Image

കര്‍മ്മധീരനായ കുന്നശേരി പിതാവ് (ഫാ. ജോസഫ് ആദോപ്പള്ളി)

ഫാ. ജോസഫ് ആദോപ്പള്ളി Published on 14 June, 2017
കര്‍മ്മധീരനായ കുന്നശേരി പിതാവ് (ഫാ. ജോസഫ് ആദോപ്പള്ളി)
ആഗോള ക്‌നാനായ സമുദായത്തെ ദുഖത്തിലാഴ്ത്തി അഭി. കുന്നശേരി പിതാവ് ലോകത്തോട് യാത്ര പറഞ്ഞപ്പോള്‍ ഒരുപിടി ഓര്‍മ്മകളുമായി ആ പിതാവിന്റെ സ്മരണയ്ക്കുമുന്നില്‍ ശിരസ് നമിക്കുന്നു. ശക്തനും ആദര്‍ശധീരനുമായ ഒരു പിതാവിനെയാണ് നമുക്ക് നഷ്ടമായത്. ഹൃദയം നിറയെ സ്‌നേഹം നിറച്ച് തന്റെ അജഗണങ്ങളെ മാറോട് ചേര്‍ത്ത് പേരുചൊല്ലി വിളിക്കുന്ന പിതാവിനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. സഭയേയും സമുദായത്തേയും ഒരുപോലെ സ്‌നേഹിച്ച് തിരുസഭയില്‍ തിളങ്ങി നിന്ന നക്ഷത്രമായിരുന്നു കുന്നശേരി പിതാവ്.

അഭി. കുന്നശേരി പിതാവിന്റെ കൈവെയ്പ് വഴിയാണ് ഞാന്‍ പൗരോഹിത്യം സ്വീകരിച്ചത്. ഭയത്തോടും ആദരവോടുംകൂടിയാണ് പിതാവിനെ ഞാന്‍ വിളിച്ചിരുന്നത്. പിതാവിന്റെ ഓര്‍മ്മശക്തിയും അതിഥി സത്കാരവും എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ശക്തമായ നിലപാടുകളും തീരുമാനങ്ങളും കോട്ടയം രൂപതയ്ക്ക് അനുഗ്രഹമായിട്ടുണ്ട്. ശകാരവര്‍ഷങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരു വന്ദ്യ പിതാവിന്റെ കുരുതലും സ്‌നേഹവും ഒരിക്കലും മറിക്കാനാവില്ല. പ്രത്യേകിച്ച് 2002- 2005 കാലഘട്ടത്തില്‍ വൈദീക വിദ്യാര്‍ത്ഥികളുടെ പരിശീലന ചുമതല ഞാന്‍ വഹിച്ചപ്പോള്‍ പിതാവ് നല്‍കിയ ഉപദേശങ്ങളും നിര്‍ദേശങ്ങളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വൈദീകരേയും വൈദീക വിദ്യാര്‍ത്ഥികളേയും ഏറെ സ്‌നേഹിക്കുകയും എന്നാല്‍ കാര്‍ക്കശ്യത്തോടെ തിരുത്തുകയും ചെയ്യുന്ന ഒരു വന്ദ്യ പിതാവ്. വിശ്രമ കാലഘട്ടത്തില്‍ പോലും ഓരോരുത്തരേയും വ്യക്തിപരമായി അറിയുകയും അന്വേഷിക്കുകയും ചെയ്ത പിതാവിന്റെ വേര്‍പാട് ഒരു തീരാ നഷ്ടമാണ്.

ന്യൂയോര്‍ക്കിലെ ക്‌നാനായ മക്കള്‍ക്ക് ഒരിക്കലും പിതാവിനെ മറക്കാന്‍ കഴിയില്ല. നല്ല നല്ല മുഹൂര്‍ത്തങ്ങള്‍ എക്കാലവും ജനം മനസ്സില്‍ കാത്തുസൂക്ഷിക്കും. കര്‍മ്മധീരനും സ്‌നേഹസമ്പന്നനുമായ പിതാവിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ശിരസ് നമിച്ച് ന്യൂയോര്‍ക്കിലെ ക്‌നാനായ ജനതയുടെ ആദരാഞ്‌ലികള്‍ അര്‍പ്പിക്കുന്നു.

റോക്‌ലാന്‍ഡ് ക്‌നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ കുന്നശ്ശേരി പിതാവിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ഈ വെള്ളിയാഴ്ച (ജൂണ്‍ 16) 7 പി എം ന് റോക്‌ലന്‍ഡിലെ മരിയന്‍ ഷ്‌റൈയ്ന്‍ ദേവാലയത്തില്‍ വച്ച് വിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കും.
വിവരങ്ങള്‍ക്കു മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി 954 305 7850 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക