തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനം ഒറ്റക്കെട്ടായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്?ട്രീയ പാര്‍ട്ടികളും തദ്ദേശസ്ഥാപന പ്രതിനിധികളും സാമൂഹിക സാംസ്കാരിക സന്നദ്ധസംഘടനകളും ക്ലബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി വാര്‍ത്തകുറിപ്പില്‍ അഭ്യര്‍ഥിച്ചു.
മാലിന്യനിര്‍മാര്‍ജനത്തിന് പൊതുജന സഹകരണത്തോടെ സര്‍ക്കാര്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. അതില്‍ പൂര്‍ണവിജയം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യമാണ് പകര്‍ച്ചപ്പനി വ്യാപിക്കാന്‍ ഇടയാക്കുന്നത്. മാലിന്യനിര്‍മാര്‍ജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളില്‍ പനി വ്യാപിക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പനി വ്യാപിക്കുന്നത് തടയാനും രോഗംബാധിച്ചവര്‍ക്ക് അടിയന്തരചികിത്സ ലഭ്യമാക്കാനും സാധ്യമായ എല്ലാനടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മാലിന്യനിര്‍മാര്‍ജനം പൂര്‍ണമാക്കുകയും ശുചീകരണത്തില്‍ ശ്രദ്ധിക്കുകയും ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികളെ അകറ്റി നിര്‍ത്താന്‍ കഴിയില്ല. വ്യക്തിശുചിത്വം മാത്രം പോര, വീടും പരിസരവും പൊതുസ്ഥലങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ ഓരോവ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ജനങ്ങളാകെ ഒറ്റമനസ്സോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.