Image

ഫിലിം ഫെസ്റ്റിവല്‍ സ്വതന്ത്രമായിരിക്കണം: തോമസ്‌ ഐസക്‌

ആഷ എസ്‌ Published on 21 June, 2017
 ഫിലിം ഫെസ്റ്റിവല്‍ സ്വതന്ത്രമായിരിക്കണം:  തോമസ്‌ ഐസക്‌


ചലച്ചിത്രമേളകള്‍ സ്വതന്ത്രമായിരിക്കണമെന്നാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന്‌ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്‌. പത്താമത്‌ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പാര്‍ശ്വവത്‌കരികരിക്കപ്പെട്ടവരുടെ ജീവിതമാണ്‌ ചലച്ചിത്രമേളയുടെ കേന്ദ്രബിന്ദു. ഇത്തരം ജീവിതം പൊതുസമൂഹത്തിനു മുന്നില്‍ എത്തരുതെന്ന ഉദ്ദേശ്യമാണ്‌ അത്‌ പ്രമേയമാക്കുന്ന ചലച്ചിത്രങ്ങള്‍ക്ക്‌ എതിരെയുള്ള വിലക്ക്‌. ഇത്തരം വിലക്കുകള്‍ക്കെതിരെ സാംസ്‌കാരികതലത്തില്‍ നിന്നുള്ള ശക്തമായ പ്രതിഷേധം ഉയരണമെന്നും വിലക്ക്‌ ഏര്‍പ്പെടുത്തിയ ചിത്രങ്ങള്‍ ക്യാമ്പസുകളിലും ഫിലിം സൊസൈറ്റികളിലും പ്രദര്‍ശിപ്പിക്കുന്നതിലൂടെയും പുതിയ സിനിമകള്‍ നിര്‍മ്മിക്കുന്നതിലൂടെയും ഈ പ്രതിസന്ധി മറികടക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ഡോക്യുമെന്ററി-ഹ്രസ്വചിത്രങ്ങള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം ഓണ്‍ലൈന്‍ വഴി പ്രദര്‍ശിപ്പിക്കുന്നതിനുള്ള ശ്രമം അക്കാദമിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകണം. 

ആഴ്‌ചയില്‍ ഒരു ദിവസം ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും പ്രദര്‍ശനത്തിന്‌ അക്കാദമി മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവല്‍ കോംപ്ലക്‌സ്‌ എന്ന സ്വപ്‌നം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 

സത്യസന്ധമായി സിനിമയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഇന്നും പ്രതിസന്ധിയില്‍ തന്നെയാണെന്ന്‌ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മുതിര്‍ന്ന ചലച്ചിത്രകാരന്‍ കെ.പി. കുമാരന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയില്‍ 50 വര്‍ഷം മുന്‍പുണ്ടായിരുന്ന അതേ പ്രശ്‌നങ്ങള്‍ ഇന്നും തുടരുകയാണ്‌. 

മലയാള സിനിമയ്‌ക്ക്‌ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ചലച്ചിത്രകാരന്‍ കെ.പി. കുമാരന്‌ അക്കാദമി ചെയര്‍മാന്‍ കമല്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
മേളയില്‍നിന്നും മൂന്നു ചിത്രങ്ങള്‍ ഒഴിവാക്കാനുള്ള നീക്കത്തില്‍ അക്കാദമി പ്രതിഷേധം അറിയിച്ചിരുന്നതായി ചടങ്ങില്‍ സ്വാഗതം പറഞ്ഞ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വെളിപ്പെടുത്തി. 

 ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി നില്‍ക്കുന്നവരോടൊപ്പം തന്നെയാണ്‌ അക്കാദമിയെന്നും സിനിമാപ്രേമികള്‍ക്ക്‌ അനുകൂലമായ വിധി വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വിജയികള്‍ക്കുള്ള പുരസ്‌കാരം മന്ത്രി തോമസ്‌ ഐസക്‌ വിതരണം ചെയ്‌തു. ജൂറി അംഗങ്ങള്‍ക്കും അക്കാദമി ചെയര്‍മാന്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ സെക്രട്ടറി മഹേഷ്‌ പഞ്ചു നന്ദി രേഖപ്പെടുത്തി. 

മേയര്‍ വി.കെ. പ്രശാന്ത്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. മധു, അക്കാദമി വൈസ്‌ ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, ജൂറി അംഗങ്ങളായ റിതു സരിന്‍, ആന്‍ഡ്രൂ വെയില്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. 

മേളയില്‍ നിന്ന്‌ മൂന്നു ചിത്രങ്ങള്‍ക്ക്‌ പ്രദര്‍ശനാനുമതി നിഷേധിച്ച നടപടിയില്‍ മേളയില്‍ പങ്കെടുത്ത സംവിധായകര്‍ പരസ്യമായി പ്രതിഷേധം അറിയിക്കുകയും സംവിധായകരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക