Image

തലകള്‍ ചേര്‍ക്കപ്പെട്ട ഇരട്ട പെണ്‍കുട്ടികളെ ഓപ്പറേഷന്‍ ചെയ്തു വേര്‍പെടുത്തി (കോര ചെറിയാന്‍)

Published on 19 June, 2017
തലകള്‍ ചേര്‍ക്കപ്പെട്ട ഇരട്ട പെണ്‍കുട്ടികളെ ഓപ്പറേഷന്‍ ചെയ്തു വേര്‍പെടുത്തി (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: 2016 ജൂലൈ 24ന് സിസേറിയന്‍ സെക്ഷനിലൂടെ ഇരുതലകളുടെയും മേല്‍ഭാഗം പരസ്പരം ബന്ധിക്കപ്പെട്ട നിലയില്‍ എറിന്‍ ഡിലാനിയും എബി ഡിലാനിയും ഫിലാഡല്‍ഫിയായിലെ കുട്ടികളുടെ ആശുപത്രിയില്‍ ജനിച്ചു. കുട്ടികളുടെ മാതാപിതാക്കളായ റിലിയും ഹെതര്‍ ഡിലാനിയും ഗര്‍ഭധാരണത്തിനുശേഷം പതിനൊന്നാം ആഴ്ചയില്‍ ഇരട്ടകുട്ടികളുടെ തലയുടെ മേല്‍ഭാഗം ബന്ധപ്പെട്ടതായി അറിഞ്ഞയുടനെ കുട്ടികളുടെ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. ഗ്രിഗോറി ഹീവറിനേയും പ്ലാസ്റ്റിക് സര്‍ജനായ ഡോ. ജെസ്സി ടെയിലൊറിനെയും സന്ദര്‍ശിച്ചു. പ്രസിദ്ധരായ ഈ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം 20-ാം ആഴ്ചയില്‍തന്നെ മാതാവായ ഹെതര്‍ സ്‌പെഷ്യല്‍ യൂണിറ്റില്‍ അഡ്മിറ്റായി. ആധുനിക രീതിയിലുള്ള സകല ചികിത്സകളും ഗര്‍ഭിണിയായ ഹെതറിനു ലഭിച്ചു.

തലകള്‍ ബന്ധപ്പെട്ട നിലയില്‍ 10 മാസം മാത്രം ഇന്റന്‍സീവ് കെയറില്‍ ജീവിച്ച കുട്ടികളുടെ ആരോഗ്യനിലിയില്‍ നേരിയ അഭിവൃദ്ധി ഉണ്ടായതിനുശേഷമാണ് ഓപ്പറേഷന്‍ നടത്തിയത്. തികച്ചും വിജയകരമായി തലകള്‍ തമ്മില്‍ വേര്‍പെടുത്തുന്ന സര്‍ജറി കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും വിവിധതരം വിനാശകരമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യതകള്‍ വളരെയാണ്. 11 മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണ്ണമായ ഓപ്പറേഷനിലൂടെ ഇരുതലകളേയും ബന്ധിപ്പിക്കുന്ന ക്രാണിയല്‍ ബ്ലഡ് വെസല്‍സിനെയും, തലച്ചോറിനെ സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള ഡ്യുറ എന്ന ചര്‍മ്മത്തിനെയും വേര്‍പെടുത്തുന്ന പ്രക്രിയ തികച്ചും സങ്കീര്‍ണ്ണമാണ്.

ദിവംഗതനായ മുന്‍ അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ എവററ്റ് കൂപ് പത്തില്‍പ്പരം വേര്‍പെടുത്തല്‍ സര്‍ജറി നടത്തിയിട്ടുണ്ട്. എന്നാല്‍ തലകള്‍ ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ വിജയകരമായി ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല.

വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടികളുടെ ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ എറിനും എബിയും ഗാഢമായ മോണിറ്ററിങ്ങില്‍ കഴിയുന്നു. ഈ പൈതങ്ങളുടെ 10 മാസ ജീവിതത്തില്‍ ആദ്യമായി വേര്‍പിരിഞ്ഞു രണ്ടു ചെറിയ കിടക്കകളിലായി സൈ്വര്യമായി ശയിക്കുന്നു. 30 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്റെ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിനു ശേഷമാണ് 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആരംഭിച്ചത്. ഓരോ കിലോഗ്രാം മാത്രം തൂക്കമുള്ള എറിനും, എബിയും 10 ആഴ്ചകള്‍ പ്രീമച്വര്‍ ആയിട്ടാണ് ഓപ്പറേഷന്‍ മുഖാന്തിരം ജനിച്ചത്. സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയക്കു മുമ്പായി തന്നെ മാനസികമായും ശാരീരികമായും ഈ കുട്ടികള്‍ക്ക് ഉണ്ടാകുവാന്‍ സാധ്യതയുള്ള വൈകല്യങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവത്കരിച്ചു. ഏതാനും ആഴ്ചകള്‍ക്കുശേഷം ഈ പിഞ്ചു പൈതങ്ങളെ ആശുപത്രിയില്‍നിന്നും സ്വന്തം വീ"ിലേയ്ക്ക് കൊണ്ടുപോകാമെന്ന ശുഭപ്രതീക്ഷയില്‍ മാതാപിതാക്കള്‍ കഴിയുന്നു.

ഒരു കോടി ഇരുപത്തിയാറു ലക്ഷം ജനസംഖ്യയുള്ള ഇന്‍ഡ്യയില്‍ ശാരീരികമായി ബന്ധപ്പെട്ട അഥവാ കണ്‍ജോയിന്റ് ഇരട്ടകുട്ടികളുടെ ജനനം സംബന്ധിച്ച വാര്‍ത്തകള്‍ ഓര്‍മ്മയില്‍ ഇല്ല. അന്ധവിശ്വാസവും മ്ലേശ്ചമായ സാമൂഹ്യസമ്മര്‍ദ്ധവും മൂലം ഒരുപക്ഷേ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ വികൃതരായ ഇരട്ടകുട്ടികളെ ഗര്‍ഭഛിദ്രം നടത്തി നശിപ്പിക്കുന്നതായിരിക്കും.

കോര ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക