Image

ജ.പ്രഭുല്ലചന്ദ്ര നട് വര്‍ലാല്‍ ഭഗവതി-1921-2017 (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 19 June, 2017
ജ.പ്രഭുല്ലചന്ദ്ര നട് വര്‍ലാല്‍ ഭഗവതി-1921-2017 (ഡല്‍ഹികത്ത് : പി.വി.തോമസ്)
ജസ്റ്റീസ് പി.എന്‍. ഭഗവതി എന്ന പ്രഭുല്ലചന്ദ്ര നട് വര്‍ലാല്‍ ഭഗവതിയുടെ നിര്യാണം(ജൂണ്‍ 15) ഇന്‍ഡ്യന്‍ ജൂഡീഷറിയുടെ സംഭവബഹുലമായ ഒരു അദ്ധ്യായത്തിന്റെ അവസാനം ആയിരുന്നു. അരനൂറ്റാണ്ടുകള്‍ മുമ്പ് ഇന്‍ഡ്യന്‍ നീതിന്യായവ്യവസ്ഥ സാമ്രാജിത്വത്തിന്റെയും ഫ്യൂഡലിസത്തിന്റെയും ആലസ്യത്തില്‍ ആയിരുന്നപ്പോള്‍ അതിനെ ജനകീയം ആക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ച ഒരു ന്യായാധിപന്‍ ആയിരുന്നു ജസ്റ്റീസ് ഭഗവതി. പൊതു താല്‍പര്യ വ്യവഹാരവും, ജുഡീഷ്യല്‍ ആക്ടിവിസവും, മനുഷ്യാവകാശ സംരക്ഷണവും, അന്തസോടെ ജീവിക്കുവാനുള്ള ജന്മാവകാശവും എല്ലാ ജസ്റ്റീസ് ഭഗവതിയുടെ യുദ്ധമേഖലകള്‍ ആയിരുന്നു. സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹത്തിനു വന്ന ഒരു പിഴവ് ഇന്നും ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഒരു തീരാകളങ്കം ആയി നിലകൊള്ളുന്നു.

കോടതികള്‍ സാധാരണക്കാരന് കടന്നുചെല്ലുവാനാകാത്ത ബാലികേറാമലയായി നിലകൊള്ളുന്നകാലം ആയിരുന്നു 1970 കള്‍ വരെ. അവിടെനിന്നും അല്പം നീതി ലഭിക്കണമെങ്കില്‍ ചിലവാക്കേണ്ട പണവും, സമയവും, അതിന്റെ മര്യാദക്രമങ്ങളും വളരെ ദുസഹം ആയിരുന്നു സാധാരണക്കാര്‍ക്ക്. അതുകൊണ്ട് നിവര്‍ത്തിയുണ്ടെങ്കില്‍ ഇങ്ങനെയുള്ളവര്‍ കോടതിയെ സമീപിക്കുകയില്ലായിരുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍ ആണ് ജസ്റ്റീസ് ഭഗവതി പൊതുതാല്പര്യ വ്യവഹാരം അഥവാ പോസ്റ്റ് കാര്‍ഡ് ലിറ്റിഗേഷന്‍ എന്ന ഒരു സമ്പ്രദായം കൊണ്ടുവന്നത്. പരാതിക്കാരനോ മറ്റാരുമെങ്കിലോ സുപ്രീം കോടതിയിലേക്ക് ഒരു പോസ്റ്റ് കാര്‍ഡില്‍ പ്രശ്‌നം എഴുതി അയച്ചാല്‍ അത് പരാതി ആയി അംഗീകരിച്ച് വ്യവഹാരം നടത്തുമെന്ന് ജസ്റ്റീസ് ഭഗവതി പ്രഖ്യാപിച്ചു. ആചാര മര്യാദകളുടെ നൂലാമാലയില്‍ കുരുങ്ങികിടന്നിരുന്ന ഇന്‍ഡ്യന്‍ നീതിന്യായവ്യവസ്ഥയില്‍ ഒരു വിപ്ലവം ആയിരുന്നു അത്. പരാതിക്കാരനുമാത്രം അല്ല മറ്റ് സാമൂഹ്യ, മനുഷ്യവകാശം സംഘടനകള്‍ക്കും ഈ വ്യവഹാരം ഉന്നയിക്കാം അതില്‍ പങ്കുചേരാം എന്ന ലോക്കബ് സ്റ്റാന്റെ വ്യവസ്ഥയുടെ വ്യാപ്തിയും അദ്ദേഹം വര്‍ദ്ധിപ്പിച്ചു. നിയമവ്യവസ്ഥയുടെ പുറത്തുനില്‍ക്കുവാന്‍ നിര്‍ബ്ബന്ധിതരായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒട്ടേറെപേരെ ഇത് സഹായിച്ചു. കോടതികളില്‍, പ്രത്യേകിച്ചും സുപ്രീം കോടതിയില്‍, കേസുകളുടെ ഒരു മലവെള്ളപാച്ചില്‍ തന്നെ ഉണ്ടായി. അശരണരും സാധാരണക്കാരുടെ ശബ്ദം സുപ്രീം കോടതി വരെ എത്തി. അനീതിക്ക് വിധിക്കപ്പെട്ട, അര്‍ത്ഥവത്തായ ജീവിതം നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കുവാന്‍ തുടങ്ങി. ഇതിനെല്ലാം തുടക്കം കുറിച്ച് അതിന് ജീവനും ആത്മാവും നല്‍കിയത് ജസ്റ്റീസ് ഭഗവതി ആയിരുന്നു.

പൊതുവ്യവഹാരം മാത്രം അല്ല സൗജന്യനിയമസഹായവും ജസ്റ്റീസ് ഭഗവതിയുടെ ജനപക്ഷനീതി നിര്‍വ്വഹണത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നു. സാമ്പത്തീകശേഷി ഇല്ലാത്തവര്‍ക്കും അക്ഷരാഭ്യാസം ഇല്ലാത്തവര്‍ക്കും സൗജന്യമായി നിയമസഹായം നല്‍കുവാനുള്ള ഒരു ദേശീയ ശൃംഖലതന്നെ അദ്ദേഹം കോര്‍ത്തെടുത്തു. ഇങ്ങനെയുള്ള ഒരു സൗജന്യനിയമസഹായക്യാമ്പില്‍ വച്ചാണ് ജസ്റ്റീസ് ഭഗവതിയെ ഞാന്‍ ആദ്യമായി കണ്ടത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍. ദെറാഡൂണ്‍ ജില്ലയിലെ(ഇപ്പോള്‍ ഉത്തരാഖണ്ഡ്, അന്ന് ഉത്തര്‍പ്രദേശ്) ചക്രത്താതഹസിയിലെ ജോണ്‍സാര്‍ ബാവരികള്‍ എന്ന ഗ്രോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ വച്ച്. ചക്രാത്ത ഒരു ഹിമാലയന്‍ പ്രവിശ്യയാണ് മനോഹരമായ ഒരു പര്‍വ്വതപ്രദേശം ആണ്. പക്ഷേ, ജനങ്ങള്‍ പട്ടിണിക്കാരും നിരക്ഷരും ആണ്. ഒട്ടേറെ പ്രാചീനമായ ആചാരാനുഷ്ഠാനങ്ങള്‍ ആണ് അവരുടെ ജീവിതമന്ത്രം. നിയമമോ ഭരണഘടനയോ ഒന്നും എന്തെന്ന് ഇവര്‍ക്ക് അറിയില്ല. അവരുടെ ഇടയിലേക്ക് ആണ് ജസ്റ്റീസ് ഭഗവതി ഇന്‍ഡ്യന്‍ ജൂറിസ്പുടന്‍സിന്റെ വേദോച്ചാരണവുമായി കടന്നുചെന്നത്. പഴയ ഒരു ബ്രിട്ടീഷ് കന്റോണ്‍മെന്റ് പ്രദേശമായ ഇവിടെ സുഖവാസത്തിന് അല്ലാതെ നിയമ സഹായത്തിനായി ആദ്യം എത്തുന്ന സുപ്രീം കോടതി ജഡ്ജിയും ആയിരുന്നിരിക്കും ജസ്റ്റീസ് ഭഗവതി!

ഇതേ ഗോത്രവര്‍ഗ്ഗപ്രദേശത്തുതന്നെ നിലവിലുണ്ടായിരുന്ന അടിമവേലയും നിര്‍ത്തലാക്കുന്നതില്‍ ജസ്റ്റീസ് ഭഗവതി സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. തലമുറകളോളം മേലാളന്മാര്‍ക്ക് തുച്ഛമായ വായ്പകടത്തിന്റെ പേരില്‍ അടിമവേലയെടുക്കേണ്ടി വന്നിരുന്ന ഗോത്രവര്‍ഗ്ഗക്കാരെയാണ് അദ്ദേഹം നിയമത്തിലൂടെ രക്ഷിച്ചത്. മലകളുടെ റാണി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഹിമാലയന്‍ സുഖവാസകേന്ദ്രമായ മസൂറിയെ (ഉത്തരാഖണ്ഡ്) ലൈം സ്റ്റോണ്‍ ഖനനകമ്പനികള്‍ ഇടിച്ച് നിരത്തി വികൃതമാക്കി പരിസ്ഥിതി അസന്തുലാവസ്ഥ സൃഷ്ടിക്കുന്നതും നോക്കിനില്‍ക്കുവാന്‍ ജസ്റ്റീസ് ഭഗവതിക്ക് സഹിച്ചില്ല. 60 വന്‍ മൈനുകള്‍ ആണ് അദ്ദേഹം ഒരു പരാതിയിന്മേല്‍ അടച്ച് പൂട്ടിച്ചത്.
ജുഡീഷ്യല്‍ ആക്ടിവിസം ഇന്ന് സുപരിചിതമായ ഒരു പദം ആണെങ്കിലും അടിയന്തിരാവസ്ഥ കാലത്തും അതിന് ശേഷമുള്ള 80 കളിലും തൊണ്ണൂറുകളിലും അത് അത്ര സാധാരണമായ ഒരു പദപ്രയോഗം ആയിരുന്നില്ല. അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധി ജുഡീഷറിയുടെ വായടച്ചു. ജസ്റ്റീസ് ഭഗവതിയും അതിന്റെ ഒരു ഇരയായിരുന്നു. അതിലേക്ക് പിന്നീട് വരാം. അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോള്‍(1975-77) ഇന്‍ഡ്യയില്‍ ആകെമാനം ഒരു രാഷ്ട്രീയ ഉണര്‍വ്വ് ഉണ്ടായി. അത് ജുഡീഷറിയിലും ഉണ്ടായി. ജസ്റ്റീസ് ഭഗവതി നയിച്ച ജഡ്ജിമാര്‍ ഭരണാധികാരികളെ ചോദ്യം ചെയ്യുവാനും ഭരണഘടനയെ സധൈര്യം സംരക്ഷിക്കുവാനും മുമ്പോട്ടു വന്നു. ഇവരെ ജുഡീഷ്യല്‍ ആക്ടിവിസ്റ്റുകള്‍ എന്നു വിളിച്ചു. ഇവര്‍ പറഞ്ഞു പഴകിയ കാര്യങ്ങള്‍ ആവര്‍ത്തിക്കുവാനോ നടന്നു പഴകിയ വഴിയിലൂടെ കണ്ണും കെട്ടി നടക്കുവാനോ തയ്യാറായില്ല. അവര്‍ ഭരണഘടനയെ ജനപക്ഷത്ത് നിന്നുകൊണ്ട് വ്യാഖ്യാനിക്കുവാന്‍ തുടങ്ങി. എക്‌സിക്യൂട്ടീവിനും ലെജിസ്ലേച്ചറിനും ഒപ്പം ജുഡീഷറിക്കും തനതായ ഒരു പങ്ക് ജനാധിപത്യവ്യവസ്ഥയില്‍ ഉണ്ടെന്ന് ജസ്റ്റീസ് ഭഗവതിയും മറ്റ് ആക്ടിവിസ്റ്റ് ജഡ്ജിമാരും അവരുടെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ചു പറഞ്ഞു. ജൂഡീഷ്യല്‍ ആക്ടിവിസത്തെയും പൊതുതാല്‍പര്യവ്യവഹാരത്തെയും ഭരണാധികാരികള്‍ എതിര്‍ത്തു. അടിയന്തിരാവസ്ഥയുടെ ഒരു ഇര ആയിരുന്നിട്ടു കൂടി പ്രധാനമന്ത്രി  ഇന്തര്‍കുമാര്‍ ഗുജറാള്‍ 1997-ല്‍ ഇതിനെതിരെ പ്രസ്താവന നടത്തി. ജുഡീഷ്യല്‍ ആക്ടീവിസവും പൊതുതാല്‍പര്യ വ്യവഹാരവും കൈവിട്ടുപോയോ എന്ന വിഷയത്തില്‍ ഒരു ദേശീയസംവാദം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. പൊതുതാല്‍പര്യവ്യവഹാരങ്ങള്‍ പാവങ്ങളുടെ നിയമപ്രശ്‌നങ്ങള്‍ തീര്‍ത്തില്ല. പക്ഷേ, അത് നല്ല ഒരു തുടക്കം ആയിരുന്നു. ജസ്റ്റീസ് ഭഗവതിക്ക് അഭിമാനിക്കാം. ജുഡീഷ്യല്‍ ആക്ടിവിസം ഇന്നും തുടരുന്നു. അതിന്റെ പ്രസക്തി വര്‍ദ്ധിച്ച് വരുന്നതേയുള്ളൂ. കാരണം, കോടതിയുടെ ഇടപെടല്‍ ഇല്ലെങ്കില്‍ ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുകയില്ലെന്ന അവസ്ഥ വന്നിരിക്കുന്നു. യു.പി.എ. ഭരണത്തില്‍(ഒന്നും രണ്ടും) ഈ അവസ്ഥ ഏറെ ആയിരുന്നു. എന്‍.ഡി.എ. ഭരണത്തില്‍ അനാവശ്യമായ ഇടപെടലുകളും മനുഷ്യാവകാശലംഘനവും ആണ് ജുഡീഷ്യല്‍ ആക്ടിവിസത്തിന് വഴി ഒരുക്കുന്നത്.

ജസ്റ്റിസ് ഭഗവതി ഇന്‍ഡ്യന്‍ ഭരണഘടനയോടും ഇന്‍ഡ്യയിലെ ജനങ്ങളോടും ചെയ്ത അക്ഷന്തവ്യമായ തെറ്റായിരുന്നു 1976-ലെ കുപ്രസിദ്ധമായ എ.ഡി.എം. ജബല്‍പ്പൂര്‍ കേസ് വിധി. ഇതിലൂടെ ജസ്റ്റീസ് ഭഗവതി ഉള്‍പ്പെട്ട സുപ്രീംകോടതി ബഞ്ച്, ഒരാള്‍ ഒഴിച്ച്, ഇന്ദിരാഗാന്ധിയുടെ അടിയന്തിരാപരാധങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. അഞ്ചംഗ ബഞ്ചില്‍ ജസ്റ്റീസ് എച്ച്.ആര്‍.ഖന്ന ഒഴിച്ച് മറ്റ് നാലുപേരും അടിയന്തിരാവസ്ഥയില്‍ മൗലികാവകാശങ്ങള്‍ക്കും ജീവനുള്ള അവകാശത്തിനും വരെ സ്ഥാനം ഇല്ലെന്ന് വിധിച്ചു. ഒരാളെ അറസ്റ്റുചെയ്താല്‍ അയാള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അറിയുവാനുള്ള അവകാശം പോലും ഇല്ല.
ഇതിനെ ശരിവച്ച മറ്റ് ജഡ്ജിമാര്‍, എ.എന്‍.റെ, വൈ.വി.ചന്ദ്രചൂഡ്, എം.എച്ച്.ബെഗ് തുടങ്ങിയവര്‍ ആയിരുന്നു.

ഇതിനെ പിന്തുണച്ചതിനെ ഓര്‍ത്ത് ജസ്റ്റീസ് ഭഗവതി പിന്നീട് പരിതപിച്ചിട്ടുണ്ട്. എനിക്ക് തെറ്റ് പറ്റിപ്പോയി. ഭൂരിപക്ഷ വിധിന്യായം തെറ്റായിരുന്നു. ഞാന്‍ ജസ്റ്റീസ് ഖന്നയുമായി, യോജിക്കണം ആയിരുന്നു. ഞാന്‍ പരിതപിക്കുന്നു, അദ്ദേഹം പറയുകയുണ്ടായി. 1973-ല്‍ സുപ്രീം കോടതിയില്‍ ജഡ്ജി ആയി പ്രവേശിച്ച അദ്ദേഹം അന്ന് ചെറുപ്പം ആയിരുന്നുവെന്നും പരിചയസമ്പന്നന്‍ ആയിരുന്നില്ലെന്നും ഇതുപോലുള്ള കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞുകൂടായിരുന്നെന്നും ജസ്റ്റീസ് ഭഗവതി വിലപിച്ചു. പക്ഷേ, അത് വളരെ പ്രമാദമായ ഒരു വീഴ്ച ആയിരുന്നു ജസ്റ്റീസ് ഭഗവതി. താങ്കള്‍ പരിതപിക്കുക എങ്കിലും ചെയ്തു. പക്ഷേ, അതുപോലും ചെയ്യാതെ കടന്നുപോയവരും അല്ലാത്തവരും ആയി എത്രയോ പേരുണ്ട്!
ഇന്‍ഡ്യയുടെ ചീഫ് ജസ്റ്റീസ് ആയി വിരമിച്ച ജസ്റ്റീസ് ഭഗവതി(1985)യുടെ ജീവിതം ഇന്‍ഡ്യയുടെ നീതിന്യായ വ്യവസ്ഥയുടെ ഐതിഹാസികമായി ഒരു ഏട് ആണ്. 96-ാം വയസില്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍ സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തിലെ പ്രഗത്ഭനായ ഒരു ന്യായാധിപനെ ആണ് നഷ്ടപ്പെടുന്നത്.


ജ.പ്രഭുല്ലചന്ദ്ര നട് വര്‍ലാല്‍ ഭഗവതി-1921-2017 (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക