Image

വിമാനത്തില്‍ ജനിച്ച മലയാളി കുഞ്ഞിന്‌ ജെറ്റ്‌ എയര്‍വേസിന്റെ ആജീവനാന്ത സൗജന്യ യാത്ര

Published on 18 June, 2017
വിമാനത്തില്‍ ജനിച്ച മലയാളി കുഞ്ഞിന്‌ ജെറ്റ്‌ എയര്‍വേസിന്റെ  ആജീവനാന്ത  സൗജന്യ യാത്ര



ന്യൂദല്‍ഹി: വിമാനയാത്രക്കിടെ ജന്മം നല്‍കിയ മലയാളി കുഞ്ഞിന്‌ ആജീവനാന്ത സൗജന്യ യാത്ര പ്രഖ്യാപിച്ച്‌ ജെറ്റ്‌ എയര്‍വേസ്‌.

സൗദിയിലെ ദമാമില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ്‌ മലയാളി യുവതി വിമാനത്തിനുള്ളില്‍ പ്രസവിച്ചത്‌.കൊച്ചിയിലേക്കുള്ള യാത്രക്കിടെ 35000 അടി ഉയരത്തില്‍വെച്ചായിരുന്നു കുഞ്ഞിനെ പ്രസവിച്ചത്‌. ജെറ്റ്‌ എയര്‍വേസിന്റെ 9ണ 569 വിമാനത്തിലായിരുന്നു ഈ അപൂര്‍വ ജനനം.

ആകാശമധ്യേ പിറന്നുവീണ കുഞ്ഞിനെയും അമ്മയെയും മുംബൈയില്‍ ഇറക്കിയ ശേഷം ഹോളി സ്‌പിരിറ്റ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.

യാത്രക്കിടെ പ്രസവവേദന കലശലായതിനെ ത്തുടര്‍ന്ന്‌ ഇക്കണോമി ക്ലാസിലായിരുന്ന യുവതിയെ ഫസ്റ്റ്‌ ക്‌ളാസിലേക്ക്‌ മാറ്റി.

വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല. യാത്രക്കാരിയായി ഒരു നഴ്‌സായിരുന്നു യുവതിക്ക്‌ പ്രസവിക്കാനുള്ള സഹായം നല്‍കിയത്‌. മറ്റു വിമാന ജീവനക്കാരും യുവതിയുടെ സഹായത്തിനായി എത്തി.

തുടര്‍ന്ന്‌ വിമാനം അടിയന്തരമായി മുംബൈയിലേക്ക്‌ തിരിച്ചുവിടുകയായിരുന്നു. ജനനം സംഭവിച്ച്‌ ഒന്നര മണിക്കൂറിനു ശേഷമാണ്‌ വിമാനം മുംബൈ വിമാനത്താവളത്തിലിറങ്ങിയത്‌.

തുടര്‍ന്ന്‌ ആംബുലന്‍സില്‍ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക