Image

മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് ബാഷ്‌പാഞ്‌ജലി

Published on 17 June, 2017
മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് ബാഷ്‌പാഞ്‌ജലി
കോട്ടയം: മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് കേരള സഭ വിട നല്‍കി. ലക്ഷകണക്കിന് ക്‌നാനായ മക്കളുടെ മനസുകളില്‍ എന്നും മായാത്ത ഓര്‍മ്മകള്‍ നല്‍കി കടന്നു പോയ ആ വത്സല പിതാവിന്റെ സംസ്‌ക്കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു.

മാര്‍ മാത്യു മൂലക്കാട്ട് ദിവ്യബലിക്ക് മുഖ്യകാര്‍മികനായിരുന്നു. മാര്‍ ജേക്കബ് തൂങ്കുഴി, ഡോ. സൂസൈപാക്യം മെത്രാപ്പോലീത്ത , മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മാര്‍ മാത്യു മൂലകാട്ട് ആ കര്‍മ്മയോഗിക്ക് ക്‌നാനായ മക്കളുടെ അന്ത്യ ചുംബനം ന്‍ല്‍കി. മെത്രാന്മാരും വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി.

തൃശ്ശൂര്‍ അതിരൂപത മുന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജേക്കബ്ബ് തൂങ്കുഴി വചനസന്ദേശം നല്‍കി. കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം അനുസ്മരണ സന്ദേശം നല്‍കി. സാമൂഹ്യ പ്രതിബദ്ധതയോടെ കര്‍മ്മനിരതനായ ആത്മീയാചര്യനായിരുന്നു അഭിവന്ദ്യകുന്നശ്ശേരി പിതാവെന്ന് അദ്ദേഹം പറഞ്ഞു.

സമാപന ശുശ്രൂഷയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. സീറോ മലബാര്‍ സഭയിലെ അഗ്രഗണ്യനായ വൈദിക മേലദ്ധ്യക്ഷന്റെ വേര്‍പാട് സഭയ്ക്ക് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

അഭിവന്ദ്യ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള വത്തിക്കാനില്‍ നിന്നുള്ള സന്ദേശം ഫാ. സെബാസ്റ്റ്യന്‍ വാണിയംപുരയ്ക്കലും റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധിപന്റെ സന്ദേശം അതിരൂപത ചാന്‍സിലര്‍ ഫാ. തോമസ് കോട്ടൂരും ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയുടെ സന്ദേശം ഫാ. ജോണ്‍ ചേന്നാക്കുഴിയും വായിച്ചു.

നഗരി കാണിക്കലിനെ തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌ക്കരിച്ചു.

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തിന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ജോസ് കെ മാണി എം.പി, ജോയി എബ്രാഹം എം.പി, ആന്റോ ആന്റണി എം.പി, ജോയിസ് ജോര്‍ജ്ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, സുരേഷ് കുറുപ്പ് എം.എല്‍.എ, പി.സി. ജോര്‍ജ്ജ് എം.എല്‍.എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.കെ ആശ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ആര്‍ച്ചുബിഷപ്പ് സിവേറിയോസ് മാര്‍ കുര്യാക്കോസ്, ആര്‍ച്ചുബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഗ്രേഗോറിയോസ് മാര്‍ കുര്യാക്കോസ്, ഇവാനിയോസ് മാര്‍ കുര്യാക്കോസ്, ബസേലിയോസ് മാര്‍ പൗലോസ് ദ്വിതീയന്‍ മെത്രാപ്പോലീത്ത, മാര്‍ ജെയിംസ് തോപ്പില്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, റവ. ഡോ. സ്റ്റാന്‍ലി റോമന്‍, ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ്, മാര്‍ തോമസ് മേനാംപറമ്പില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് ഇര്‍നേവൂസ്, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ് പുളിക്കല്‍, കോട്ടയം ജില്ലാ കളക്ടര്‍ സി.എസ് ലത ഐ.എ.എസ്, ജസ്റ്റീസ് സിറിയക് ജോസഫ്, കെ.എം.മാണി, അനൂപ് ജേക്കബ്ബ്, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ഐ.പി.എസ് തുടങ്ങി മത, സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ വേര്‍പാടിലുള്ള അനുശോചനമായി അതിരൂപതയില്‍ ഏഴ് ദിവസം ദുഃഖാചരണമായിരിക്കുമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. 

കടപ്പാട്: അപ്നാ ദേശ്‌ 
മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് ബാഷ്‌പാഞ്‌ജലി
മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് ബാഷ്‌പാഞ്‌ജലി
മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് ബാഷ്‌പാഞ്‌ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക