Image

പുതുവൈപ്പ്‌: പൊലീസ്‌ മര്‍ദനത്തില്‍ പ്രതിഷേധിച്ച്‌ വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍, സമരക്കാരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി

Published on 18 June, 2017
പുതുവൈപ്പ്‌:  പൊലീസ്‌ മര്‍ദനത്തില്‍ പ്രതിഷേധിച്ച്‌ വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍, സമരക്കാരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി



എറണാകുളം പുതുവൈപ്പിനില്‍ സമരക്കാരെ പൊലീസ്‌ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച്‌ വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സമരസമിതിയും കോണ്‍ഗ്രസുമാണ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്‌. പൊലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജ്‌ അതിക്രൂരമാണെന്നും സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്നും വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു.

അതേസമയം 124 ദിവസമായി തുടരുന്ന സമരത്തില്‍ മുഖ്യമന്ത്രി ഇടപെടും എന്നും ഇന്ന്‌ അറിയിച്ചിട്ടുണ്ട്‌. മൂന്നുതവണ പൊലീസ്‌ നടത്തിയ അതിക്രൂരമായ ലാത്തിച്ചാര്‍ജുകള്‍ക്ക്‌ ശേഷമാണ്‌ മുഖ്യമന്ത്രി സമരസമിതിയുമായി കൂടിക്കാഴ്‌ച നടത്താന്‍ തയ്യാറാണെന്ന്‌ അറിയിക്കുന്നതും.

ബുധനാഴ്‌ചയാണ്‌ മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്‌. കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സമരക്കാരുമായി ചര്‍ച്ച നടത്തുകയും ഉറപ്പുകള്‍ നല്‍കുകയും ചെയ്‌തിരുന്നു. അതിലൊന്ന്‌ കൊച്ചി മെട്രൊ ഉദ്‌ഘാടനം ചെയ്യാന്‍ വരുന്ന ദിവസം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്നാണ്‌.

എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാലുവരെ നിര്‍ത്തിവെക്കാമെന്നും പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കാമെന്നുമായിരുന്നു മറ്റ്‌ ഉറപ്പുകള്‍.

എന്നാല്‍ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്നാണ്‌ ഇന്ന്‌ പ്രതിഷേധം ശക്തമാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക