Image

മുംബൈ തുടര്‍ സ്‌ഫോടന കേസ്‌: അബു സലീമടക്കം ആറു പേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു; ശിക്ഷ പിന്നീട്‌

Published on 16 June, 2017
 മുംബൈ തുടര്‍ സ്‌ഫോടന കേസ്‌: അബു സലീമടക്കം ആറു പേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു; ശിക്ഷ പിന്നീട്‌


മുംബൈ: രാജ്യത്തെ നടുക്കിയ 1993ലെ മുംബൈ തുടര്‍ സ്‌ഫോടന കേസില്‍ വിധി പ്രസ്‌താവം തുടങ്ങി. അബു സലീമടക്കം ആറു പ്രതികളും കുറ്റക്കാരെന്ന്‌ മുംബൈയിലെ പ്രത്യോക ടാഡ കോടതി. സ്‌ഫോടക വസ്‌തുക്കള്‍ എത്തിക്കുന്നതിലും വിതരണം ചെയ്യുന്നതിലും അബു സലീം, മുഹമ്മദ്‌ ദോസ എന്നിവര്‍ പങ്കാളിയെന്ന്‌ കോടതി കണ്ടെത്തി. ദുബായില്‍ നിന്നും ആയുധങ്ങള്‍ എത്തിച്ചതിലും ദോസക്ക്‌ പങ്കുണ്ടെന്ന്‌ തെളിഞ്ഞു.

അബ്ദുള്‍ ഖയ്യൂമിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ സാധിച്ചില്ല. ഇയാളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. സ്‌ഫോടനം നടന്ന്‌ 24 വര്‍ഷത്തിനു ശേഷമാണ്‌ കേസില്‍ വിധി പറയുന്നത്‌.

1993ലെ മുംബൈ തുടര്‍ സ്‌ഫോടന കേസില്‍ പിന്നീട്‌ വിചാരണ നടന്ന ഏഴുപേരുടേ കേസിലാണ്‌ പ്രത്യേക ടാഡ കോടതിയുടെ വിധി. 2003നും 2010നും ഇടയില്‍ അറസ്റ്റിലായവരാണ്‌ ഈ ഏഴുപേര്‍. ഇവരുടെ വിചാരണ പ്രത്യേകം നടത്തുകയായിരുന്നു.

 അബു സലിം, മുസ്‌തഫ ദോസ, ഫിറോസ്‌ അബ്ദുള്‍ റാഷിദ്‌ ഖാന്‍, താഹിര്‍ മര്‍ച്ചന്റ്‌, റിയാസ്‌ സിദ്ദിഖി, അബ്ദുല്ല ഖുയ്യാം ഷെയ്‌ക്ക്‌, കരിമുള്ള ഖാന്‍ എന്നിവരാണ്‌ ടാഡാ കോടതിയില്‍ വിചാരണ നേരിട്ടത്‌. ക്രിമിനില്‍ ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയത്‌. അബു സലിമിനെ 2005ല്‍ പോര്‍ച്ചുഗലില്‍നിന്നാണ്‌ ഇന്ത്യക്ക്‌ ലഭിക്കുന്നത്‌. മറ്റൊരു കേസില്‍ ജീവപര്യന്തം തടവ്‌ ശിക്ഷ അനുഭവിക്കുന്ന അബു സലിം ഇപ്പോള്‍ റായ്‌ഗഡിലെ തലോര സെന്‍ട്രല്‍ ജയിലിലാണ്‌.

1993 മാര്‍ച്ച്‌ 12നാണ്‌ മുംബെ നഗരത്തിലെ 13 ഇടങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടാകുന്നത്‌. സംഭവത്തില്‍ 257 പേര്‍ കൊല്ലപ്പെട്ടു. 713 പേര്‍ക്ക്‌ ഗുരുതരമായ പരുക്കേറ്റു. ദാവൂദ്‌ ഇ്‌ബ്രാഹിം, ടൈഗര്‍ മേമന്‍, അയൂബ്‌ മേമന്‍ എന്നിവരാണ്‌ സ്‌ഫോടനത്തിന്‌ പിന്നിലെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ടൈഗര്‍ മേമനും അയൂബ്‌ മേമനും ഇപ്പോഴും വിചാരണ നടപടി നേരിട്ടിട്ടില്ല. കുറ്റവാളിയായി കണ്ടെത്തിയ യാക്കൂബ്‌ മേമനെ 2015 ജൂലൈ 30ന്‌ നാഗ്‌പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക