Image

പത്താമത്‌ അന്താരാഷ്‌ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയ്‌ക്ക്‌ ഇന്ന് തിരിതെളിയും

ആഷ എസ് പണിക്കര്‍ Published on 16 June, 2017
പത്താമത്‌ അന്താരാഷ്‌ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയ്‌ക്ക്‌ ഇന്ന് തിരിതെളിയും


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പത്താമത്‌ അന്താരാഷ്‌ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്‌ക്ക്‌ ഇന്ന്‌ തിരിതെളിയും. വൈകിട്ട്‌ ആറിന്‌ കൈരളി തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. കിരണ്‍ കാര്‍ണിക്‌ മുഖ്യാതിഥിയാകും.


വി.എസ്‌. ശിവകുമാര്‍ എം.എല്‍.എ, വാര്‍ഡ്‌ കൗണ്‍സിലര്‍ എം.വി. ജയലക്ഷ്‌മി, സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്‌, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, കെ.സി.എ.ഡബ്ല്യൂ.എഫ്‌.ബി ചെയര്‍മാന്‍ പി. ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി വൈസ്‌ ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, സെക്രട്ടറി മഹേഷ്‌ പഞ്ചു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞവര്‍ഷം ഓസ്‌കാറിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ട റോജര്‍ റോസ്‌ വില്യംസിന്റെ`ലൈഫ്‌ അനിമേറ്റഡ്‌', റോട്ടര്‍ഡാം മേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയ പ്രാന്തിക്‌ ബസുവിന്റെ `സഖിസോണ' എന്നിവ ഉദ്‌ഘാടന ചിത്രങ്ങളായി പ്രദര്‍ശിപ്പിക്കും.


കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി നടക്കുന്ന മേളയില്‍ വിവിധ ഭാഗങ്ങളിലായി 210 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ 77 ചിത്രങ്ങളാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. അനിമേഷന്‍, ക്യാമ്പസ്‌ ഫിലിം, ലോങ്‌ ഡോക്യുമെന്ററി, ഷോര്‍ട്ട്‌ ഡോക്യുമെന്ററി, ഷോര്‍ട്ട്‌ ഫിക്ഷന്‍ എന്നീ വിഭാഗങ്ങളാണ്‌ മത്സരയിനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ചലച്ചിത്രാചാര്യനെ ആദരിക്കുന്ന വിഭാഗത്തില്‍ പ്രമുഖ ജര്‍മന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.


ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ്‌ വിഭാഗത്തില്‍ പലസ്‌തീന്‍ ചലച്ചിത്രകാരി മായി മസ്രീ, മലയാളി സംവിധായകന്‍ വിപിന്‍ വിജയ്‌, എന്നിവരുടെ ചിത്രങ്ങളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ചലാം ബെനൂര്‍ക്കര്‍ക്കും പ്രശസ്‌ത കലാനിരൂപകനും തിരക്കഥാകൃത്തുമായ ജോണ്‍ ബര്‍ഗര്‍ക്കും മേളയില്‍ സ്‌മരണാഞ്‌ജലി അര്‍പ്പിക്കും. ഇതിന്റെ ഭാഗമായി ഇവരുടെ ഓരോ സിനിമകള്‍ വീതം പ്രദര്‍ശിപ്പിക്കും. കെ.ജി. ജോര്‍ജിന്റെ ചലച്ചിത്ര ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.


മേളയിലെ മൈഗ്രന്റ്‌ ബോഡീസ്‌, നേറ്റീവ്‌ ഹാര്‍ട്ട്‌സ്‌ എന്നീ വിഭാഗം പ്രവാസിമലയാളികുടെ ജീവിതം പകര്‍ത്തുന്നു. വിയന്ന ഹ്രസ്വചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ സിനിമകള്‍ വിയന്ന ഷോര്‍ട്ട്‌സ്‌ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും. ശബ്ദത്തിലൂടെ മാത്രം സംവദിക്കുന്ന സൗണ്ട്‌ഫൈയല്‍സ്‌ ആണ്‌ മേളയുടെ മറ്റൊരു ആകര്‍ഷണം.


റിതു സരിന്‍ ചെയര്‍പേഴ്‌സണും ലിജോ ജോസ്‌ പെല്ലിശ്ശേരിയും കാര്‍ല ലോഷും അംഗങ്ങളായ ജൂറിയാണ്‌ ഫിക്ഷന്‍ വിഭാഗത്തിന്റെ വിധി നിര്‍ണയം നടത്തുന്നത്‌. ആന്‍ഡ്രൂ വയല്‍ ചെയര്‍മാനും റജുല ഷാ, വിപിന്‍ വിജയ്‌ എന്നിവരും അംഗങ്ങളായ ജൂറിയാണ്‌ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ മികച്ച സിനിമകള്‍ കണ്ടെത്തുക. മായി മസ്രീയുമായി അക്കാദമി വൈസ്‌ ചെയര്‍പേഴ്‌സണ്‍ ബീനാ പോളും ലിജോ ജോസ്‌ പെല്ലിശ്ശേരിയുമായി അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്‌. ഷാജിയും വിപിന്‍ വിജയുമായി സി.എസ്‌. വെങ്കിടേശ്വരനും സംവദിക്കും.


ഛായാഗ്രാഹകന്‍ രഞ്‌ജന്‍ പാലിത്‌, ഓസ്‌ട്രേലിയന്‍ ചലച്ചിത്രകാരന്‍ ആന്‍ഡ്ര്യൂ വയല്‍ എന്നിവരുടെ മാസ്റ്റര്‍ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്‌. മേളയുടെ ഭാഗമായി അനുജ ഘോസാല്‍ക്കറിന്റെ തിയറ്റര്‍ പെര്‍ഫോര്‍മന്‍സ്‌, അസിമ മ്യൂസിക്‌ ബന്‍ഡിന്റെയും പിന്നണി ഗായിക പുഷ്‌പാവതിയുടെയും സംഗീത പരിപാടികള്‍ എന്നിവ മൂന്നുദിവസങ്ങളിലായി അരങ്ങേറും. മേള ജൂണ്‍ ഇരുപതിന്‌ സമാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക