Image

ഫാസിസം സ്വന്തം പടിവാതിലില്‍ എത്തുമ്പോള്‍ (ജോയ് ഇട്ടന്‍)

Published on 14 June, 2017
ഫാസിസം സ്വന്തം പടിവാതിലില്‍ എത്തുമ്പോള്‍ (ജോയ് ഇട്ടന്‍)
ഉയര്‍ന്ന മൂല്യങ്ങളുള്ള നോട്ട് റദ്ദാക്കലിലൂടെ അനുസരിപ്പിക്കുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഒരു ഭാഗം തന്നെയാണ് കാലിച്ചന്തകളില്‍ കാലികളെ വില്‍ക്കരുത് എന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം .റമദാന്‍ വ്രതത്തിന്റെ ആരംഭത്തില്‍ ഇത്തരമൊരു നിരോധനം പുറപ്പെടുവിപ്പിച്ചതിലൂടെ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ഫാസിസ്റ്റ് സര്‍ക്കാരിന്റെ മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. ആര്‍.എസ്.എസ് അജന്‍ഡ നടപ്പാക്കുന്നു എന്നതിനാല്‍ ഹിന്ദുത്വശക്തികളെ പ്രീണിപ്പിക്കാന്‍ കഴിയും, പക്ഷേ അയല്‍ക്കാര്‍ തമ്മിലും നാട്ടുകാര്‍ തമ്മിലും കലാപത്തിലേക്കുള്ള ഒരു വഴിമരുന്ന് കൂടിയാണ് ഈ നിരോധനം. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നയുടനെ തന്നെ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ പ്രതിഷേധങ്ങളുയര്‍ത്തി തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ചത് ഫാസിസത്തിനെതിരേ യുവശക്തി ജാതി, മത രാഷ്ട്രീയ ഭേദമെന്യേ പ്രതികരിക്കുവാന്‍ തയാറാവുന്നുഎന്നതിന്റെ നല്ല സൂചന കൂടിയാണ്.

ഇന്ത്യയില്‍ മിക്കയിടത്തും കന്നുകാലിച്ചന്തകളുമായും കശാപ്പുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ന്യുന പക്ഷ വിഭാഗങ്ങളാണ്. അതേപോലെ ഈ മൃഗങ്ങളുടെ തുകല്‍ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ദലിതുകളുമാണ്. ഉത്തരേന്ത്യയില്‍ പശു ഗുണ്ടകളുടെ ആക്രമണം ഗോരക്ഷയുടെ മുഖമൂടിയണിഞ്ഞ് നടത്തിയത് ഈ രണ്ട് വിഭാഗത്തിന്റെയും തൊഴില്‍ മേഖലകളെ തകര്‍ക്കുവാനും സാമ്പത്തികമായി നശിപ്പിക്കുവാനും കൂടിയായിരുന്നു. കാലിച്ചന്തകളില്‍ ഫാസിസ്റ്റ് വിലക്ക് വീഴുകയാണെങ്കില്‍ കേരളത്തില്‍ മാത്രം 43 ലക്ഷം ആളുകളായിരിക്കും തൊഴില്‍ രഹിതരാവുക എന്ന് കണക്കുകള്‍ പറയുന്നു . തൊഴില്‍ രാഹിത്യത്തിലൂടെ പട്ടിണിയിലേക്കും നിത്യ ദുരിതത്തിലേക്കുമായിരിക്കും ഒരു വിഭാഗം വലിച്ചെറിയപ്പെടും.കേരളത്തില്‍ കന്നുകാലി വില്‍പനയും മാംസ വില്‍പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഒരു പ്രത്യേക മതവിഭാഗക്കാരല്ല. തൊഴില്‍ എന്ന നിലയില്‍ പലരും ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. ബീഫ് നിരോധിക്കാനുള്ള ആദ്യപടിയായിട്ട് വേണം ഇപ്പോഴത്തെ ഈ നിരോധനത്തെ നോക്കികാണേണ്ടതു് . തുകല്‍, മാട്ടിറച്ചി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുകിട കച്ചവടക്കാരെ ആ മേഖലകളില്‍ നിന്നും അകറ്റി പകരം കുത്തകകള്‍ക്ക് ഈ മേഖല തീറെഴുതിക്കൊടുക്കുവാന്‍ ഇതുവഴി സാധിക്കും .

വന്‍കിട കോര്‍പറേറ്റുകള്‍ക്കൊന്നും ഗോവധ നിരോധനവും കാലിച്ചന്തകളില്‍ കശാപ്പിനായി കാലികളെ വില്‍ക്കുന്നത് നിരോധിച്ചതും ബാധിക്കുന്നില്ല. ഇതു ബാധിക്കുന്ന പാവപ്പെട്ട കര്‍ഷകന് കാലിച്ചന്തകളില്‍ അവരുടെ ഉരുവിനെ വില്‍ക്കാന്‍ കഴിയില്ല. എന്നാല്‍ വന്‍കിട കോര്‍പറേറ്റുകള്‍ ഇത്തരം കാലികളെ ചുളുവിലക്ക് പാവപ്പെട്ട കര്‍ഷകനില്‍ നിന്നും വാങ്ങി അവരുടെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്യും. വന്‍കിട കോര്‍പറേറ്റുകള്‍ ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള ഫാം ഹൗസുകളുണ്ടാക്കി വലിയ സ്ലോട്ടര്‍ കമ്പനികള്‍ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ മാട്ടിറച്ചിയാണ് വര്‍ഷം തോറും കയറ്റുമതി ചെയ്യുന്നത്. ഇവരില്‍ അധികവും സംഗീത് സോമിനെ പോലുള്ള ബി.ജെ.പി എം.എല്‍.എമാരും നേതാക്കളുമാണ്. മൂവായിരം കോടി രൂപയാണ് കോര്‍പറേറ്റുകള്‍ മാംസം കയറ്റുമതിയിലൂടെ കഴിഞ്ഞ വര്‍ഷം കൈക്കലാക്കിയത് . കാലിച്ചന്തകള്‍ നിരോധിക്കുമ്പോള്‍ ചുളുവിലക്ക് കാലികളെ ലഭ്യമാക്കാന്‍ കൂടി കോര്‍പറേറ്റുകള്‍ക്ക് കഴിയും. ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കാന്‍ ബഹുജന പ്രക്ഷോഭങ്ങള്‍ കൊണ്ട് കഴിയണം. തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ് ഏതെങ്കിലും ഒരു വിഭാഗം മാറി നില്‍ക്കേണ്ട വിപത്തല്ല മുന്നില്‍ വാ പിളര്‍ന്ന് നില്‍ക്കുന്നത്. ഫാസ്റ്റര്‍ നെയ്മുള്ളര്‍ പറഞ്ഞതുപോലെ; അവസാനം ഫാസിസം സ്വന്തം പടിവാതിലില്‍ എത്തുമ്പോള്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടാവില്ലെന്നോര്‍ക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക