Image

മാര്‍ കുര്യാക്കോസ് കുന്നശേരി ക്രിസ്തീയ കൂട്ടായ്മയുടെയും മതസൗഹാര്‍ദത്തിന്റെയും പ്രവാചകന്‍: കെ.സി.ബി.സി.

Published on 16 June, 2017
മാര്‍ കുര്യാക്കോസ് കുന്നശേരി  ക്രിസ്തീയ കൂട്ടായ്മയുടെയും മതസൗഹാര്‍ദത്തിന്റെയും പ്രവാചകന്‍: കെ.സി.ബി.സി.
കാലം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി ക്രിസ്തീയ കൂട്ടായ്മയുടെയും മതസൗഹാര്‍ദത്തിന്റെയും പ്രവാചകനായിരുന്നെന്നു കെ.സി.ബി.സി. അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എല്ലാ മതങ്ങളിലെയും സത്യവും നന്മയും കണ്ടെത്തുന്നതിനും അതിന്റെ വെളിച്ചത്തില്‍ സാമൂഹ്യബന്ധങ്ങളെ ശോഭയുള്ളതാക്കുന്നതിനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു.

എല്ലാ മതങ്ങളുടെയും സമുദായങ്ങളുടെയും തനിമയും വ്യക്തിത്വവും സംരക്ഷിച്ചു കൂട്ടായ്മയില്‍ ജീവിക്കുന്നതിലാണു സമൂഹത്തിന്റെ സുസ്ഥിതി കുടികൊള്ളുന്നതെന്ന് അദ്ദേഹം വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

ഭാരതത്തിലെ കത്തോലിക്കാ സഭയുടെ മതാന്തര ബന്ധങ്ങളെ നിര്‍ണയിക്കുന്ന ദൈവശാസ്ത്ര കാഴ്ച്ചപ്പാടുകളെ രൂപീകരിക്കുന്നതില്‍ അദ്ദേഹം കാര്യക്ഷമമായ നേതൃത്വം നല്കി.

കേരളത്തിലെ സഭകളുടെ കൂട്ടായ്മ വളര്‍ത്തുന്നതിനും അതിനെ ആഗോള കൂട്ടായ്മയുടെ ഒരു മാതൃകയായി വളര്‍ത്തിയെടുക്കുന്നതിനും അദ്ദേഹം നല്കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്നും കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ചബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആത്മീയ നേതാവായിരുന്നു കാലം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മാര്‍ കുന്നശേരിയുടെ ആത്മീയനേതൃത്വത്തിന്റെ ഫലമായാണ് അതിരൂപതയിലെ അജപാലന പ്രവര്‍ത്തനങ്ങളുടെ നവീകരണവും സന്യാസപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും സാധ്യമായത്.

മാര്‍ കുന്നശേരി നല്‍കിയ സംഭാവനകള്‍ ക്‌നാനായ കത്തോലിക്കാസമൂഹത്തെ ആഗോള വ്യാപകമായി ഔന്നത്യത്തിലെത്തിച്ചു.  ക്‌നാനായ സമൂഹത്തിനു കുലപതിയും കത്തോലിക്കാസഭയ്ക്ക് പ്രഗല്ഭനായ കാര്യദര്‍ശിയുമായിരുന്ന ആര്‍ച്ച്ബിഷപ്പ് മാര്‍ കുന്നശേരിയുടെ വേര്‍പാടില്‍ സീറോ മലബാര്‍ സഭയുടെ ദുഃഖവും അനുശോചനവും അറിയിക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.

 ദിവംഗതനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെത്രപ്പോലിത്ത ദൈവചൈതന്യം നിറഞ്ഞ് കര്‍മ്മ നിരതനായ ഇടയശ്രേഷ്ഠനായിരുന്നുവെന്ന് കോട്ടയം അതിരൂപത മെത്രപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ദൈവ വിശ്വാസത്തില്‍ അടിയുറച്ച് സഭയെയും സമുദായത്തെയും വളര്‍ത്തുന്നതില്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി സവിശേഷ ശ്രദ്ധ പുലര്‍ത്തിയുരുന്നുവെന്നും നല്‍പ്പത്തിയൊമ്പത് വര്‍ഷത്തെ മേല്‍പ്പട്ട ശുശ്രൂഷയില്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്കും സഭാ സമുഹത്തിന്റെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്ക്കും പിതാവ് അക്ഷീണം പരിശ്രമിച്ചു.

 വിദ്യാഭ്യാസ ആതുര സമൂഹ്യ സേവന രംഗത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി. 

 സഭയെയും സമുദായത്തെയും ദൈവാശ്രയ ബോധത്തില്‍ വളര്‍ത്തുന്നതിലും പരിപാലിക്കുന്നതിലും മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവ് നല്‍കിയ ശുശ്രൂഷകള്‍ ഉദാത്തമാണെന്നു കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. സേവന മേഖലകളില്‍ കാലോചിതമായ കാഴ്ചപ്പാടുമായി സദാ കര്‍മ്മനിരതനായിരുന്നു പിതാവ്. 

അപാരമായിരുന്നു അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം.
പാവപ്പെട്ടവരോടും വേദനിക്കുന്നവരോടും കരുണയും കരുതലും പിതാവിനുണ്ടായിരുന്നു. അതിരൂപതയുടെ സ്ഥാപനങ്ങളുടെ സേവനം നാനാജാതി മതസ്ഥര്‍ക്ക് ലഭ്യമാകണമെന്ന് പിതാവ് ആഗ്രഹിച്ചു.  മലബാറിലെ കുടിയേറ്റ വിശ്വാസികളോട് അദ്ദേഹം കാണിച്ച സ്‌നേഹവും സഹായവും തലമുറകളുടെ മനസില്‍നിന്നു മായില്ലെന്നും മാര്‍ പണ്ടാരശ്ശേരില്‍ അനുസ്മരിച്ചു.

 മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ വിയോഗം സഭയ്ക്കു പൊതുവെയും സീറോ മലബാര്‍ സഭയ്ക്കും ക്‌നാനായ സമുദായത്തിനും പ്രത്യേകിച്ചും തീരാനഷ്ടമാണെന്നു സി.ബി.സി.ഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാത്തോലിക്കാ ബാവ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

പൗരസ്ത്യ കാനന്‍ നിയമത്തില്‍ പാണ്ഡിത്യമുള്ള അഭിവന്ദ്യ പിതാവ് സീറോ മലബാര്‍ സഭയുടെ കാനോനിക വ്യക്തിത്വം സംരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സി.ബി.സി.ഐയുടെ എക്യുമെനിക്കല്‍ കമ്മീഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ സഭൈക്യ രംഗത്ത് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി.

മലങ്കര കത്തോലിക്കാസഭയുമായി ക്‌നാനായ സമുദായത്തിനും പ്രത്യേകിച്ച് അഭിവന്ദ്യ കുന്നശേരി പിതാവിനുമുള്ള ദീര്‍ഘകാലത്തെ ബന്ധം ബാവ അനുസ്മരിച്ചു. ഒരു സഹായമെത്രാനായി നിയമിതനായ കാലം മുതല്‍ അദ്ദേഹം തന്നോടു കാട്ടിയ വ്യക്തിപരമായ വാത്സല്യവും ബന്ധവും ബാവ സന്ദേശത്തില്‍ എടുത്തു പറഞ്ഞു.


ക്‌നാനായ സമുദായത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ സഭകള്‍ തമ്മിലുള്ള സഹകരണം വളര്‍ത്തുന്നതിന് സജീവ നേതൃത്വം നല്കിയ ആത്മീയ പിതാവായിരുന്നു ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അനുസ്മരിച്ചു.

 ദീര്‍ഘകാലം സഭയെ ശുശ്രൂഷിച്ച കുന്നശേരിപ്പിതാവ് സീറോ മലബാര്‍ സഭയുടെ നാനാമുഖവളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനം വഹിച്ചതോടൊപ്പം കോട്ടയം അതിരൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ക്‌നാനായ കത്തോലിക്കാ സമുദായത്തിന്റെ അനിഷേധ്യ നേതാവും സമുദായം ഇന്നാര്‍ജ്ജിച്ചിരിക്കുന്ന പുരോഗതിയുടെ ശില്പിയുമായിരുന്നുവെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സഭാനിയമപണ്ഡിതനായിരുന്ന കുന്നശേരിപ്പിതാവ് സീറോ മലബാര്‍ സഭയുടെ നിയമവ്യവസ്ഥയും സഭാഘടനയും രൂപപ്പെടുത്തുന്നതില്‍ വിലപ്പെട്ട സംഭാവന നല്‍കിയിട്ടുണ്ട്.

സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും ക്‌നാനായ കത്തോലിക്കാ സഭയുടെ തനിമയും കാത്തു സൂക്ഷിക്കാന്‍ പരിശ്രമിച്ച കര്‍മനിരതനായ ശ്രേഷ്ഠാചാര്യനായിരുന്നു മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ഹൃദ്യമായ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും എക്കുമെനിക്കല്‍ രംഗത്തും വിദ്യാഭ്യാസ മേഖലകളിലും, സ്വന്തം സമുദായത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയിലും പിതാവ് നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്. അരനുറ്റാണ്ടോളം അഭിവന്ദ്യ പിതാവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനായത് ഭാഗ്യമായി കരുതുന്നു.

ക്‌നാനായ സമുദായത്തിന്റെയും ആഗോള കത്തോലിക്കാസഭയുടെയും വളര്‍ച്ചയില്‍ മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവ് നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. വിവിധ സാഹചര്യങ്ങളില്‍ ധീരവും ശക്തവുമായ നിലപാടുകളായിരുന്നു പിതാവിന്റേത്. നാലു പതിറ്റാണ്ടോളം മെത്രാന്‍പദവിയിലിരുന്നതിനാല്‍ വിവിധ തലമുറകളുമായി ഇടപെടാനും എല്ലാവരോടും ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

അജപാല ശുശ്രൂഷയിലെ വിശാലമായ കടലില്‍ ന്യൂതനമായ കപ്പല്‍ ചാലുകള്‍ കീറിയ ശ്രേഷ്ഠ ആചാര്യനായിരുന്നു മാര്‍ കുര്യാക്കോസ് കുന്നശേരിയെന്ന് പാലാ ബിഷപ് മാര്‍ ജോസപ് കല്ലറങ്ങാട്ട്. സുറിയാനി ഉള്‍പ്പെടെ പല ഭാഷകളും കുന്നശേരി പിതാവിന് നല്ലവണ്ണം വഴങ്ങി. സുറിയാനി സംസ്‌ക്കാരത്തിന്റെ ആത്മീയധാരകള്‍ വറ്റിപോകരുതെന്ന് ഹൃദയത്തില്‍ ആഗ്രഹിച്ച പിതാവിന് ക്‌നാനായ പാരമ്പര്യം ജീവിശ്വാസം പോലെയായിരുന്നു. തളരാത്ത ഇച്ഛാശക്തിയുടെ ഉടമായായിരുന്നു പിതാവ്. 

 സീറോ മലബാര്‍ സഭയുടെ സ്വത്വ സംരക്ഷണത്തിലും നിര്‍ണ്ണായക പങ്കു വഹിച്ചു. നിയമത്തിന്റെ കാര്‍ക്കശ്യവും കരുണയുടെ ആര്‍ദ്രതയും അദ്ദേഹത്തില്‍ ഒരേ സമയം പ്രകടമായിരുന്നുവെന്നും മാര്‍ കല്ലറങ്ങാട്ട് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കത്തോലിക്കാ സഭയുടെ കരുത്തനായ നേതാവിനെയാണ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് വിജയപുരം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍. എക്കാലവും വിജയപുരം രൂപതയുടെ ഉത്തമസുഹൃത്തും എല്ലാ കാര്യങ്ങളിലും വഴികാട്ടിയുമായിരുന്നു അദ്ദേഹം.

കത്തോലിക്കാ സഭയുടെ വിവിധ ശുശ്രൂഷ മേഖലകളില്‍ പ്രത്യേകിച്ച് ആതുരശുശ്രൂഷ രംഗത്തും എക്യുമെനിക്കല്‍ സഭ ഐക്യാപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും ഏറെ പ്രയത്‌നിച്ച ബിഷപായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയെന്നു കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍. സഭയുടെ സമഗ്ര വളര്‍ച്ചയ്ക്കുവേണ്ടി നിസ്തുലമായ പങ്ക് മാര്‍ കുന്നശേരി വഹിച്ചിരുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

ജോസ് കെ. മാണി എം.പി
ക്‌നാനായ സമൂഹത്തിന് ആഗോളതലത്തില്‍ ഇന്നുള്ള സ്വാധീനവും അംഗീകാരവും നേടിക്കൊടുത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ച മഹാശക്തിയായിരുന്നു മാര്‍ കുര്യാക്കോസ് കുന്നശേരിയെന്നു ജോസ് കെ. മാണി എം.പി. അനുസ്മരിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, എ.കെ.സി.സി. കോട്ടയം അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സുരേഷ് കുറുപ്പ് എം.എല്‍.എ, ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക