ചേര്‍ത്തു കെട്ടുന്നു. പിടലിയുടെ പിറകുവശത്തുകൂടി ഒരു ലാത്തി ഉയര്‍ത്തിപ്പിടിച്ച് കെട്ടിവെച്ചിരിക്കുന്നു ഇരു കരങ്ങള്‍ക്കും ഇടയിലായി വിലങ്ങനെ തിരുകിവെക്കുന്നു.

ഇത്രയും ചെയ്തിട്ട് ആളെ അറ്റന്‍ഷനായി നിര്‍ത്തുന്നു. അഞ്ചു മിനിട്ടങ്ങനെ നിന്നുകഴിയുമ്പോഴേക്കും ശരീരത്തിന്റെ ഇരുവശവും അസഹനീയമായി വേദനിക്കാന്‍ തുടങ്ങും. ഇതേത്തുടര്‍ന്ന് അയാള്‍ കാവടിയാട്ടക്കാരനെപ്പോലെ മെല്ലെയാടാന്‍ തുടങ്ങും. ആടിയാടി അയാള്‍ക്കു സമനിലതെറ്റി നിലത്ത് കമഴ്ന്നടിച്ച് വീഴുന്നു.

6. വിമാനം പറപ്പിക്കല്‍
കാലുകള്‍ രണ്ടും കെട്ടുന്നു. കൈകളും പുറകോട്ട് വെച്ച് നീളമുള്ള ഒരു കയര്‍കൊണ്ട് കെട്ടുന്നു. കയറിന്റെ മറ്റേ അറ്റം, മുറിയുടെ മച്ചിലുള്ള കപ്പിയില്‍ക്കൂടെയിട്ട് കയറിന്റെ അറ്റം പിടിച്ച് വലിച്ചയാളെ പൊക്കുകയും താഴ്ത്തുകയും ചെയ്യുന്നു.

7. കൊളുത്ത്
അടിവയറ്റില്‍ നാഭിഭാഗത്തായി വിരലുകള്‍ കുത്തിത്താഴ്ത്തി കുടലുകളുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പിടിച്ച് അമര്‍ത്തിത്തിരിക്കുന്നു. ഒന്നുരണ്ടു പ്രാവശ്യം തിരിക്കുമ്പോള്‍ കുടല്‍ പൊട്ടുന്നു.

8. നാഭിക്ക് തൊഴി
ബൂട്‌സിട്ട കാലുകൊണ്ടോ വെറും കാലുകൊണ്ടോ നാഭിഭാഗത്ത് ആഞ്ഞു ചവിട്ടുന്നു. ഒന്നുരണ്ടു ചവിട്ടേല്ക്കുമ്പോള്‍ത്തന്നെ കിഡ്‌നി തകരാറിലാകും. മൂത്രം വരുകയില്ല. മൂത്രത്തിനു പകരം രക്തമായിരിക്കും വരുക.പിടിച്ചുകൊണ്ടുവരുന്നയാളിനെ നിലത്ത് കുനിച്ചിരുത്തുന്നു. അയാളുടെ തൊട്ടുപുറകിലായി ഒരു പോലീസുദ്യോഗസ്ഥന്‍ കസേരയിലിരിക്കുന്നു. കസേരയിലിരിക്കുന്നയാള്‍ തന്റെ തൊട്ടുമുന്‍പിലിരിക്കുന്നയാളിന്റെ നട്ടെല്ലിന്റെ അടിഭാഗത്തായി ആഞ്ഞുചവിട്ടി രസിക്കുന്നു.

9. കൈകൊണ്ടുള്ള വെട്ട്
കൈകള്‍ പൊക്കിച്ച് നിര്‍ത്തിയശേഷം വാരിയെല്ലിന്റെ ഭാഗത്ത് കൈകൊണ്ട് വെട്ടുന്നു. ശരീരം വല്ലാതെ വേദനിക്കുകയും, ചിലപ്പോള്‍ വാരിയെല്ല് പൊട്ടുകയും ചെയ്യും.

10. മനുഷ്യപന്തുകളി
പോലീസ് സ്‌റ്റേഷനകത്ത് പോലീസുകാര്‍ വൃത്തത്തില്‍ നില്ക്കുന്നു. വൃത്തത്തിനകത്ത് പിടിച്ചുകൊണ്ടുവരപ്പെട്ടയാളെ നിര്‍ത്തുന്നു. തുടര്‍ന്ന് ഓരോരുത്തരും ഇയാളെ പന്തു തട്ടുന്നതുപോലെ ഒരു വശത്തുനിന്ന് മറ്റേവശത്തേക്ക് കാലുകൊണ്ട് തൊഴിച്ചു തെറിപ്പിക്കുന്നു.

ഇങ്ങനെ പരസ്പരം മനുഷ്യനെ പന്തു തട്ടുന്നതുപോലെ ഇട്ടുതട്ടുന്ന ഏര്‍പ്പാടിനെയാണ് 'മനുഷ്യപ്പന്തുകളി' എന്ന ഓമനപ്പേരിട്ട് പോലീസുകാര്‍ വിളിക്കുന്നത്. പന്തായി സങ്കല്പിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ ചവിട്ടുകൊണ്ട് നിലത്തുവീണ് കളി ഫൗളായി പ്പോകാതിരിക്കാന്‍ ഓരോ പോലീസ് കളിക്കാരും പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടിരിക്കും.

11. ലൈന്‍ ട്രീറ്റ്‌മെന്റ്
പോലീസുകാര്‍ രണ്ടു വരിയായി നില്ക്കുന്നു. മര്‍ദിക്കപ്പെടേണ്ട ആളിനെ ഈ വരിയില്‍ നടുവില്‍ ഒരറ്റത്തായി കൊണ്ടുനിര്‍ത്തി മറ്റേ അറ്റത്തേക്ക് നടന്നു പോകുമ്പോള്‍ ഓരോ പോലീസുകാരനും അടി, ഇടി, ചവിട്ട്, തൊഴി, കൈമുട്ടുകുത്ത് തുടങ്ങിയ മര്‍ദനമുറകളെല്ലാം നടത്തിക്കൊണ്ടിരിക്കും. അങ്ങേയറ്റത്തെത്തുമ്പോഴേക്കും ആള് അവശനായിക്കഴിയും.

12. പട്ടിപ്പൂട്ട്
മര്‍ദിക്കപ്പെടേണ്ട രണ്ടുപേരെ കൊണ്ടുവന്ന് കുനിച്ചുനിര്‍ത്തുന്നു. ഇവരുടെ രണ്ടുപേരുടെയും പൃഷ്ഠഭാഗം ചേര്‍ന്നിരിക്കത്തക്കവിധത്തിലായിരിക്കണം കുനിച്ചുനിര്‍ത്തുന്നത്. കുനിഞ്ഞ് നില്ക്കുന്ന ആളുകളുടെ തുടയ്ക്കിടയില്‍ക്കൂടി കൈയിട്ട് പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ച് വലിക്കുന്നു. അടിയില്‍ വലിനടക്കുമ്പോള്‍ ഇവരുടെ കുനിഞ്ഞിരിക്കുന്ന പുറത്ത് ഇടിക്കുകയോ, ചവിട്ടുകയോ ചെയ്തുകൊണ്ടിരിക്കും.

13. ലിംഗം വലിക്കല്‍
കസ്റ്റഡിയിലെടുത്ത ആളെ പരിപൂര്‍ണ നഗ്‌നനാക്കി നിര്‍ത്തുന്നു. എന്നിട്ട് ഒരു ചവണകൊണ്ടയാളുടെ ലംഗത്തിന്റെയറ്റത്ത് പിടിച്ചു ബലമായി വലിക്കുന്നു. നഗ്‌നനാക്കിയ ആളിന്റെ ലിംഗം മേശപ്പുറത്ത് വെപ്പിക്കുന്നു. എന്നിട്ടതില്‍ വടികൊണ്ടടിക്കുന്നു. മൂത്രദ്വാരത്തില്‍ കമ്പി തിരുകിക്കയറ്റുന്നു.

14. രോമം പറിക്കല്‍
ഗുഹ്യഭാഗത്തെയും മുഖത്തെയും ഓരോ രോമവും പിഴുതെടുക്കുന്ന ഏര്‍പ്പാടാണിത്. രോമം പിഴുതെടുക്കപ്പെട്ട ഭാഗത്ത് നീര്‍ക്കോളുകൊള്ളുന്നു.

15. ഫാന്‍ കറക്കുക
പിടിച്ചുകൊണ്ടുവരുന്നയാളിന്റെ രണ്ടു കൈകളും ഫാനിന്റെ ഇലയില്‍ കൈകൊണ്ട് ബന്ധിക്കുന്നു. എന്നിട്ട് ഫാന്‍ അതിശക്തിയായി കറക്കുന്നു. ഫാനിന്റെ ഇലയില്‍ തൂങ്ങിക്കിടക്കുന്നയാളും ശക്തിയില്‍ കറങ്ങികൊണ്ടിരിക്കും.

16. സങ്കല്പകസേരയില്‍ ഇരുത്തല്‍
കസേരയില്‍ ആളെ ഇരുത്തുന്നു. എന്നിട്ട് പെട്ടെന്ന് കസേരമാത്രം പുറകോട്ട് വലിച്ചുമാറ്റുന്നു. നേരത്തെ കസേരയില്‍ ഇരുന്നതുപോലെ മുട്ടു വളച്ച് കൈകള്‍ രണ്ടും നീട്ടി കസേരയില്‍ ഇരിക്കുന്നതുപോലെ വടിവില്‍ ഇരുത്തുന്നു. കുറേനേരം ഇങ്ങനെ നില്ക്കുമ്പോള്‍ കാലും കൈയും വേദനിച്ചയാള്‍ താഴെ വീഴുന്നു.

17. ഏത്തം ഇടല്‍
കൈകള്‍ രണ്ടും മടക്കി ചെവിയില്‍ പിടിപ്പിച്ചുകൊണ്ട് നിവര്‍ന്നും കുനിഞ്ഞും കൈമുട്ടുകള്‍ രണ്ടും നിലത്തു കുത്തിച്ച് ഏത്തം ഇടുവിക്കുന്നു. ഒരേ നില്പിന് ആയിരമോ അതിനു മുകളിലോ ഇങ്ങനെ ഏത്തം ഇടുവിക്കുന്നു.

18. ഷോക്കടിപ്പിക്കുന്നു
കാലിനടിയിലും ചെന്നിയിലും ഇലക്ട്രിസിറ്റി പ്രവഹിക്കുന്ന കമ്പികൊണ്ട് ഷോക്കേല്പിച്ച് ശരീരത്തെ പീഡിപ്പിക്കുന്നു.

19. മാനസികപീഡനം
പോലീസുകാരും ഓഫീസര്‍മാരും പൂര്‍ണ യൂണിഫോമിട്ടിരിക്കുന്ന മുറിയിലേക്ക് പരിപൂര്‍ണനഗ്‌നനായി ആളെ കൊണ്ടുവന്ന് നിര്‍ത്തി മാനസികമായി പീഡിപ്പിക്കുന്നു.

20 തൂക്കിയിടല്‍
കൈയും കാലും കെട്ടിയശേഷം ആളെ തലകീഴായി കെട്ടിത്തൂക്കിയിട്ട് അടിക്കുക. ഈ രീതിയിലുള്ള മര്‍ദനരീതികളെല്ലാം െ്രെകംബ്രാഞ്ചിന്റെ തടങ്കല്‍പ്പാളയങ്ങളില്‍ നിത്യേനയെന്നോണം നടത്തിക്കൊണ്ടിരുന്നു. അതോടൊപ്പം സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലും ഈ മര്‍ദനരീതികള്‍ നടപ്പിലാക്കിയിരുന്നു എന്നും, സംഘടിതമായി പരിശീലിപ്പിക്കപ്പെട്ട് പ്രയോഗത്തില്‍ വരുത്തി നടപ്പാക്കിക്കൊണ്ടിരുന്നത് ഒരേയാള്‍ക്കാര്‍ തന്നെയായിരുന്നെന്നും മനസ്സിലാക്കാമല്ലോ?

(അവലംബം കെ. രാമന്‍പിള്ള അടിയന്തരാവസ്ഥയിലെ അന്തര്‍ധാരകള്‍)

കടപ്പാട്: ആഴ്ചവട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക