Image

മുഷറഫിനെ അറസ്റ്റുചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി

Published on 01 March, 2012
മുഷറഫിനെ അറസ്റ്റുചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി
ഇസ്‌ലാമാബാദ്: മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിനെ അറസ്റ്റു ചെയ്യാന്‍ പാകിസ്താന്‍ ഭരണകൂടം ഇന്റര്‍പോളിന്റെ സഹായം തേടി. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസിലാണ് അധികൃതര്‍ മുഷറഫിനെ അറസ്റ്റു ചെയ്യാന്‍ ഒരുങ്ങുന്നത്. മുഷറഫിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരെ സമീപിച്ചുവെന്ന് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.

2008 ആഗസ്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച മുഷറഫ് ബ്രിട്ടനിലും യു.എ.ഇയിലുമായി താമസിക്കുകയാണ്. മുഷറഫിനെ നാട്ടിലെത്തിച്ചശേഷം ബേനസീര്‍ ഭൂട്ടോ വധക്കേസിലെ വിചാരണ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച കരാര്‍ ഇല്ലാത്തതിനാല്‍ ബ്രിട്ടന്‍ മുഷറഫിനെ പാകിസ്താനിലേക്ക് തിരിച്ചയക്കാന്‍ സാധ്യതയില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.


എന്നാല്‍ ബേനസീര്‍ ഭൂട്ടോയുടെ വധത്തില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം മുഷറഫ് തള്ളി. രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ ചുമതല പ്രാദേശിക ഭരണകൂടത്തിനാണ്. അത് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവാദിത്വമല്ലന്നും ബേനസീറിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്നത് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാക്കളായിരുന്നുവെന്നുമാണ മുഷറഫിന്റെ നിലപാട്.


കറാച്ചിയില്‍ 2007ലുണ്ടായ രാഷ്ട്രീയകലാപവുമായി ബന്ധപ്പെട്ട് മുഷറഫിനോട് കോടതിയില്‍ നേരിട്ടുഹാജരാകാന്‍ സിന്ധ് ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക