Image

ഒറ്റവര്‍ഷം അഭയാര്‍ഥികളായത് ആറരക്കോടി ആളുകള്‍

Published on 20 June, 2017
ഒറ്റവര്‍ഷം അഭയാര്‍ഥികളായത് ആറരക്കോടി ആളുകള്‍
  ബര്‍ലിന്‍: ഇന്ന് ലോക അഭയാര്‍ഥി ദിനം. ഒരു വര്‍ഷംകൊണ്ടു മാത്രം യുദ്ധവും ആഭ്യന്തര സംഘര്‍ഷവും ചേര്‍ന്ന് സ്വന്തംമണ്ണില്‍നിന്ന് പറിച്ചെറിഞ്ഞത് 6.5 കോടി ജനതയെയെന്ന് ഇതോടനുബന്ധിച്ചു പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ യുനൈറ്റഡ് നേഷന്‍സ് ചൂണ്ടിക്കാട്ടുന്നു. 

അഭയാര്‍ഥികളുടെ എണ്ണത്തില്‍ പോയവര്‍ഷം റെക്കോഡിട്ടു. 4.03 കോടി ആഭ്യന്തരമായി സ്വന്തം വീടുകളില്‍നിന്നും ദേശങ്ങളില്‍നിന്നും പുറന്തള്ളപ്പെട്ടതെങ്കില്‍ 2.8 കോടിയോളമാണ് അഭയംതേടി പുറത്തേക്കിറങ്ങിയത്. 

2015ന്റെ അവസാനത്തിലെ 3,00,000 ത്തില്‍ നിന്നാണ് 2.8 കോടിയിലേക്ക് പുറം അഭയാര്‍ഥികളുടെ എണ്ണം കുതിച്ചുയര്‍ന്നതെന്ന് യുനൈറ്റഡ് നേഷന്‍സ് ഹൈകമീഷണര്‍ ഫോര്‍ റെഫ്യൂജീസ് (യുഎന്‍എച്ച്‌സിആര്‍) അറിയിച്ചു. ലോക അഭയാര്‍ഥിദിനത്തോടനുബന്ധിച്ചാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 

കണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന റെക്കോഡ് കണക്കാണിതെന്നും പറയുന്നു. ഇവര്‍ക്കുവേണ്ടി മുന്‌പെന്നെത്തേക്കാളും ഉച്ചത്തില്‍ ശബ്ദിക്കേണ്ട സമയമാണിതെന്നും ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനും തടയിടാനും ഐക്യം ആവശ്യമുണ്ടെന്നും യുഎന്‍ പറഞ്ഞു. 

ഓരോ മൂന്നു സെക്കന്‍ഡിലും ഓരോരുത്തര്‍ വീതം അഭയാര്‍ഥികള്‍ ആക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 2016ല്‍ രജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികളില്‍ പകുതിയും കുട്ടികളായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ സിറിയയില്‍നിന്നുമാണ്. 2016ല്‍ മാത്രം 1.2 കോടി ആളുകളാണ് സിറിയയില്‍നിന്നു മാത്രം അഭയാര്‍ഥികളായത്. ആറു വര്‍ഷം പിന്നിട്ട സംഘര്‍ഷത്തില്‍ 6.3 കോടി പേര്‍ രാജ്യത്തിനകത്തുമാത്രം ചിതറിത്തെറിക്കപ്പെട്ടു. അഥവാ മൂന്നില്‍ രണ്ടു പേരും ഭവനരഹിതരായി. ദക്ഷിണ സുഡാനാണ് അഭയാര്‍ഥികളുടെ എണ്ണത്തില്‍ മുന്നിലുള്ള മറ്റൊരു രാജ്യം. അഫ്ഗാനിസ്താന്‍, ഇറാഖ്, ഫലസ്തീന്‍, പാകിസ്താന്‍, ലബനാന്‍, ഇറാന്‍, യുഗാണ്ട, ഇത്യോപ്യ എന്നീ നാടുകളും സ്വന്തം മണ്ണില്‍ അഭയമറ്റവരുടെ വേദനകളിലൂടെ കടന്നുപോവുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക