Image

ആചാര്യന് ആദരവ്: മേളയില്‍ വിം വെന്‍ഡേഴ്‌സിന്റെ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ആശ പണിക്കര്‍ Published on 13 June, 2017
ആചാര്യന് ആദരവ്: മേളയില്‍ വിം വെന്‍ഡേഴ്‌സിന്റെ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയില്‍ നവ ജര്‍മന്‍ സിനിമാ പ്രസ്ഥാനത്തിന്റ അമരക്കാരനായ വിം വെന്‍ഡേഴ്‌സിന്റെ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രാചാര്യന്‍മാരെ അനുസ്മരിക്കുന്ന മായിസ്‌ട്രോ വിഭാഗത്തില്‍ പെടുത്തിയാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

എഴുപതുകളിലെ ജര്‍മന്‍ സിനിമകളുടെ ഭാഷയും വ്യാകരണവും പൊളിച്ചെഴുതി യുദ്ധാനന്തര യൂറോപ്യന്‍ ചലച്ചിത്രകാരന്‍മാരില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയെടുത്ത വിം വെന്‍ഡേഴ്‌സ് നാലു ദശകങ്ങള്‍ നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ചെറുതും വലുതുമായ അമ്പതോളം സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ഓസ്‌കാര്‍ അവാര്‍ഡും പാം ദി ഓറും ഗോള്‍ഡണ്‍ലയണും ഉള്‍പ്പെടെ ഈ ചലചച്ചിത്ര പ്രതിഭയെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍ നിരവധിയാണ്. സംസ്‌കാരങ്ങളുടെ കൂടിച്ചേരല്‍, മനുഷ്യന്റെ സഞ്ചാരതൃഷ്ണകള്‍, അതിര്‍ത്തി കടന്നുള്ള പലായനങ്ങള്‍ തുടങ്ങിയവയാണ് വിം വെന്‍ഡേഴ്‌സിന്റെ പ്രധാന പ്രമേയങ്ങള്‍.

കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ ലഭിച്ച 'പാരീസ് ടെക്‌സാസ്' (1984) മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത 'വിംഗ്‌സ് ഓഫ് ദി ഡിസയര്‍' (1987) എന്നിവയാണ് പ്രധാന ഫീച്ചര്‍ സിനിമകള്‍. ക്യബന്‍ സംഗീതവും സംസ്‌കാരവും ദ്യശ്യങ്ങളില്‍ പകര്‍ത്തുന്ന ബ്യൂണ വിസ്റ്റ സോഷ്യല്‍ ക്‌ളബ് (1999) മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ നേടിയിരുന്നു.

എട്രിക് ഓഫ് ലൈററ്, നോട്ട്ബുക്ക് ഓണ്‍ സിറ്റീസ് ആന്‍ഡ് ക്‌ളോത്ത്സ്, പിനാ, റൂം 666,  ടോക്യോഗാ എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വെന്‍ഡേഴ്‌സിന്റെ ചിത്രങ്ങള്‍. 'പിന' എന്ന ഡോക്യുമെന്ററി ജര്‍മന്‍ നര്‍ത്തകിയും നൃത്ത സംവിധായികയുമായ പിന ബൗഷിന്റെ ജീവിതം പകര്‍ത്തുന്നു. കാഴ്ചകളെ വേറിട്ടു നിര്‍ത്തുന്ന ഭൂതക്കണ്ണാടി പോലെയാണ് ത്രിഡി ഫോര്‍മാറ്റ് എന്നു വിം വെന്‍ഡേഴ്‌സ് പറയുന്നു. എഴുപതുകളില്‍ ചലച്ചിത്ര ജീവിതം തുടങ്ങിയ അദ്ദേഹം ഏറ്റവും പുതിയ സാങ്കേതികതയുമായി ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു. ജാപ്പനീസ് ചലചചിത്രാചാര്യന്‍ ഓസുവിനെ കുറിച്ചുള്ള ടോക്യോഗാ , ആധുനിക ജീവിതത്തിലെ നഗരം, വേഷം, സ്വത്വം, എന്നിവയെ കുറിച്ചുള്ള നോട്ട്ബുക്ക് ഓണ്‍ സിറ്റീസ് ഓണ്‍ ക്‌ളോത്ത്‌സ്, സിനിമയുടെ ഭാഷ എന്തെന്ന ചോദ്യമുയര്‍ത്തുന്ന റൂം 666 എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് ആകര്‍ഷണങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക